Flash News

കുരിശു പൊളിക്കല്‍ സബ് കളക്ടര്‍ക്കെതിരെയുള്ള വാളാക്കി സിപിഎം

കുരിശു പൊളിക്കല്‍ സബ് കളക്ടര്‍ക്കെതിരെയുള്ള വാളാക്കി സിപിഎം
X


മൂന്നാര്‍: സര്‍ക്കാര്‍ ഭൂമി കൈയ്യേറി സ്ഥാപിച്ച കുരിശ് പൊളിച്ചു നീക്കിയ സംഭവം വിവാദമാക്കുന്നതിലൂടെ സിപിഎം ലക്ഷ്യമിടുന്നത് ദേവികുളം സബ് കളക്ടറെയാണെന്ന് വ്യക്തമായി. നാളുകളായ സബ് കളക്ടര്‍ ശ്രീരാം വെങ്കിട്ടരാമനെതിരെ പ്രത്യക്ഷ സമര രംഗത്തുള്ള സിപിഎമ്മിന് കിട്ടിയ വടിയാണ് കുരിശു പൊളിക്കല്‍. വിശ്വാസി സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന ആക്ഷേപവുമായി സിപിഎം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍, വൈദ്യുതി മന്ത്രി എം.എം മണി, എസ് രാജേന്ദ്രന്‍ എംഎല്‍എ തുടങ്ങിയവര്‍ രംഗത്തെത്തിയതിലും അതിശയോക്തിയില്ല. മൂന്നാറിലെ സിപിഎം നേതാക്കളുടെ കൈയ്യേറ്റങ്ങളെ കുറിച്ച് റവന്യു വകുപ്പ് അന്വേഷണം ഊര്‍ജിതമാക്കിയതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചിരിക്കുന്നത്. പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ പ്രതികരണവും ഇതിനോടു ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. പാപ്പാത്തിച്ചോലയിലെ കുരിശു പൊളിക്കുന്നതിനുള്ള നീക്കം റവന്യു മന്ത്രിയും വകുപ്പിലെ ഉന്നതരും മുന്‍കൂട്ടി അറിഞ്ഞിരുന്നുവെന്ന് ചില റവന്യു ജീവനക്കാര്‍ ''തേജസി''നാട് വ്യക്തമാക്കി. കൂടാതെ മഖ്യമന്ത്രി നേതൃത്വം വഹിക്കുന്ന അഭ്യന്തര വകുപ്പില്‍ നിന്നും നൂറു പോലിസുകാരേയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി നിയോഗിച്ചത്. റേഞ്ച് ഐ.ജി, ജില്ലാ പോലിസ് മേധാവി, ഇന്റലിജന്‍സ് മേധാവി അടക്കമുള്ളവരുടെ അറിവില്ലാതെ ഇത്രയും പോലിസുകാരെ നിയോഗിക്കാന്‍ കഴിയില്ല. കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന് മുന്നോടിയായി പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ ആക്ഷേപം. മൂന്നാറിലെ കൈയ്യേറ്റ വിഷയത്തില്‍ സിറ്റിംഗ് എംഎല്‍എ, ഏരിയാ ലോക്കല്‍ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പ്രതികളായതോടെ പുതിയ കുരിശു വിവാദം ഉയര്‍ത്തി ശ്രീരാം വെങ്കിട്ടരാമനെ തല്‍സ്ഥാനത്തു നിന്നും നീക്കി നേതാക്കളെ രക്ഷിക്കുകയെന്ന ലക്ഷ്യം മാത്രമാണ് ഈ ഘട്ടത്തില്‍ സിപിഎമ്മിനുള്ളത്. ഇതിനിടെ പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മൂന്നാറിലെ ഒഴിപ്പിക്കല്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുമെന്ന സൂചനയും പുറത്തു വരുന്നുണ്ട്. സിപിഎം-  സിപിഐ തര്‍ക്കം ഒഴിപ്പിക്കല്‍ നടപടിയുടെ പശ്ചാത്തലത്തില്‍ മുറുകിയതോടേയാണ് ഈ നീക്കം.



[related]
Next Story

RELATED STORIES

Share it