Idukki local

കുരിശുകള്‍ നീക്കിയത് ശക്തമായ ഭരണകൂട നിലപാടില്‍



തൊടുപുഴ: ചിന്നക്കനാലിന് സമീപം പാപ്പാത്തിചോലയില്‍ ഭൂമാഫിയ കയ്യേറി കുരിശ് സ്ഥാപിച്ച സ്ഥലം റവന്യു വകുപ്പ് ഒഴിപ്പിച്ച സംഭവം ജില്ലയുടെ ചരിത്രത്തില്‍ ആദ്യത്തേത്. മുമ്പും കഞ്ഞിക്കുഴി,അറക്കുളം പഞ്ചായത്തുകളിലുള്‍പ്പടെ പലയിടങ്ങളിലും ഭൂമി കൈയേറി കുരിശുകള്‍ സ്ഥാപിച്ചെങ്കിലും അവയൊന്നും പൊളിച്ചു നീക്കാനുള്ള ആര്‍ജവം ജില്ലാ ഭരണകൂടത്തിനുണ്ടായില്ല. ചിന്നക്കനാല്‍ വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 34/1 ല്‍ പ്പെട്ട 200 ഏക്കര്‍ സ്ഥലമാണ് ഇന്നലെ ഒഴിപ്പിച്ചത്. തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടനയാണ് ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ചത്. കുരിശ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സംഘടനയുടെ സ്ഥാപകരില്‍ ഒരാളായ ടോമി സ്‌കറിയക്ക് ഒരാഴ്ച മുന്‍പ് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ സമയപരിധി കഴിഞ്ഞിട്ടും കുരിശ് നീക്കം ചെയ്യാന്‍ സംഘടന തയ്യാറായില്ല.തുടര്‍ന്നാണ്  ദേവികുളം സബ്കലക്ടര്‍ വി ശ്രീറാമിന്റെ നിര്‍ദ്ദേശപ്രകാരം ഭൂമി കയ്യേറി സ്ഥാപിച്ച കുരിശും അതിനോട് ചേര്‍ന്നുണ്ടായിരുന്ന ഷെഡ്ഡുകളും പൊളിച്ച് നീക്കിയത്. ഇന്നലെ പുലര്‍ച്ചെ നാലരയോടെ ദേവികുളം തഹസില്‍ദാര്‍ പി കെ ഷാജി, ഉടുമ്പന്‍ചോല അഡീഷ്ണല്‍ തഹസില്‍ദാര്‍ എം കെ ഷാജി, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ സി പി ബാബു, സീമ ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള 30 അംഗസംഘവും, പോലിസ്, ഭൂസംരക്ഷണസേന, അഗ്‌നിശമനസേന ഉദ്യോഗസ്ഥരും ചേര്‍ന്ന് ദേവികുളത്ത് നിന്നും കൈയേറ്റമൊഴിപ്പിക്കാനായി യാത്ര തിരിച്ചത്.ദേവികുളം സി ഐ, സി ആര്‍ പ്രമോദിന്റെ നേതൃത്വത്തില്‍ ദേവികുളം, ശാന്തമ്പാറ, വെള്ളത്തൂവല്‍, മൂന്നാര്‍ പോലിസ് സ്റ്റേഷനുകളില്‍ നിന്നും ഇടുക്കി എ ആര്‍ ക്യാമ്പില്‍ നിന്നുമുള്‍പ്പെടെ നൂറിലധികം പോലിസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. ആറ് മണിയോടെ ചിന്നക്കനാലിലെത്തിയ സംഘം പാപ്പാത്തിച്ചോലയിലേക്ക് പോയി. ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് കടന്നുപോകാന്‍ പറ്റാത്ത വിധം പാപ്പാത്തിച്ചോലയിലേക്കുള്ള റോഡില്‍ ഒരു മാരുതി ഒമിനി വാന്‍ പാര്‍ക്ക് ചെയ്തിരുന്നു.  മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഈ വാഹനം റോഡില്‍ നിന്നും നീക്കി.പാപ്പാത്തിച്ചോലയിലേക്കുള്ള റോഡില്‍ പലയിടത്തും കുഴികള്‍ ഉണ്ടാക്കിയിരുന്നു. മണ്ണുമാന്തിയന്ത്രമുപയോഗിച്ച് ഇവ മൂടി. രാവിലെ എട്ടരയോടെയാണ് സംഘം പാപ്പാത്തിച്ചോലയിലെത്തിയത്. പ്രാര്‍ത്ഥനക്കെന്ന വ്യാജേന മൂന്ന് പേര്‍ ഈ സമയം പാപ്പാത്തിച്ചോലയിലുണ്ടായിരുന്നു. കുന്നിന്‍മുകളില്‍ സ്ഥാപിച്ചിരുന്ന ഒരു ടണ്ണിലധികം ഭാരമുള്ള കുരിശിന്റെ കോണ്‍ക്രീറ്റ് അടിത്തറ ഹാമര്‍ഡ്രില്ലര്‍ ഉപയോഗിച്ച് ഇളക്കിയ ശേഷം മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ പൊളിച്ചു നീക്കുമ്പോള്‍  മൂന്ന് പേരും എതിര്‍പ്പുമായി വന്നെങ്കിലും പോലിസ് അറസ്റ്റ് ചെയ്യുമെന്നറിയിച്ചതോടെ ഇവര്‍ മടങ്ങി. ഇതിനു സമീപത്തായി നിര്‍മാണം നടന്നിരുന്ന 500 പേര്‍ക്കിരിക്കാവുന്ന പ്രാര്‍ത്ഥനാഹാളും, മഡ് ഹൗസും  പൊളിച്ചു നീക്കി. ഉച്ചക്ക് ഒരു മണിയോടെയാണ് സംഘം തിരിച്ചിറങ്ങിയത്. കൈയ്യേറ്റമൊഴിപ്പിച്ചതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് റവന്യൂ ഉദ്യോഗസ്ഥര്‍ ഇന്നലെ തന്നെ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചു.
Next Story

RELATED STORIES

Share it