Idukki local

കുരിശുമല : മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതെന്നു സൂചന



സി എ സജീവന്‍

തൊടുപുഴ: ചിന്നക്കനാല്‍ വില്ലേജിലെ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി സ്ഥാപിച്ച കുരിശുകള്‍ പൊളിച്ചു നീക്കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കലക്ടറെ ശാസിച്ചത് കാര്യങ്ങള്‍ നേരായി മനസ്സിലാക്കാതെയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ദു:ഖവെള്ളിയാഴ്ച പ്രാര്‍ഥിക്കുന്നതിനായി സ്ഥാപിച്ചതെന്നാണ് മുഖ്യമന്ത്രിയും സിപിഎം ഇടുക്കി ജില്ലാ നേതൃത്വവും പറയുന്നത്.എന്നാല്‍ ഇത് വസ്തുതുതാ വിരുദ്ധമാണെന്നു അന്വേഷിച്ചാല്‍ ആര്‍ക്കും ബോധ്യപ്പെടുന്നതാണ്. ഇടുക്കി ജില്ലയില്‍ വിവിധ മലകളില്‍ ക്രൈസ്തവ സഭാ നേതൃത്വം അറിഞ്ഞും അറിയാതെയും കുരിശുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ദു:ഖവെള്ളിക്കെന്ന പേരില്‍ സ്ഥാപിക്കുന്ന കുരിശും സമീപഭൂമിയും പിന്നീട് കൈയേറുന്ന കാഴ്ചകള്‍ ജില്ലയില്‍ നിരവധിയാണ്. കഞ്ഞിക്കുഴി പഞ്ചായത്തിലെ പാഞ്ചാലിമേട്ടിലും അറക്കുളം തുമ്പച്ചിമലയിലുമെല്ലാം പരീക്ഷിച്ചു വിജയിച്ച കൈയേറ്റ മാര്‍ഗമാണിതെന്നു റവന്യു ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. മതച്ചിഹ്നത്തിന്റെ പേരിലാകുമ്പോള്‍ നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥരും പിന്തുണ നല്‍കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികളും മടിക്കും. ഇത് മുതലെടുത്താണ് പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറിയത്.ക്രൈസ്തവ സംഘടനയുടെ പേരില്‍ ഇവിടെ ഭൂമി കൈയേറിയത് ചിന്നക്കനാലിലെ പരമ്പരാഗത കൈയേറ്റ മാഫിയാ കുടുംബമാണ്. ഭൂമി കൈയേറിയതിന്റെ പേരില്‍ ഇവര്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ രാഷ്ട്രീയക്കാരെ വിലയ്ക്കു വാങ്ങിയാണ് കുരിശുകള്‍ പണിതുയര്‍ത്തിയത്. ചിന്നക്കനാലിലെ ഭൂമിയുടെ നല്ലൊരു ഭാഗം അനധികൃതമായി കൈയ്യടക്കിവച്ചിരിക്കുന്ന ഈ കുപ്രസിദ്ധ കുടുംബത്തിനെതിരെ നിരവധി അന്വേഷണ റിപോര്‍ടുകള്‍ സര്‍ക്കാരിനു മുമ്പിലുണ്ട്. എന്നാല്‍ ഒരു നടപടിയും  ഉണ്ടായിട്ടില്ല.ചിന്നക്കനാലിലെ സിപിഎം നേതാവ് വി എക്‌സ് ആല്‍ബിനാണ് ഇവരുടെ പ്രധാന ഇടനിലക്കാരന്‍. ഇയാള്‍ക്കെതിരേയും നിരവധി അന്വേഷണ റിപോര്‍ടുകള്‍ സര്‍ക്കാരിന് മുമ്പിലുണ്ട്. കഴിഞ്ഞ 15ന് കുരിശ് പൊളിച്ചു നീക്കാനെത്തിയ അഡീ.തഹസീല്‍ദാരുടെ നേതൃത്വത്തിലുള്ള ഭൂസംരക്ഷണസേനയെ കൈയേറ്റക്കാരനും കൂട്ടരും ചേര്‍ന്ന് തടഞ്ഞത് വാര്‍ത്തയായിരുന്നു. എന്നാല്‍ സിപിഎമ്മിന്റെ ഉന്നത നേതാവും വൈദ്യുതി മന്ത്രിയുമായ എം എം മണി ഇടപെട്ട് സംഘത്തെ തിരിച്ചയക്കുകയായിരുന്നു. മടങ്ങിപ്പോയ അഡീ.തഹസീല്‍ദാര്‍ ശാന്തമ്പാറ പോലിസില്‍ ഇതു സംബന്ധിച്ചു നല്‍കിയ പരാതിയിലും കാര്യമായ അന്വേഷണമുണ്ടായില്ല. ഭക്തിയുടെ പിന്‍പറ്റി സര്‍ക്കാര്‍ഭൂമി അന്യാധീനപ്പെടുത്താനുള്ള തന്ത്രമാണ് ഇവിടെ സ്വീകരിച്ചിട്ടുള്ളത്.ചിന്നക്കനാലിലും പരിസരത്തുമുള്ള റിസോര്‍ടുകളിലെത്തുന്ന വിദേശികളടക്കമുള്ള ആളുകളെ തന്ത്രപരമായി കുരിശുമലയിലെത്തിച്ചാണ് ഇവിടെ ഭക്തി ടൂറിസം വളര്‍ത്തുന്നത്. കുരിശിന്റെ വഴികളിലൂടെ അലങ്കാരച്ചെടികളും മറ്റും നട്ടുപിടിപ്പിച്ച് ആകര്‍ഷകമാക്കിയിട്ടുമുണ്ട്.ഇതിന്റെ തുടക്കത്തില്‍ പള്ളിയുടെ നിര്‍മാണവും നടക്കുന്നുണ്ട്. താല്‍ക്കാലിക ഷെഡെന്നു പറഞ്ഞാണ് ഇത് നിര്‍മ്മിച്ചത്.ഇന്നലെ ഇവയെല്ലാം റവന്യുസംഘം കത്തിച്ചുകളഞ്ഞു.
Next Story

RELATED STORIES

Share it