Idukki local

കുയിലിമലയില്‍ ആര്‍ക്കൈവ്‌സ് മ്യൂസിയം നിര്‍മാണത്തിന് തുടക്കമായി



ചെറുതോണി: സംസ്ഥാന പുരാരേഖ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കുയിലിമലയില്‍ നിര്‍മിക്കുന്ന ആര്‍ക്കൈവ്‌സ് മ്യൂസിയത്തിന്റെയും ഹെറിറ്റേജ് സെന്ററിന്റെയും നിര്‍മാണോദ്ഘാടനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. പ്രാദേശിക ചരിത്രരേഖകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് ഓരോ ജില്ലയെപ്പറ്റി പ്രതിപാദിക്കുന്ന ചരിത്രരേഖകള്‍ ശേഖരിച്ച് സൂക്ഷിക്കുന്നതിനും ചരിത്രാന്വേഷികള്‍ക്കും ഗവേഷണ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ ആധുനിക സൗകര്യങ്ങളോടെ പ്രകൃതിക്ക് ഇണങ്ങുന്ന നിര്‍മാണ രീതിയിലാണ് മ്യൂസിയത്തിന്റെ ഹെറിറ്റേജ് സെന്ററും നിര്‍മിക്കുക. പ്രാചീന കാലം മുതല്‍ ആധുനികതവരെയുള്ള ചരിത്ര ശേഷിപ്പുകളും പുരാരേഖകളും സംരക്ഷിച്ച് ഗവേഷകര്‍ക്കും പൊതുജനങ്ങള്‍ക്കും നല്‍കും.കാലാന്തരങ്ങള്‍ പിന്നിടുന്ന ചരിത്ര വസ്തുതകളെ ആധുനിക കാലവുമായി സമന്വയിപ്പിക്കുന്നതിനും സമൂഹത്തിന്റെ സാംസ്‌കാരിക വളര്‍ച്ചക്കും പുരോഗതിക്കും ഉപകരിക്കുന്ന വിധം ചരിത്രരേഖകളും ലിഖിതങ്ങളും താളിയോല ഗ്രന്ഥങ്ങളും ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കുന്നതിനും ആധുനിക സംരക്ഷണ സംവിധാനങ്ങളോടെ പരിപാലിക്കുന്നതിനും ഇവിടെ സൗകര്യമുണ്ടാകുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ചടങ്ങില്‍ വൈദ്യുതി മന്ത്രി എം എം മണി അധ്യക്ഷനായിരുന്നു. ചരിത്ര വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി കട്ടപ്പന ഗവ. കോളജില്‍ ലഭ്യമായ സ്ഥലം ഉപയോഗപ്പെടുത്തി പുരാവസ്തു പുരാരേഖ മ്യൂസിയം ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ റോഷി അഗസ്റ്റിന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ഇടുക്കിയുടെ ചരിത്രത്തിന്റെ ഭാഗമായ ആദിവാസി ഗോത്ര തലവന്‍ കൊലുമ്പന്റെ സ്മരണയ്ക്കായി നിര്‍മിക്കുന്ന സ്മാരകം നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നും എംഎല്‍എ പറഞ്ഞു.ഇ എസ് ബിജിമോള്‍ എംഎല്‍എ, പുരാവസ്തു ഡയറക്ടര്‍ ജെരജികുമാര്‍, എഡിഎം പി ജി രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്തംഗം ലിസമ്മ സാജന്‍, ഗ്രാമപ്പഞ്ചായത്തംഗം അമ്മിണി ജോസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഷാജി കെ കുര്യന്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ പി കെ വിനോദ്, ടി പി ജോസഫ്, പി കെ ജയന്‍, നോബിള്‍ ജോസഫ്, ജോണി ചെറുപറമ്പില്‍, പുരാരേഖ വകുപ്പ് ഡയറക്ടര്‍ പി ബിജു, ആര്‍ക്കൈവിസ്റ്റ് ആര്‍ അശോക് കുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it