palakkad local

കുമ്പിടി കാങ്കപ്പുഴ റഗുലേറ്റര്‍ കം ബ്രിഡ്ജിന് 100 കോടിയുടെ ഭരണാനുമതി



സി കെ  ശശി  പച്ചാട്ടിരി

ആനക്കര: മലപ്പുറം-പാലക്കാട് ജില്ലകളെ ബന്ധിപ്പിച്ച് ഭാരതപ്പുഴയ്ക്ക് കുറുകെ കുമ്പിടി കാങ്കപ്പുഴയില്‍ നിര്‍മിക്കുന്ന റഗുലേറ്റര്‍ കം ബിഡ്ജിന് 100 കോടിയുടെ ഭരണാനുമതി. കഴിഞ്ഞ ബജറ്റില്‍ 75കോടിയായി  വകയിരുത്തിയ തുകയാണ് 100 കോടിയായി ഉയര്‍ത്തിയത്. വി ടി ബല്‍റാം എംഎല്‍എയാണ് വിഷയം അധികൃതര്‍ക്ക് മുന്നിലെത്തിച്ചത്. ഇതേതുടര്‍ന്നായിരുന്നു കഴിഞ്ഞബജറ്റില്‍ തുക വകയിരുത്തിയത്. പിന്നീട് കുറ്റിപ്പുറം എംഎല്‍എ ആബിദ് ഹുസൈ ന്‍ തങ്ങളും റെഗുലേറ്റര്‍ യാഥാര്‍ത്യമാക്കാനായി പരിശ്രമിച്ചു. കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് ഇതിന് അനുമതി വന്നിരുന്നെങ്കിലും ഒരു കോടി രൂപ ചെലവില്‍ മണ്ണ് പരിശോധന മാത്രമാണ് നടന്നത്. തുടര്‍ന്ന് നിര്‍മാണത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ 75കോടി വകയിരുത്തി. ഇതാണ് നൂറ് കോടിയായി ഉയര്‍ന്നത്. പാലക്കാട് മലപ്പുറം ജില്ലകളെ എളുപ്പത്തില്‍ ബന്ധിപ്പിക്കാനും ഇരുജില്ലകളിലെ ശുദ്ധജലക്ഷാമം പരിഹരിക്കാനും കഴിയുന്നതാണ്  റഗുലേറ്റര്‍ കം ബ്രിഡ്ജ്. കുമ്പിടിയില്‍ നിന്നു തൃക്കണാപുരംവഴി 10 കിലോമീറ്ററോളം ദൂരം വളഞ്ഞുവേണം കുറ്റിപ്പുറത്ത് എത്താന്‍. പുതിയ പാലം യാഥാര്‍ഥ്യമാവുന്നതോടെ നിലവില്‍ ഇരുകരകളിലുമെത്താന്‍ തോണികളെ ആശ്രയിക്കുന്ന വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്കും അനുഗ്രഹമാകും. പതിറ്റാണ്ടുകളുടെ മുറവിളിക്കാണ് സര്‍ക്കാര്‍ പരിഹാരം കണ്ടിരിക്കുന്നത്. പാലക്കാട് ജില്ലയിലെ ആനക്കര, കപ്പൂര്‍, പട്ടിത്തറ തുടങ്ങി പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമവും മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം, ഇരുമ്പിളിയം, തവനൂര്‍ ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളിലെ കുടിവെളള ക്ഷാമത്തിനും പരിഹാരമാവുമെന്നാണ് പ്രതീക്ഷ. ഇതിനുപുറമെ രണ്ട് ജില്ലയിലേയും ആയിരക്കണക്കിന് ഹെക്റ്റര്‍ കൃഷി ഭൂമിയിലേക്ക് ജലസേചനം നടത്താനാവും.
Next Story

RELATED STORIES

Share it