Flash News

കുരിശു നാട്ടിയ ക്രിസ്ത്യന്‍ സംഘടനയ്‌ക്കെതിരെ കേസെടുത്തു

കുരിശു നാട്ടിയ ക്രിസ്ത്യന്‍ സംഘടനയ്‌ക്കെതിരെ കേസെടുത്തു
X


മൂന്നാര്‍: പാപ്പാത്തിച്ചോലയില്‍ കുരിശുനാട്ടി രണ്ടായിരത്തിലധികം ഏക്കര്‍ ഭൂമി കൈയ്യേറിയ സംഭവത്തില്‍ സ്പിരിറ്റ് ഇന്‍ ജീസസ് എന്ന ക്രിസ്ത്യന്‍ സംഘടനയ്‌ക്കെതിരെ പോലീസ് കേസെടുത്തു. സംഘടനയുടെ മേധാവി ടോം സ്‌കറിയ, ഇയാളുടെ സഹായി പൊറിഞ്ചു എന്നിവര്‍ക്കെതിരേയാണ് ശാന്തന്‍പാറ പോലിസ് കേസെടുത്തിരിക്കുന്നത്. സര്‍ക്കാര്‍ ഭൂമിയില്‍ അതിക്രമിച്ചു കയറിയതിനും ഭൂമിയില്‍ കൈയ്യേറ്റത്തിനുമാണ് ടോം സ്‌കറിയക്കെതിരായ കേസിനാധാരം. എന്നാല്‍ കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യു സംഘത്തെ തടഞ്ഞതിനാണ് തൃശൂര്‍ മണ്ണൂത്തി സ്വദേശി പൊറിഞ്ചുവിനെതിരെ കേസെടുത്തിരിക്കുന്നത്.
ഉടുമ്പന്‍ചോല അഡിഷനല്‍ തഹസില്‍ദാര്‍ ടി.കെ ഷാജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശാന്തന്‍പാറ പോലിസ് കേസെടുത്തിരിക്കുന്നത്. 1957ലെ ഭൂ സംരക്ഷണ നിയമത്തിലെ 447, 7 എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. സ്പിരിച്ചല്‍ ടൂറിസത്തിന്റെ മറവില്‍ സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടന ചിന്നക്കനാല്‍ വില്ലേജിലെ 2122 ഏക്കര്‍ ഭൂമിയാണ് കൈയ്യേറിയത്. കൈയ്യേറിയ ഭൂമിയില്‍ കുരിശു നാട്ടിയാണ് പ്രദേശം സ്വന്തമാക്കാന്‍ സംഘടന ശ്രമിച്ചത്. കുരിശു സ്ഥാപിച്ചതിനു പുറമെ പ്രാര്‍ത്ഥനയ്‌ക്കെന്ന പേരില്‍ സര്‍ക്കാര്‍ ഭൂമിയില്‍ ഷെഡും കുടിലുകളും നിര്‍മ്മിച്ചിരുന്നു. ഇവ പൊളിച്ചു നീക്കുന്നതിന് എത്തിയ റവന്യു ഉദ്യോഗസ്ഥരെ ജീപ്പ് റോഡിന്റെ മധ്യത്തിലിട്ട് തടയുകയായിരുന്നു. ഉദ്യോഗസ്ഥരെ മണ്ണൂത്തി സ്വദേശി പൊറിഞ്ചുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തടഞ്ഞത്. ഇതോടെ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിനും കേസെടുക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് രണ്ടു പ്രതികളും ഒളിവില്‍ പോയതായി മൂന്നാര്‍ ഡി.വൈ.എസ്.പിയുടെ ഓഫീസ് അറിയിച്ചു. ഇതിനിടെ പ്രദേശത്തെ തോട്ടം തൊഴിലാളികളുടെ വീടുകള്‍ ഉദ്യോഗസ്ഥര്‍ പൊളിച്ചുവെന്നാരോപിച്ച് പ്രദേശവാസികളായ ചില സിപിഎം അനുഭാവികള്‍ മുഖ്യമന്ത്രിക്കും ശാന്തന്‍പാറ പോലിസിനും പരാതി നല്‍കി. എന്നാല്‍ ഉദ്യോഗസ്ഥരെ നിര്‍വീര്യമാക്കുന്നതിനുള്ള ശ്രമങ്ങളാണ് പരാതികള്‍ക്ക് പിന്നിലെന്ന് ആക്ഷേപമുണ്ട്.



[related]
Next Story

RELATED STORIES

Share it