wayanad local

കുരങ്ങുപനി: 4,000 പേര്‍ക്ക് പ്രതിരോധ മരുന്നുകള്‍ നല്‍കും

പുല്‍പ്പള്ളി: കുരങ്ങുപനിക്ക് പ്രതിവിധിയായി ഈ വര്‍ഷം ജില്ലയില്‍ 4,000 പേര്‍ക്ക് പ്രതിരോധ മരുന്നുകള്‍ നല്‍കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വച്ചാണ് മരുന്നു വിതരണം ചെയ്യുന്നത്.
സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി, പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രം, ചെതലയം പ്രാഥമികാരോഗ്യ കേന്ദ്രം, നൂല്‍പ്പുഴ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ തുടങ്ങിയ ആരോഗ്യ കേന്ദ്രങ്ങളില്‍ വച്ച് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് പ്രതിരോധ കുത്തിവയ്പ് നടത്തുന്നത്. കഴിഞ്ഞ ദിവസം പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വനംവകുപ്പിലെ 60 ജീവനക്കാര്‍ക്കും ചെതലയം ആരോഗ്യ കേന്ദ്രത്തില്‍ 98 പേര്‍ക്കും പ്രതിരോധ മുന്നുകള്‍ നല്‍കി.
അസുഖം കണ്ടെത്തിയതോടെ കഴിഞ്ഞ വര്‍ഷം തന്നെ പ്രതിരോധ മരുന്നുകള്‍ നല്‍കിത്തുടങ്ങിയിരുന്നു. പിന്നീട് ഒരു മാസത്തിനു ശേഷം രണ്ടാംഘട്ട മരുന്നുകള്‍ വിതരണം ചെയ്തു. അതിനുശേഷം ആറു മാസം കഴിഞ്ഞാണ് മൂന്നാം ഘട്ടത്തിലുള്ള പ്രതിരോധ കുത്തിവയ്പ് എടുക്കേണ്ടത്.
അതിനിടെ, ജില്ലയില്‍ അനുവദിച്ച വൈറോളജി ലാബിന്റെ പ്രവര്‍ത്തനം ഭാഗികമായി സുല്‍ത്താന്‍ ബത്തേരിയില്‍ ആരംഭിച്ചു. ഗവ. ആശുപത്രിയോടനുബന്ധിച്ചാണ് ലാബിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. അതിനാല്‍ ഇനി സംശയകരമായ സാഹചര്യത്തില്‍ രോഗം കണ്ടെത്തിയാല്‍ പരിശോധിക്കുന്നതിനായി രോഗിയുടെ രക്ത സാംപിളുകള്‍ മണിപ്പാലിലേക്ക് അയക്കേണ്ടതില്ല. ഇത്രയും നാള്‍ സംശയമുള്ളവരുടെ രക്തസാംപിളുകള്‍ മണിപ്പാലിലേക്ക് അയച്ച് അവിടെ നിന്നായിരുന്നു പരിശോധന നടത്തിയിരുന്നത്. ഫലം ലഭിക്കാന്‍ മാസങ്ങളോളം കാത്തിരിക്കേണ്ടിയും വരുമായിരുന്നു.
Next Story

RELATED STORIES

Share it