കുമ്മനത്തിന്റെ പ്രസ്താവന വര്‍ഗീയ കലാപം ഉണ്ടാക്കാനുള്ള ആഹ്വാനമെന്ന് വിഎസ്

തിരുവനന്തപുരം: ക്ഷേത്ര പരിസരങ്ങളില്‍ നിന്ന് മറ്റു മതങ്ങളില്‍പ്പെട്ടവരെ ഒഴിവാക്കണമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ പ്രസ്താവന അത്യന്തം പ്രതിലോമകരവും വര്‍ഗീയ കലാപം ഉണ്ടാക്കാനുള്ള ആഹ്വാനവുമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍.
കുമ്മനം രാജശേഖരനെ പ്രസിഡന്റാക്കി കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ശ്രമം. അയോദ്ധ്യയില്‍ രാമക്ഷേത്രം ഉണ്ടാക്കാന്‍ സംഘപരിവാരം പ്രവര്‍ത്തനം ആരംഭിച്ച ഘട്ടത്തിലാണ് കുമ്മനം വര്‍ഗീയ പ്രസ്താവന നടത്തിയിരിക്കുന്നത്.
കേരളത്തിലെ ക്ഷേത്ര പരിസരങ്ങളില്‍ ഹിന്ദുക്കള്‍ മാത്രം മതിയെന്ന കുമ്മനത്തിന്റെ പ്രഖ്യാപനം മതേതര പാരമ്പര്യത്തിന് എതിരാണ്. കേരളത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയില്‍ എല്ലാ ജാതിമതവിഭാഗങ്ങളിലും പെട്ടവര്‍ ഒരേ വികാരവായ്‌പോടെയാണ് എത്തുന്നത്. ശബരിമല തീര്‍ത്ഥാടകര്‍ ഇനി വാവര് പള്ളിയില്‍ പോവരുതെന്ന് കുമ്മനം പറയുമോയെന്നും വിഎസ് ചോദിച്ചു.
മുല്ലപ്പെരിയാര്‍ സംബന്ധിച്ച് വസ്തുതകള്‍ക്കും യുക്തിക്കും നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച ജസ്റ്റിസ് കെ ടി തോമസ് മലയാളികളോട് മാപ്പു പറയണമെന്നും വി എസ് ആവശ്യപ്പെട്ടു. ജലസേചന ആവശ്യത്തിന് തമിഴ്‌നാടിന് വെള്ളം നല്‍കണമെന്നാണ് മുല്ലപ്പെരിയാര്‍ ഉടമ്പടിയില്‍ ഉള്ളതെന്നും അത് ലംഘിച്ച് തമിഴ്‌നാട് വൈദ്യുതോല്‍പാദനം നടത്തുകയാണെന്നുമാണ് കെ ടി തോമസ് ആരോപിക്കുന്നത്. 1970 മെയ് 29ന് മുല്ലപ്പെരിയാര്‍ ജലത്തില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള അവകാശം തമിഴ്‌നാടിന് നല്‍കി കേരളം ഒപ്പിട്ട കാര്യം സാമാന്യ വിവരമുള്ളവര്‍ക്കൊക്കെ അറിയാം. ഇത് മറച്ചുവച്ച് തികച്ചും അവാസ്തവമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ട്. 142 അടിയില്‍ വെള്ളം എത്തിയിട്ടും മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയിട്ടില്ലെന്നും ഡാം സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞത് ഇതോടൊപ്പം കൂട്ടിവായിക്കണം. മനുഷ്യജീവന് വില നല്‍കാത്ത ഒരു മനസ്സിന്റെ ഉടമയ്ക്ക് മാത്രമേ ഇങ്ങനെ പറയാനാവൂയെന്നും വി എസ് പറഞ്ഞു.
Next Story

RELATED STORIES

Share it