കുമ്മനത്തിന്റെ മലപ്പുറം ജിഹാദ്

കുമ്മനത്തിന്റെ മലപ്പുറം ജിഹാദ്
X


ഐക്യകേരളം വരുന്നതിനു മുമ്പും മലബാര്‍ ആയിരുന്നു കേരളത്തില്‍ രാഷ്ട്രീയമായ ഉണര്‍വിനും പുരോഗമനപരമായ പ്രസ്ഥാനങ്ങള്‍ക്കും വേദിയായി നിലനിന്നത്. കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവം ഈ പ്രദേശത്തുനിന്നായിരുന്നു. 1920ല്‍ മഞ്ചേരിയിലാണ് ആദ്യത്തെ കെപിസിസി സമ്മേളനം നടന്നത്. രണ്ടാം സമ്മേളനം നടന്നത് തൊട്ടപ്പുറത്തെ ഒറ്റപ്പാലത്തും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യത്തെ സെല്‍ ആരംഭിച്ചത് 1937ല്‍ കോഴിക്കോട് കല്ലായിയിലെ ഒരു കെട്ടിടത്തിലായിരുന്നുവെന്ന് ഇഎംഎസ് രേഖപ്പെടുത്തിയിട്ടുണ്ട്. 1937ല്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപംകൊണ്ടതും രണ്ടു കൊല്ലം കഴിഞ്ഞ് അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായി രൂപം മാറിയതും ഇതേ പ്രദേശത്തുതന്നെ. 1937ല്‍ തലശ്ശേരിയിലാണ് മുസ്‌ലിംലീഗിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. ജനസംഘത്തിന്റെ ആദ്യകാല പ്രവര്‍ത്തനവും കേന്ദ്രീകരിച്ചത് കോഴിക്കോട് നഗരത്തിലായിരുന്നു. മലയാളി ദേശീയതയുടെ ആശയങ്ങളുടെ വിളനിലമായിരുന്നു മലബാര്‍ എന്ന് ഈ ചരിത്രത്തില്‍ നിന്ന് ആര്‍ക്കും കാണാനാവും. തെക്കന്‍ കേരളത്തില്‍ സാമുദായിക പ്രസ്ഥാനങ്ങള്‍ ശക്തിപ്പെട്ടുവന്ന കാലത്ത് മലബാര്‍ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായ പ്രക്ഷോഭങ്ങളുടെ വേദിയായിരുന്നു. അതിനാല്‍, രാഷ്ട്രീയമായ ചര്‍ച്ചകളും പ്രബുദ്ധമായ നിലപാടുകളും ഈ പ്രദേശത്തിന്റെ പാരമ്പര്യത്തിന്റെ ഭാഗമാണ്. അങ്ങനെയുള്ള നാട്ടില്‍ വന്നാണ് ഈയിടെ കുമ്മനം രാജശേഖരന്‍ ഒരു പ്രഭാഷണം നടത്തിയത്. 'മലബാര്‍ കലാപം കേരളത്തിലെ ആദ്യത്തെ ജിഹാദി കലാപമായിരുന്നു' എന്നാണ് ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ പ്രഖ്യാപിച്ചത്. പയ്യന്നൂരില്‍ നിന്ന് ആരംഭിച്ച ജനരക്ഷായാത്ര മലപ്പുറം ജില്ലയില്‍ എത്തിയ നേരത്താണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. യാത്ര മലബാറിലൂടെ കടന്നുപോയ നേരത്ത് വേങ്ങരയില്‍ ഒരു ഉപതിരഞ്ഞെടുപ്പ് നടക്കുകയായിരുന്നു. 1921ലെ മലബാര്‍ കലാപം നടന്ന പഴയ ഏറനാട് താലൂക്കിലെ മുസ്‌ലിം കേന്ദ്രങ്ങളിലൊന്നാണ് ഈ മണ്ഡലം ഉള്‍പ്പെടുന്ന പ്രദേശം. അവിടെ നടന്ന ജിഹാദി കലാപത്തിനു പ്രതികാരം ചെയ്യാന്‍ പറ്റിയ അവസരം. പക്ഷേ, വോട്ട് എണ്ണിനോക്കിയപ്പോള്‍ കണ്ടത് കുമ്മനത്തിന്റെ പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് കഴിഞ്ഞ തവണ കിട്ടിയതിനേക്കാള്‍ രണ്ടായിരത്തോളം വോട്ട് കുറവ്. എന്തേ വോട്ടര്‍മാര്‍ ജിഹാദികള്‍ക്ക് എതിരായി വോട്ടു ചെയ്തില്ലെന്നു മാത്രമല്ല, കുമ്മനത്തിന്റെ ആരോപണത്തെ ഇങ്ങനെ തള്ളിക്കളഞ്ഞത്? കേരളത്തില്‍ ഹിന്ദു-മുസ്‌ലിം സമുദായങ്ങള്‍ തമ്മില്‍ ഭിന്നത സൃഷ്ടിച്ച് വര്‍ഗീയവൈരത്തിന്റെ അന്തരീക്ഷത്തില്‍ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘപരിവാരം ലൗജിഹാദും ഘര്‍വാപസിയും ജിഹാദി ഭീഷണിയുമൊക്കെ ഓരോ കാലത്ത് അങ്ങാടിയില്‍ വില്‍പനയ്ക്കു വയ്ക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. അതു വളരെ പരിമിതമായ മട്ടില്‍ മാത്രമേ കേരളത്തില്‍ ചെലവാകുന്നുള്ളൂ എന്നത് വേറെ കാര്യം. അതിനൊരു കാരണം കേരളത്തിന്റെ ഉയര്‍ന്ന രാഷ്ട്രീയ സാക്ഷരതയാണ്. അതേപോലെ പ്രധാനമാണ് നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സാമുദായിക സൗഹാര്‍ദത്തിന്റെയും പാരസ്പര്യത്തിന്റേതുമായ കേരളീയ പാരമ്പര്യം. അത് തകര്‍ത്തുകൊണ്ടു മാത്രമേ സംഘപരിവാരത്തിന്റെ വര്‍ഗീയ അജണ്ട കേരളത്തില്‍ നടപ്പാക്കാന്‍ സാധിക്കുകയുള്ളൂ. പക്ഷേ, അതിനെ ചെറുക്കാന്‍ പൊതുവില്‍ എല്ലാ വിഭാഗങ്ങളും സംയമനത്തോടെ നിലപാട് സ്വീകരിക്കുന്നതായും കാണാം. വേങ്ങരയില്‍ കാവിപ്പടയുടെ വോട്ടുനഷ്ടത്തിനും ഒരു കാരണം ഈ അമിത വര്‍ഗീയ പ്രചാരണത്തോടുള്ള ഹിന്ദുസമുദായത്തിലെ ഭൂരിപക്ഷം ജനങ്ങളുടെയും വിയോജിപ്പു തന്നെ. അങ്ങനെയൊരു വിയോജിപ്പ് ഏറ്റവും പ്രകടമായി കാണുന്നത് സമുദായത്തിലെ പ്രബല വിഭാഗമായ പിന്നാക്കക്കാര്‍ക്കിടയിലും ദലിത് വിഭാഗങ്ങള്‍ക്കിടയിലുമാണ്. പൊതുവില്‍ സംഘപരിവാര നേതൃത്വം ഇന്നും സവര്‍ണരില്‍ ഒതുങ്ങിനില്‍ക്കുകയാണ്. അവരുടെ നിലപാടുകളും താല്‍പര്യങ്ങളുമാണ് മിക്കപ്പോഴും ആ പാര്‍ട്ടിയുടെ നയസമീപനങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതും. 1921ലെ കലാപത്തെ സംബന്ധിച്ച കുമ്മനം രാജശേഖരന്റെ പ്രസ്താവനയിലും ബിജെപി-ആര്‍എസ്എസ് നേതൃത്വം നടത്തിവരുന്ന വിഷലിപ്തമായ മുസ്‌ലിംവിരുദ്ധ പ്രചാരവേലയിലും ഇങ്ങനെയൊരു ഗുപ്തമായ വശം നിലനില്‍ക്കുന്നുണ്ട്. മലബാര്‍ കലാപത്തെ ഹിന്ദുക്കള്‍ക്കെതിരേ മുസ്‌ലിം വംശീയവാദികള്‍ നടത്തിയ വര്‍ഗീയസ്വഭാവമുള്ള ഒരു കടന്നാക്രമണമായാണ് കുമ്മനം അടക്കമുള്ള സംഘപരിവാര നേതാക്കള്‍ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നത്. ഇതു സംഘപരിവാരത്തെ സംബന്ധിച്ചിടത്തോളം പുതിയൊരു കാര്യമല്ല. അവരുടെ നേതൃത്വം തുടക്കം മുതലേ ഈ പ്രചാരവേല നടത്തിയിരുന്നു. പക്ഷേ, കലാപം നടന്ന ഏറനാട്, വള്ളുവനാട് താലൂക്കുകളിലെയും സമീപസ്ഥമായ കോഴിക്കോട് അടക്കമുള്ള താലൂക്കുകളിലെയും ജനങ്ങള്‍ പോലും അത് ഒരിക്കലും അംഗീകരിക്കുകയുണ്ടായില്ല. എന്നു മാത്രമല്ല, മലബാര്‍ കലാപത്തിന്റെ സുപ്രധാന വശങ്ങളിലൊന്ന് ബ്രിട്ടിഷ് വിരുദ്ധവും രണ്ട് ജന്മിത്വവിരുദ്ധവും ആയിരുന്നുവെന്നു ചൂണ്ടിക്കാട്ടിയത് ഇതേ പ്രദേശങ്ങളില്‍ ജനിച്ചു വളര്‍ന്ന നേതാക്കളും പണ്ഡിതന്‍മാരും തന്നെയാണ്. അത്തരമൊരു വ്യാഖ്യാനം ആദ്യമായി കലാപത്തിനു നല്‍കിയവരില്‍ മുമ്പന്‍ ഇഎംഎസ് തന്നെയായിരുന്നു. മലബാര്‍ കലാപത്തെ സംബന്ധിച്ച് അതു നടന്ന് അധികം വൈകാതെ അദ്ദേഹം തയ്യാറാക്കിയ 'ആഹ്വാനവും താക്കീതും' എന്ന ലഘുലേഖയില്‍ കലാപത്തിന്റെ ഈ സ്വഭാവത്തെപ്പറ്റി വിശദീകരിക്കുന്നുണ്ട്. കലാപകാലത്ത് കെപിസിസിയുടെ നേതാക്കളായിരുന്ന കെ മാധവന്‍ നായരും എം പി നാരായണമേനോനും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന മോഴികുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടും ഒക്കെത്തന്നെ ജന്മിത്തവും ബ്രിട്ടിഷ് ഭരണത്തിന്റെ ക്രൂരപീഡനങ്ങളും എങ്ങനെയാണ് മലബാറിലെ വെറുമ്പാട്ടകൃഷിക്കാരായ മാപ്പിളമാരെ പ്രക്ഷോഭരംഗത്തേക്കു നയിച്ചത് എന്നതിനെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. അതേ നിഗമനത്തില്‍ തന്നെയാണ് സമീപസ്ഥമായ ചാവക്കാട്ട് ജനിച്ചുവളര്‍ന്ന ചരിത്രകാരന്‍ ഡോ. കെ എന്‍ പണിക്കരും തന്റെ അക്കാദമിക പഠനത്തില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. പണിക്കരുടെ പഠനം 'മലബാര്‍ കലാപം: പ്രഭുത്വത്തിനും രാജവാഴ്ചയ്ക്കുമെതിരേ' എന്ന പേരില്‍ മലയാളത്തിലും പ്രസിദ്ധീകരിച്ചിരുന്നു. മലബാര്‍ കലാപത്തെ സംബന്ധിച്ചു പരപ്പനങ്ങാടിക്കാരനായ ഡോ. എം ഗംഗാധരനും ഇംഗ്ലീഷുകാരനായ റോളണ്ട് ഇ മില്ലറും ഒക്കെ നടത്തിയ പഠനങ്ങളും കേരളീയര്‍ക്കു പരിചിതമാണ്. മിക്കവാറും എല്ലാ പഠനങ്ങളിലും തെളിഞ്ഞുവരുന്നത് മലബാറിലെ കുടിയായ്മയുടെ സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങളും ബ്രിട്ടിഷ് ഭരണം സമൂഹത്തില്‍ ഉണ്ടാക്കിയ ദുരവസ്ഥയുമാണ്. കലാപത്തില്‍ ഹിന്ദുക്കള്‍ ആക്രമണവിധേയരായിട്ടുണ്ട്. പക്ഷേ, ആരാണ് ഇങ്ങനെ ആക്രമിക്കപ്പെട്ട ഹിന്ദുക്കള്‍? ജനവിരുദ്ധ സ്വഭാവവും നിലപാടുകളും പുലര്‍ത്തിയ ജന്മിമാരും അവരുടെ ആശ്രിതന്‍മാരായി കുടിയാന്‍മാരെയും വെറുമ്പാട്ടക്കാരെയും ഉപദ്രവിക്കുകയും കിടപ്പാടത്തില്‍ നിന്ന് ഇറക്കിവിടുകയും ചെയ്ത കാണക്കാരും അവരുടെ ഏജന്റുമാരായി പ്രവര്‍ത്തിച്ച ബ്രിട്ടിഷ് സര്‍ക്കാരിനു കീഴിലെ റവന്യൂ ഉദ്യോഗസ്ഥരും ഒക്കെയാണ് ഇങ്ങനെ ആക്രമിക്കപ്പെട്ട കൂട്ടര്‍. പണിക്കരുടെ പുസ്തകത്തില്‍ ഈ വര്‍ഗബന്ധങ്ങളുടെ സ്വഭാവം വിശകലനം ചെയ്യുന്നുണ്ട്. റവന്യൂ സംവിധാനത്തിന്റെ ഭാഗമായി നാട്ടുമ്പുറത്തെ അക്രമിസംഘമായി പ്രവര്‍ത്തിച്ചത് അധികാരിയും മേനോനും കോല്‍ക്കാരനും അടങ്ങുന്ന ഉദ്യോഗസ്ഥവര്‍ഗമാണ്. ഈ കൂട്ടര്‍ ആരാണെന്ന് അവരുടെ പേരില്‍ നിന്നുതന്നെ വ്യക്തമാണ്. ഇന്നു റവന്യൂവകുപ്പില്‍ ബന്ധപ്പെട്ട പദവികള്‍ക്ക് മറ്റു പേരുകളാണ് ഉപയോഗിക്കുന്നതെങ്കിലും നാട്ടുകാര്‍ക്ക് അവര്‍ അധികാരിയും മേനോനും കോല്‍ക്കാരനും തന്നെ. കഴിഞ്ഞ നൂറ്റാണ്ടില്‍ ഇക്കൂട്ടരില്‍ നിന്നു സാധാരണ ജനങ്ങള്‍ അനുഭവിച്ച കഠിന പീഡനങ്ങളുടെ ഓര്‍മകള്‍ ഇന്നും ജനഹൃദയങ്ങളില്‍ സജീവമായി നിലനില്‍ക്കുന്നുണ്ട്. ആരാണ് ഇവരുടെ പീഡനങ്ങള്‍ക്ക് ഇരയായത്? 1830 മുതല്‍ ഈ പ്രദേശങ്ങളില്‍ ബ്രിട്ടിഷ് വിരുദ്ധ കലാപങ്ങള്‍ നടന്നിട്ടുണ്ട്. അതില്‍ മിക്കവാറും എല്ലാം മാപ്പിളമാരുടെ നേതൃത്വത്തില്‍ തന്നെയാണ് നടന്നതും. പക്ഷേ, അവര്‍ ചെറുത്ത ഇത്തരം സാമൂഹിക-സാമ്പത്തിക അനീതികളുടെ ഇരകള്‍ മാപ്പിളമാര്‍ മാത്രമായിരുന്നില്ല. കോഴിക്കോട് താലൂക്കിലെ സ്ഥിതി പരിഗണിച്ച് ഡോ. പണിക്കര്‍ പറയുന്നത് നോക്കുക: ''1901ല്‍ കോഴിക്കോട് താലൂക്കില്‍ മാത്രം 2115 വീടുകള്‍ക്കാണ് കരം ചുമത്തിയത്. ഇതില്‍ 856 വീടുകള്‍ മാപ്പിളമാരുടെയും 593 വീടുകള്‍ തീയരുടേതുമായിരുന്നു.'' ഇവരുടെ തൊഴില്‍ എന്താണെന്ന് രേഖകളില്‍ പറയുന്നില്ലെങ്കിലും ഇവര്‍ കര്‍ഷകരും തൊഴിലാളികളുമായിരുന്നു എന്ന് അദ്ദേഹം വിശദീകരിക്കുന്നു. സത്യത്തില്‍ എത്ര കഠിനമായിരുന്നു ഈ മാപ്പിളമാരുടെയും തീയരുടെയും അവസ്ഥയെന്ന്, നികുതി അടയ്ക്കാന്‍ കഴിയാതെ വന്നതിന്റെ പേരിലുള്ള കേസുകളുടെ വിശദവിവരങ്ങള്‍ നോക്കിയാലറിയാം. അവര്‍ക്ക് ഭരണകൂടത്തില്‍ യാതൊരു സ്വാധീനവും ഉണ്ടായിരുന്നില്ല. മാപ്പിളമാരും തീയരും ദലിതരും ഒന്നും ഭരണകൂടത്തിനകത്ത് കയറിപ്പറ്റാന്‍ യോഗ്യരായി കണക്കാക്കപ്പെട്ടിരുന്നില്ല. പണിക്കരുടെ ഗ്രന്ഥത്തില്‍ പറയുന്നത് ഇങ്ങനെ: ''ബ്രിട്ടിഷ് ഭരണത്തിലുള്ള ഇന്ത്യന്‍ ഉദ്യോഗസ്ഥരില്‍ 89 മലബാറുകാരില്‍ 44 പേരും നായര്‍ സമുദായക്കാരായിരുന്നു. വള്ളുവനാട്, ഏറനാട് താലൂക്കുകളിലെ ഗ്രാമനികുതി ഉദ്യോഗസ്ഥരായ അധികാരിമാരും മേനോന്‍മാരും ഏറക്കുറേ പൂര്‍ണമായും നായര്‍, മേനോന്‍, പണിക്കര്‍, കുറുപ്പ് തുടങ്ങിയ സവര്‍ണ ഹൈന്ദവരായിരുന്നു.'' ഈ പദവികള്‍ ഉപയോഗിച്ച് നാട്ടുകാരെ ഉപദ്രവിക്കുക മാത്രമല്ല, ഭൂമിയും സമ്പത്തും കൈക്കലാക്കുകയും ഇവരുടെ പരിപാടിയായിരുന്നു. മാടമ്പിമാരുമായി അടുത്ത ബന്ധമാണ് അവര്‍ പുലര്‍ത്തിവന്നത്. അവരുടെ കുടുംബക്കാരും ബന്ധുക്കളും തന്നെയാണ് കാണക്കാരായിരുന്നതും. കാണക്കാരാണ് ഭൂമി പാട്ടത്തിനു നല്‍കിയത്. വെറുമ്പാട്ടത്തിനു ഭൂമി ഏറ്റെടുക്കുന്നത് മാപ്പിളമാരും തീയരും മറ്റും. അവര്‍ ഒടുക്കേണ്ട നികുതിബാധ്യത അതീവ അസഹ്യമാണെന്ന് ടി എച്ച് ബേബര്‍ മുതല്‍ വില്യം ലോഗന്‍ വരെയുള്ള മലബാറിലെ പ്രമുഖരായ ബ്രിട്ടിഷ് ഉദ്യോഗസ്ഥര്‍ തന്നെ രേഖപ്പെടുത്തിവച്ചിട്ടുണ്ട്. അപ്പോള്‍ കലാപത്തിന്റെ യഥാര്‍ഥ സാമൂഹിക-സാമ്പത്തിക ചിത്രം പരിശോധിക്കുമ്പോള്‍ അത് ജാതീയമായ പീഡനവും സാമ്രാജ്യത്വസേവയും നടത്തിയ ഒരു വിഭാഗത്തിനെതിരേയുള്ള ജനകീയ പ്രക്ഷോഭമായി എങ്ങനെ പരിവര്‍ത്തനം ചെയ്യപ്പെട്ടു എന്ന ചിത്രം വ്യക്തമാണ്. ഈ കലാപങ്ങളില്‍ മാപ്പിളമാരാണ് പങ്കെടുത്തതെങ്കിലും തീയരും ദലിതരും അടങ്ങുന്ന മറ്റ് അവശ ജനവിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ കൂടിയാണ് അവര്‍ ജീവന്‍ നല്‍കി സംരക്ഷിക്കാന്‍ ശ്രമിച്ചത്. ദലിതരെ സംബന്ധിച്ചിടത്തോളം ഈ രണ്ടു കൂട്ടരേക്കാള്‍ കഷ്ടമായിരുന്നു അവരുടെ അവസ്ഥ. അവര്‍ക്ക് പാട്ടത്തിനു പോലും ഭൂമി ഉണ്ടായിരുന്നില്ല. അവര്‍ ഭൂമിയിലെ അടിമകളായാണ് കണക്കാക്കപ്പെട്ടിരുന്നത്. നികുതിപിരിവിനു സ്ഥാവര-ജംഗമ വസ്തുക്കള്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത അവസരത്തില്‍ ഭൂമിയില്‍ പണി ചെയ്ത് അതില്‍ത്തന്നെ കഴിഞ്ഞിരുന്ന ചെറുമന്‍ തുടങ്ങിയ സമുദായക്കാരെ അടിമകളായി വില്‍ക്കുന്നത് 19ാം നൂറ്റാണ്ടിലും 20ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും പതിവായിരുന്നു. ബേപ്പൂരില്‍ ഇങ്ങനെയൊരു അടിമകുടുംബത്തിലെ ഭാര്യയെയും ഭര്‍ത്താവിനെയും മക്കളെയും വേര്‍തിരിച്ചു വിറ്റ് കുടുംബത്തെ തകര്‍ത്തതിനെ സംബന്ധിച്ച് അന്നത്തെ മലബാര്‍ കലക്ടര്‍ തയ്യാറാക്കിയ കുറിപ്പ് രേഖകളില്‍ കാണാം. ഈ ചരിത്രവസ്തുതയാണ് ഏതാണ്ട് 90 വര്‍ഷക്കാലം നീണ്ടുനിന്ന മാപ്പിള കലാപങ്ങള്‍ക്ക് ആധാരമായി നിന്നത്. അത്തരം സന്ദര്‍ഭങ്ങളില്‍ ജാതിപീഡനത്തിനു വിധേയരായ സമുദായങ്ങള്‍ പലരും മാപ്പിളമാരുമായി കൂട്ടുകൂടുകയായിരുന്നു. 19ാം നൂറ്റാണ്ടില്‍ ഈ പ്രദേശങ്ങളില്‍ താണജാതിക്കാര്‍ക്കിടയില്‍ നിന്നു വന്‍തോതില്‍ ഇസ്‌ലാംമതത്തിലേക്ക് ഒരൊഴുക്കുണ്ടായെന്ന് അക്കാലത്തെ സെന്‍സസ് രേഖകളില്‍ കാണാം. ജാതീയമായ പീഡനവും ബ്രിട്ടിഷ് സേവകരായ സവര്‍ണ ജാതിമേധാവികളുടെ ഉപദ്രവങ്ങളുമാണ് ഇങ്ങനെ മതം മാറാന്‍ അവര്‍ക്ക് പ്രേരകമായത്. ഇതൊക്കെ പഴയ കഥ. അതെല്ലാം ഈ സമുദായങ്ങളുടെ പിന്‍മുറക്കാര്‍ മറന്നുകഴിഞ്ഞു എന്നും, അവര്‍ തങ്ങളുടെ വര്‍ഗീയ അജണ്ടകള്‍ക്കനുസരിച്ച് തുള്ളിക്കൊള്ളും എന്നുമാണ് കുമ്മനം അടക്കമുള്ള സംഘപരിവാര നേതാക്കള്‍ കണക്കുകൂട്ടുന്നതെന്നു കരുതണം. പക്ഷേ, അതൊരു തെറ്റായ വിലയിരുത്തലാണ്. ജാതീയമായ പീഡനങ്ങളുടെയും ഭൂമിയുടെ അവകാശം സംബന്ധിച്ച പോരാട്ടങ്ങളുടെയും ഓര്‍മകള്‍ ഇന്നും പിന്നാക്ക-ദലിത് വിഭാഗങ്ങള്‍ക്കിടയില്‍ സജീവമായി നിലനില്‍ക്കുന്നതാണ്. അതിനാല്‍, ജാതിപീഡനത്തിന്റെ ജുഗുപ്‌സാവഹമായ ഓര്‍മകളെ തിരിച്ചുകൊണ്ടുവരുക വഴി സംഘപരിവാരം തീക്കൊള്ളികൊണ്ടു സ്വന്തം തല തന്നെയാണ് ചൊറിയുന്നതെന്ന് ആര്‍ക്കും തോന്നിപ്പോവും.
Next Story

RELATED STORIES

Share it