കുമ്പസാരക്കൂട്ടിലെ വഞ്ചന

അപ്പുക്കുട്ടന്‍  വള്ളിക്കുന്ന്  
വിശ്വാസവും വിശ്വാസത്തകര്‍ച്ചയും തമ്മിലുള്ള വൈരുദ്ധ്യം ഒരുവശത്ത്. നിയമവാഴ്ച ഉറപ്പുവരുത്തേണ്ട സര്‍ക്കാരിന്റെയും കോടതിയുടെയും ഭരണഘടനാ പ്രതിബദ്ധത മറുവശത്ത്. കേരളത്തില്‍ ക്രിസ്തീയ വിശ്വാസികളുടെ രണ്ട് ആത്മീയ സഭകളില്‍ പുരോഹിതര്‍ക്കെതിരേ ഉയര്‍ന്ന ആരോപണവും പരാതികളും മലയാളികളെ അസ്വസ്ഥമാക്കുന്ന തലത്തിലേക്കു വളരുകയാണ്.
കുമ്പസാര രഹസ്യം പരസ്യപ്പെടുത്തിയെന്ന പരാതിയില്‍ ആരോപിതര്‍ നാലു പുരോഹിതന്മാരാണ്. യുവതി മജിസ്‌ട്രേറ്റ് മുമ്പാകെ നല്‍കിയ മൊഴി പരിശോധിച്ച ഹൈക്കോടതി വേട്ടമൃഗത്തെപ്പോലെ വൈദികര്‍ പെരുമാറിയെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. കോട്ടയം ജില്ലയിലെ കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ 43കാരിയായ കന്യാസ്ത്രീയാണ് പഞ്ചാബിലെ ജലന്ധര്‍ ബിഷപ്പിനെതിരേ നിരന്തര പീഡനത്തിനു പോലിസില്‍ പരാതി നല്‍കിയത്. നാലു വര്‍ഷമായി കത്തോലിക്കാ സഭയുടെ വിവിധ തലങ്ങളിലും വത്തിക്കാനില്‍ പോപ്പിനും പരാതി നല്‍കിയിട്ടും ഒറ്റപ്പെടുത്തലും മാനസിക പീഡനവും തുടരുകയാണുണ്ടായത്. ഒടുവില്‍ പോലിസില്‍ പരാതിപ്പെട്ടു.
വിവരമറിഞ്ഞ് ബിഹാറില്‍ നിന്ന് എത്തിയ അനുജത്തിയായ കന്യാസ്ത്രീയും പീഡിപ്പിക്കപ്പെടുന്ന സിസ്റ്റര്‍ക്ക് നീതി കിട്ടണമെന്ന് ഉറച്ചു വിശ്വസിക്കുന്ന മറ്റു നാലു കന്യാസ്ത്രീകളുമാണ് കുറവിലങ്ങാട്ടെ മഠത്തില്‍ പ്രാര്‍ഥനയുമായി കഴിയുന്നത്. കുറവിലങ്ങാട്ടെ മതിലുകളിലെല്ലാം വിശ്വാസിസമൂഹത്തിന്റെ പേരിലുള്ള പ്രാര്‍ഥനയും നിരത്തി ഒട്ടിച്ചിട്ടുണ്ട്: ആരോപണവിധേയനായ ബിഷപ്പിനു വേണ്ടി വിശ്വാസിസമൂഹം പ്രാര്‍ഥിക്കുന്നു എന്ന്! താന്‍ കുറ്റക്കാരനല്ല എന്നതുകൊണ്ടാണ് മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കാത്തതെന്നാണ് ജലന്ധര്‍ ബിഷപ് പറയുന്നത്. കുമ്പസാരക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയ പുരോഹിതര്‍ കുറ്റം ചെയ്തവരാണെന്നു സ്ഥാപിക്കുന്നതാണ് ബിഷപ്പിന്റെ പ്രസ്താവന.
ഹോളിവുഡിലും ബോളിവുഡിലും ലൈംഗിക അതിക്രമങ്ങള്‍ക്കെതിരേ സ്ത്രീകളുടെ പ്രതിരോധം വ്യാപകമാകാന്‍ തുടങ്ങിയ സന്ദര്‍ഭത്തിലാണ് വിശ്വാസമേഖലയില്‍ നിന്ന് കുമ്പസാരിച്ച യുവതിയും കന്യാസ്ത്രീയും അസാധാരണ ധൈര്യത്തോടെ പരാതിയും ചെറുത്തുനില്‍പും ഉയര്‍ത്തുന്നത്. കുടുംബം ഒന്നിച്ച് അവര്‍ക്കൊപ്പം നീതി തേടുന്നുവെന്ന പ്രത്യേകതയുമുണ്ട്.
പുരോഹിതനായ ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട് തന്നെ ഈ അവസ്ഥയ്‌ക്കെതിരേ പരസ്യമായി പ്രതികരിച്ചിരിക്കുന്നു: സമൂഹത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്ന മത-രാഷ്ട്രീയ മേഖലകളില്‍ തുടരുന്ന അധാര്‍മികമായ ധനസമ്പാദന മോഹമാണ് ഈ പ്രവണതയുടെ ചാലകശക്തി. പണം വില്ലനായി രംഗത്തെത്തിയപ്പോള്‍ അതിന്റെ സ്വാധീനത്തില്‍ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും ചൊല്‍പ്പടിക്കു നിര്‍ത്താനാകുമെന്ന് മതവും രാഷ്ട്രീയക്കാരും ഒരുപോലെ പഠിച്ചു. എന്താണ് ഇതെന്നു ചോദിക്കാന്‍ വലുപ്പമുള്ളവര്‍ സമൂഹത്തില്‍ നിന്ന് അപ്രത്യക്ഷമായി. അവശേഷിക്കുന്നവരെ ചവിട്ടിത്താഴ്ത്തി. എല്ലാ അധികാരങ്ങളും കൈക്കുമ്പിളില്‍ ഒതുക്കാന്‍ മതങ്ങളും രാഷ്ട്രീയക്കാരും മല്‍സരിക്കുന്നു.
കാനോന്‍ നിയമനുസരിച്ച് കുമ്പസാരമെന്നത് പുരോഹിതനും വിശ്വാസിയും തമ്മില്‍ കുമ്പസാരക്കൂടിനകത്തുള്ള മതപരമായ കേവല വ്യവഹാരമല്ല. ഏതു തരത്തിലുമുള്ള വിശ്വാസ്യതയേക്കാളും സ്വകാര്യതയേക്കാളും പവിത്രമായി കണക്കാക്കുന്ന വിശ്വാസിയുടെ പശ്ചാത്താപത്തിന്റെയും പരിഹാരത്തിന്റെയും പ്രക്രിയയാണത്. വിശ്വാസിക്കും യേശുവിനുമിടയില്‍ ഒരു മാധ്യമം മാത്രമാണ് പുരോഹിതന്‍. എത്ര പണ്ഡിതനായാലും ബഹുവന്ദ്യനായാലും അദ്ദേഹത്തിനു പാപപരിഹാരം ചെയ്യാന്‍ അധികാരമില്ല. കുമ്പസാരമെന്ന കൂദാശ വഴി ദൈവത്തിനേ അതു നല്‍കാനാവൂ എന്നാണ് കാനോന്‍ നിയമവ്യവസ്ഥ.
ദൈവത്തില്‍ നിന്ന് വിശ്വാസിയെ അകറ്റിനിര്‍ത്തുന്ന തെറ്റ് തിരിച്ചറിഞ്ഞ് ദൈവനിശ്ചയമനുസരിച്ചുള്ള പാപപരിഹാരം കണ്ടെത്തലാണ് കുമ്പസാരമെന്നാണ് വിശ്വാസം. ആത്മാവിന്റെ ആത്മാര്‍ഥമായ ദുഃഖപ്രകാശനത്തിലൂടെ മാത്രമേ അതു സാധ്യമാകൂ എന്നും. വിശ്വാസിയുടെ ആത്മാവും ദൈവവും തമ്മിലുള്ള ഈ കൊള്ളക്കൊടുക്കയെ കുമ്പസാരക്കൂടിന്റെ മറുപുറത്തിരിക്കുന്ന പുരോഹിതന്‍ അട്ടിമറിച്ചു. ഭീഷണിക്കും മുതലെടുപ്പിനും യുവതിയെ ഉപയോഗിച്ചു. കൂട്ടുകാരായ മറ്റു പുരോഹിതരും രാക്ഷസീയമായും വേട്ടമൃഗങ്ങളെപ്പോലെയും അവരെ ആക്രമിച്ചു എന്നാണ് ആരോപണം.
സഭയ്ക്കും പൗരോഹിത്യത്തിനും കുറ്റത്തില്‍ നിന്നു മാറിനില്‍ക്കാനാവില്ല. സഭകളുടെയാകെ വിശ്വാസപരമായ നിലനില്‍പു തന്നെ തകര്‍ക്കുന്ന നടപടിയാണ് വെളിപ്പെടുന്നത്. കാലവിളംബം തന്നെ തെളിയിക്കുന്നത് ഉന്നതങ്ങളിലുള്ളവര്‍ വിശ്വാസത്തിന്റെ പേരില്‍ ഈ കൃത്യത്തിനും നിയമലംഘനത്തിന്റെ പാപത്തിനും നേരെ കണ്ണടച്ചുവെന്നാണ്. കാനോന്‍ നിയമം പറയുന്നത് പശ്ചാത്തപിക്കുന്നവരെ വഞ്ചിച്ചുകൂടെന്നാണ്. കുമ്പസാരരഹസ്യം ഒരു നിലയ്ക്കും മറ്റൊരാളോട് വെളിപ്പെടുത്തിക്കൂടാ. 1682 നവംബര്‍ 18നു വത്തിക്കാനില്‍ നിന്ന് പുറപ്പെടുവിച്ച ഡിക്രി അനുസരിച്ച് കുമ്പസരിപ്പിക്കുന്ന ആള്‍ പശ്ചാത്തപിക്കുന്ന ആളെ അസന്തുഷ്ടമാക്കുന്ന ഒരു പരാമര്‍ശവും വെളിപ്പെടുത്തിയ വിഷയത്തെ സംബന്ധിച്ച് നേരിട്ടോ അല്ലാതെയോ നടത്താന്‍ പാടില്ലാത്തതാണ്.
ജീവന്‍ ബലി കൊടുത്തും കുമ്പസാരത്തിന്റെ രഹസ്യം സൂക്ഷിക്കുമെന്ന വിശ്വാസം ആവര്‍ത്തിച്ച് ഉറപ്പിക്കാന്‍ സഭാവിശ്വാസികളെ പറഞ്ഞുകേള്‍പ്പിക്കുന്ന ജീവിതകഥയാണ് സെന്റ് ജോണ്‍ നെപ്പോ മുസീന്റേത്. ഇന്നത്തെ ചെക്കോസ്ലൊവാക്യയുടെ ആദ്യരൂപമായിരുന്ന ബൊഹീമിയയുടെ രാജാവ് വെന്‍സലാസ് നാലാമന്‍ താന്‍ സംശയിച്ചുപോന്ന പത്‌നിയുടെ കുമ്പസാരരഹസ്യം വികാരി ജനറല്‍ ജോണ്‍ നെപ്പോ മുസീനോട് വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടു. രാജാവ് പറഞ്ഞത് അനുസരിക്കാതിരുന്നതിനു വികാരിയെ മുല്‍ദാവു നദിയില്‍ എറിഞ്ഞു മുക്കിക്കൊന്നു (1393 മാര്‍ച്ച് 20).
കേരളത്തില്‍ ഇപ്പോള്‍ അസാധാരണ വിവാദമായി വളരുന്ന രണ്ടു സംഭവങ്ങളിലും ഇരകളായവര്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമമനുസരിച്ച് പരാതിയുമായി പുരോഹിതര്‍ക്കെതിരേ നീങ്ങേണ്ടിവന്നു. പുരോഹിതവേഷമണിഞ്ഞ വ്യക്തികള്‍ മാത്രമല്ല ഇതിന്റെ പേരില്‍ നീതിപീഠത്തിന്റെ പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടിവരുക എന്നുകൂടി തിരിച്ചറിയേണ്ടതുണ്ട്. കോടിക്കണക്കിനു മനുഷ്യരുടെ വിശ്വാസവും ജീവിതപ്രതിസന്ധികളിലെ ആശ്വാസവും പ്രതീക്ഷയും ഉറപ്പു നല്‍കുന്ന ക്രൂശിതനായ യേശുവും ആ വിശ്വാസത്തിന്റെ പേരില്‍ രൂപപ്പെട്ട സഭയുമാണ്. അതിനെ നയിക്കുന്ന മഹാ ഇടയന്മാര്‍ അതു മനസ്സിലാക്കുന്നില്ല എന്നാണ് പല ബിഷപ്പുമാരുടെയും പ്രതികരണങ്ങളും വത്തിക്കാനില്‍ നിന്നുള്ള പ്രതികരണമില്ലായ്മയും വ്യക്തമാക്കുന്നത്.
കുറവിലങ്ങാട്ടെ സന്യാസിമഠവും കണ്ണൂരിലെ ചില സഭാസംവിധാനങ്ങളും ജലന്ധര്‍ ബിഷപ്പിന്റെ അധികാരത്തിനു കീഴിലാണ്. ബിഷപ്പിനു മഠത്തിനകത്ത് അതിഥിമുറി പോലുമുണ്ട്. ബിഷപ്പിനെക്കുറിച്ച് വെളിപ്പെട്ടിട്ടുള്ള വിവരങ്ങള്‍ ഗുരുതരമാണ്. എന്നാല്‍, ബിഷപ്പിനെതിരായ പ്രതിഷേധം ഒരു വിമതപ്രവര്‍ത്തനമാണെന്ന നിലയില്‍ കൈകാര്യം ചെയ്യുകയാണ് സഭാനേതൃത്വങ്ങള്‍. ഇത് വിശ്വാസിസമൂഹത്തിന്റെയും പൊതുസമൂഹത്തിന്റെയും മുന്നില്‍ സഭയ്ക്ക് ഉണ്ടാക്കുന്ന അവമതിപ്പും അവിശ്വാസവും പ്രത്യാഘാതങ്ങളും അവര്‍ കണക്കിലെടുക്കുന്നില്ല.
ആഗോളവല്‍ക്കരണത്തിന്റെ വരവോടെ പണമുതലാളിത്തം മതസംഘടനകളിലും രാഷ്ട്രീയപ്പാര്‍ട്ടികളിലും കൈകടത്തി സൃഷ്ടിച്ചിട്ടുള്ള ക്രിമിനല്‍വല്‍ക്കരണത്തിന്റെയും മൂല്യച്യുതിയുടെയും സ്ഥിതി ഭീതിജനകമാണ്. നിയമവാഴ്ചയെയും നീതിയിടങ്ങളെ വരെയും സ്വാധീനിക്കാനും നിയന്ത്രിക്കാനും കണ്ണുകെട്ടാനും കഴിയുന്ന അതിന്റെ രാക്ഷസീയ ശക്തി എല്ലാ തലങ്ങളിലും പ്രകടമാണ്. അതിന്റെ ഏറ്റവും വലിയ ഇരകള്‍ മതവും ഭരണകൂടവും പരിരക്ഷിക്കേണ്ട സ്ത്രീകളും.                 ി
Next Story

RELATED STORIES

Share it