Districts

കുരിശ് പൊളിച്ചുമാറ്റി പള്ളിവക ക്വാറി: താമരശ്ശേരി ബിഷപ്പിനെതിരേ വിശ്വാസികള്‍

താമരശ്ശേരി: കരിങ്കല്‍ ക്വാറിക്കായി പള്ളി ഉപേക്ഷിക്കുകയും സമീപത്തെ കുരിശ് പൊളിച്ചുമാറ്റുകയും ചെയതത് വ്യാപക പ്രതിഷേധത്തിനു കാരണമാവുന്നു.താമരശ്ശേരി രൂപതയുടെ കീഴിലുള്ള കൂടരഞ്ഞി പുഷ്പഗിരിയിലെ ലിറ്റില്‍ ഫളവര്‍ ചര്‍ച്ചാണ് അഞ്ച് വര്‍ഷം മുമ്പ് ഉപേക്ഷിക്കുകയും സമീപത്തെ കുരിശ് പൊളിച്ചുമാറ്റുകയും ചെയ്തത്. ഇത് കരിങ്കല്ല് ക്വാറി നടത്തുന്നതിനു വേണ്ടിയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മലയോര കര്‍ഷകര്‍ക്കായി നിരന്തരം ശബ്ദിക്കുന്ന താമരശ്ശേരി രൂപതയുടെ ക്വാറി നടത്തിപ്പ് പുറത്തായതോടെ സഭ വെട്ടിലായി. കൂടരഞ്ഞി പുഷ്പഗിരിയിലും ചുണ്ടത്തുംപൊയിലിലുമാണ് ചര്‍ച്ച് വക ക്വാറി നടത്തിയിരുന്നത്. ജിയോളജി വകുപ്പില്‍നിന്നും ലഭിച്ച വിവരാവകാശ രേഖയാണ് കര്‍ഷക സ്‌നേഹത്തിനു പിന്നിലെ ക്വാറിബന്ധം പുറത്തെത്തിച്ചത്.

പുഷ്പഗിരി ലിറ്റില്‍ ഫഌവര്‍ ചര്‍ച്ചിനോട് ചേര്‍ന്നുള്ള ക്വാറിക്ക് 19 തവണ ലൈസന്‍സ് പുതുക്കിയത് വികാരിയാണെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. 13,1870 രൂപയാണ് ഇതിനായി കരമടച്ചത്. ചുണ്ടത്തും പൊയില്‍ സെന്റ് ജോര്‍ജ് ചര്‍ച്ചിനോട് ചേര്‍ന്നുള്ള ക്വാറിക്ക് 79233 രൂപ കരമടച്ചാണ് വികാരി 10 തവണ ലൈസന്‍സ് പുതുക്കിയത്.  2011 വരെയാണ് രണ്ട് ക്വാറികള്‍ക്കും ലൈസന്‍സ് ലഭിച്ചിരുന്നത്. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ ശുപാര്‍ശ കാരണം ലൈസന്‍സ് പുതുക്കാനായില്ല. ഇതോടെ ചുണ്ടത്തുംപൊയിലിലെ ക്വാറിയില്‍ വ്യാജ മണല്‍ നിര്‍മാണം ആരംഭിച്ചു. നാട്ടുകാര്‍ നിരന്തരം പരാതിപ്പെടുമ്പോള്‍ പോലിസ് പിടികൂടുമെങ്കിലും ദിവസങ്ങള്‍ക്കകം മണല്‍ നിര്‍മാണം പുനരാരംഭിക്കുമെന്നും ഇടവക അംഗങ്ങള്‍ നോട്ടീസ് വിതരണം നടത്തിയതിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു. വലിയ കുന്നുകള്‍ ഇടിച്ചാണ് രൂപതയുടെ വക വ്യാജ മണല്‍ നിര്‍മാണം.

ഇതിനെതിരേ പ്രതികരിക്കുന്നവര്‍ക്കെതിരേ ഉന്നത ഇടപെടല്‍ കാരണം കള്ളക്കേസുകള്‍ ചുമത്തിയതായും ഇവര്‍ ആരോപിക്കുന്നു.താമരശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ കസ്തൂരിരംഗന്‍ റിപോര്‍ട്ടിനെതിരായ സമരം ക്വാറിമാഫിയകളെ സഹായിക്കാനാണെന്ന് നേരത്തേ ആക്ഷേപം ഉയര്‍ന്നിരുന്നു. വനം വകുപ്പ് ഓഫിസിന് തീവച്ചു നിരവധി കേസുകളുടെ രേഖകള്‍ അഗ്നിക്കിരയാക്കിയിരുന്നു. ഇവിടെ മാത്രം കോടികളുടെ നഷ്ടം ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇതിനു പുറമേ പോലിസിനെ ആക്രമിച്ചതും ക്വാറി മാഫിയാണെന്നും അതിനാല്‍ എല്ലാ കേസുകളും പിന്‍വലിക്കണമെന്നും രൂപത ആവശ്യപ്പെടുകയും സര്‍ക്കാര്‍ വഴങ്ങുകയും ചെയ്തതിന് പിന്നാലെയാണ് രൂപതയുടെ ക്വാറി നടത്തിപ്പ് പുറത്തായത്.
Next Story

RELATED STORIES

Share it