കുമ്പസാരം: വനിതാ കമ്മീഷന്‍ നിലപാട് ഭരണഘടനാവിരുദ്ധമെന്ന് ന്യൂനപക്ഷ കമ്മീഷന്‍പ്രതിഷേധം ശക്തം

ന്യൂഡല്‍ഹി: ക്രൈസ്തവ മതവിശ്വാസത്തിന്റെ ഭാഗമായ കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്റെ നിലപാടിനെതിരേ പ്രതിഷേധം ശക്തമാവുന്നു. വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മയുടെ നിര്‍ദേശം ഭരണഘടനാവിരുദ്ധമാണെന്നാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വ്യക്തമാക്കിയത്.
അതേസമയം, ഇത് കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക നിലപാടല്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും പറഞ്ഞു. രേഖാ ശര്‍മ പറഞ്ഞ നിലപാടുമായി കേന്ദ്രസര്‍ക്കാരിന് ഒരു ബന്ധവുമില്ല. അത് അവരുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു. വനിതകളെ പുരുഷന്‍മാരായ വൈദികര്‍ കുമ്പസാരിപ്പിക്കുന്നത് നിരോധിക്കണം എന്നതടക്കമുള്ള നിര്‍ദേശങ്ങളടങ്ങിയ റിപോര്‍ട്ട് കഴിഞ്ഞദിവസമാണ് രേഖാ ശര്‍മ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നല്‍കിയത്.
ഈ നിര്‍ദേശം നടപ്പാക്കാന്‍ അനുവദിക്കില്ലെന്നാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാനും ബിജെപി ന്യൂനപക്ഷ മോര്‍ച്ച നേതാവുമായ ജോര്‍ജ് കുര്യന്‍ വ്യക്തമാക്കിയത്. കമ്മീഷന്റെ ശുപാര്‍ശ തള്ളണമെന്ന് ആവശ്യപ്പെട്ട് ജോര്‍ജ് കുര്യന്‍ പ്രധാനമന്ത്രിക്കു കത്തെഴുതുകയും ചെയ്തിട്ടുണ്ട്. കുമ്പസാരം നിര്‍ത്തലാക്കുന്നത് ഭരണഘടനയുടെ 14, 21, 25 വകുപ്പുകളുടെ ലംഘനമാണ്. അത് ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാന അനുഷ്ഠാനങ്ങളിലൊന്നാണ്. ഇക്കാരണങ്ങളാല്‍ കമ്മീഷന്‍ നല്‍കിയ റിപോര്‍ട്ടിലെ ശുപാര്‍ശ തള്ളണമെന്നാണ് കത്തിലെ ആവശ്യം.
രേഖാ ശര്‍മയുടെ അഭിപ്രായം സ്ത്രീപക്ഷ ചിന്ത അതിരുകടന്നുപോയതുകൊണ്ട് ഉണ്ടാവുന്നതാണ്. കുമ്പസാരം നിരോധിക്കാന്‍ ശ്രമമുണ്ടായാല്‍ തീര്‍ച്ചയായും എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ശുപാര്‍ശ ക്രൈസ്തവ ദേവാലയങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്നതാണ്. മതവികാരം വ്രണപ്പെടുത്തുന്ന നിര്‍ദേശമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, ഇരുവരുമല്ലാതെ മറ്റു ബിജെപി നേതാക്കളോ കേന്ദ്രസര്‍ക്കാരിലെ മറ്റു പ്രമുഖരോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ഡോ. സൂസെപാക്യം നല്‍കിയ പ്രതിഷേധക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് കുര്യന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്.
Next Story

RELATED STORIES

Share it