Pathanamthitta local

കുരിശടിയുടെയും കാറിന്റെയും ചില്ലുകള്‍ തകര്‍ത്തു; യുവാവ് അറസ്റ്റില്‍



പത്തനംതിട്ട: മേലെ വെട്ടിപ്പുറത്ത് പള്ളിയുടെ കുരിശടിയുടെയും പ്രസ് ക്ലബ് റോഡില്‍ വീടിനു മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെയും ചില്ലുകള്‍ തകര്‍ത്തു. സംഭവത്തില്‍ വഞ്ചിപ്പൊയ്ക നെല്ലിക്കാട്ടില്‍ വീട്ടില്‍ അജി (32)യെ പോലീസ് അറസ്റ്റ് ചെയ്തു. വെട്ടിപ്പുറം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ കുരിശടിയാണ് കഴിഞ്ഞ ദിവസം രാത്രി തകര്‍ത്തത്. ഈ പള്ളിയുടെ കല്‍വിളക്കുകളും രണ്ടാഴ്ച മുമ്പ്് തകര്‍ത്തിരുന്നു. ഈ സംഭവത്തിനു പിന്നിലും ഇയാളാണെന്ന് സമ്മതിച്ചതായി പോലീസ് പറഞ്ഞു.  കുരിശടിയുടെ മുന്‍പിലെയും പിന്നിലെയും ചില്ലുകള്‍ തകര്‍ന്ന നിലയില്‍ കാണപ്പെടുകയായിരുന്നു. രാവിലെയാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്നാണ് വെട്ടിപ്പുറം റോഡില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നതായി അറിയുന്നത്. പത്തനാപുരം സ്വദേശി ഷീജ ഇവിടെ താമസിക്കുന്ന അമ്മയെ കാണാന്‍ എത്തിയ കാര്‍ ആണ് തകര്‍ത്തത്. ഇവര്‍ രാത്രി കാര്‍ പുറത്തു പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു. കാറിനു സമീപം മദ്യക്കുപ്പി കിടന്നിരുന്നു. നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കഴിഞ്ഞ 16ന് പഴയ ബസ് സ്റ്റാന്‍ഡ് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ രാത്രിയില്‍ എറിഞ്ഞു തകര്‍ത്തതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇതില്‍ നിന്നാണ് പോലീസ് അജിയിലേക്കെത്തുന്നത്. രണ്ടാഴ്ച മുമ്പ് പള്ളിയുടെ മുമ്പിലെ കല്‍ക്കുരിശ് തകര്‍ത്ത രീതി വരെ ഇയാള്‍ പോലീസിനു വിശദീകരിച്ചു കൊടുത്തു. കുരിശടി തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ രാവിലെ ജില്ലാ പോലീസ് മേധാവിയുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ആന്റോ ആന്റണി എംപി, നഗരസഭ അധ്യക്ഷ രജനി പ്രദീപ്, എന്‍എസ്എസ് സംസ്ഥാന പ്രസിഡന്റ് പി.എന്‍.നരേന്ദ്രനാഥന്‍ നായര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. വെട്ടിപ്രത്ത് നടന്ന പ്രതിഷേധക്കൂട്ടായ്മയില്‍ വീണാ ജോര്‍ജ് എംഎല്‍എ, ഭദ്രാസന സെക്രട്ടറി ഫാ. ടൈറ്റസ് ജോര്‍ജ്, വികാരി ഫാ. മാത്യു ടി. ഡാനിയല്‍, ഫാ. ചെറിയാന്‍ ജി. സാമുവല്‍, ഓര്‍ത്തഡോക്‌സ് സഭാ മാനേജിങ് കമ്മിറ്റി അംഗം റെജി മാത്യു മൈലപ്ര, പള്ളി ട്രസ്റ്റി സാബു ഏബ്രഹാം, നഗരസഭാ ഉപാധ്യക്ഷന്‍ പി കെ ജേക്കബ് സംസാരിച്ചു.
Next Story

RELATED STORIES

Share it