Flash News

കുമ്പസാര രഹസ്യത്തിന്റെ മറവില്‍ എട്ടു വൈദികര്‍ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് യുവതി: 5പേരെ സസ്‌പെന്‍ഡ് ചെയ്തു

കുമ്പസാര രഹസ്യത്തിന്റെ മറവില്‍ എട്ടു വൈദികര്‍ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് യുവതി: 5പേരെ സസ്‌പെന്‍ഡ് ചെയ്തു
X
പത്തനംതിട്ട: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്കെതിരായ ലൈംഗികാരോപണം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതിനു പിന്നാലെ സഭാനേതൃത്വം നടപടിയെടുത്തെങ്കിലും വിവാദം അവസാനിക്കുന്നില്ല. കുമ്പസാര രഹസ്യത്തിന്റെ മറവില്‍ തിരുവല്ല സ്വദേശിനിയായ യുവതിയെ എട്ടു വൈദികര്‍ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന ഭര്‍ത്താവിന്റെ ശബ്ദരേഖ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണു സംഭവം വിവാദമായത്. ഇതേത്തുടര്‍ന്ന് അഞ്ചു വൈദികരെ സഭാനേതൃത്വം അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. നിരണം ഭദ്രാസനത്തിലെ മൂന്നു വൈദികരും തുമ്പമണ്‍, ഡല്‍ഹി ഭദ്രാസനത്തിലെ ഒരു വൈദികനെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.



വികാരി എന്ന ചുമതലകളില്‍ നിന്ന് ഇവരെ നീക്കിയിട്ടുണ്ട്. സഭയുടെ നേതൃത്വത്തില്‍ കമ്മീഷനെ നിയോഗിച്ച് അന്വേഷണവും നടക്കുന്നുണ്ട്. എന്നാല്‍, ഈ നടപടി പോരെന്നും സഭയില്‍ നിന്ന് ഇവരെ പുറത്താക്കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ഭര്‍ത്താവ് സ്വകാര്യ ചാനലിനോട് വ്യക്തമാക്കി. സഭയിലെ എട്ട് വൈദികര്‍ തന്റെ ഭാര്യയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് ആരോപണം. അഞ്ചുപേരുടെ പേരും വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനു തന്റെ കൈവശം വ്യക്തമായ തെളിവുകളുണ്ടെന്നും ഭര്‍ത്താവ് പറയുന്നു. ഇതുസംബന്ധിച്ച് സഭയ്ക്ക് പരാതി നല്‍കി. ഡല്‍ഹിയില്‍ നിന്നുള്ള വൈദികന്‍ നെടുമ്പാശ്ശേരിയിലെത്തി ഹോട്ടലില്‍ മുറിയെടുത്ത് പണം അടയ്ക്കാന്‍ യുവതിയുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചതോടെയാണ് ഭര്‍ത്താവ് വിവരമറിയുന്നതത്രേ.വിവാഹത്തിനു മുമ്പുതന്നെ ഭാര്യക്ക് ഒരു വൈദികനുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് ഭര്‍ത്താവിന്റെ ആരോപണം. പിന്നീട് കടുത്ത മാനസിക വിഷമമുണ്ടായപ്പോള്‍ സ്വന്തം ഇടവകയിലെ വികാരിയോട് കുമ്പസാരം നടത്തി. ശേഷം ഈ വൈദികനും യുവതിയുമായി ബന്ധം പുലര്‍ത്തി. കുമ്പസാരരഹസ്യം ഭര്‍ത്താവിനെ അറിയിക്കുമെന്നു പറഞ്ഞാണ് ഭാര്യയെ ചൂഷണം ചെയ്തതെന്നാണ് ശബ്ദരേഖയില്‍ പറയുന്നത്. പിന്നീട് ഇവര്‍ തമ്മിലുള്ള സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തി മറ്റൊരു വൈദികനു നല്‍കി. ഈ ചിത്രങ്ങളും വിവരങ്ങളും പല വൈദികരിലേക്കും കൈമാറ്റം ചെയ്യപ്പെടുകയും തന്റെ ഭാര്യ നിരന്തരം പീഡനത്തിന് ഇരയാവുകയും ചെയ്തു എന്നാണ് ഭര്‍ത്താവിന്റെ ആരോപണം.മെത്രാന്‍മാര്‍ക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. കത്തോലിക്ക ബാവയെ നേരിട്ട് വിവരമറിയിച്ചപ്പോള്‍ മാത്രമാണു നടപടി ഉണ്ടായതെന്നു പറയുന്നു. അതേസമയം, ആരോപണവിധേയരായ വൈദികള്‍ ഇപ്പോഴും സഭയുടെ ദൈനംദിന നടപടികളില്‍ സജീവമാണെന്ന് ആക്ഷേപമുണ്ട്.
Next Story

RELATED STORIES

Share it