kasaragod local

കുമ്പളയിലെ പാല്‍ ഗുണമേന്‍മ പരിശോധനാ ലാബിന്റെ പ്രവര്‍ത്തനം അനിശ്ചിതത്വത്തില്‍

കാസര്‍കോട്്: ഇതരസംസ്ഥാനത്ത് നിന്നും കടന്നുവരുന്ന പാലിന്റെയും പാലുല്‍പന്നങ്ങളുടെയും ഗുണനിലവാരം പരിശോധിക്കാന്‍ കുമ്പള നായ്ക്കാപ്പില്‍ നിര്‍മാണം പൂര്‍ത്തിയായ റീജിയണല്‍ ഡയറി ലാബ് പ്രവര്‍ത്തനം അനിശ്ചിതത്വത്തില്‍. ക്ഷീരവികസന വകുപ്പിന്റെ ധനസഹായത്തോടെ 3.30 കോടി ചെലവില്‍ 4500 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് മൂന്നുനിലകെട്ടിടം പണിതത്.
2013 ഫെബ്രുവരിയില്‍ തറക്കല്ലിട്ട റീജിയണല്‍ ഡയറി ലാബ് കെട്ടിടം 2016 മാര്‍ച്ച് മാസത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ നാളിതുവരെയായിട്ടും പഞ്ചായത്തില്‍ നിന്നും കെട്ടിടനമ്പര്‍ ലഭിക്കാനോ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാനോ അധികൃതര്‍ക്കായിട്ടില്ല.
ഡെപ്യൂട്ടി ഡയറക്ടര്‍, ലാബ് അസിസ്റ്റന്റ്, ക്ലര്‍ക്ക് എന്നിങ്ങനെ മൂന്നു തസ്തികകളാണ് ഇവിടെയുള്ളത്. ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ നാലുമാസം മുമ്പ് നിയമനം നടത്തിയിരുന്നു. എന്നാല്‍ പത്തനംതിട്ട സ്വദേശിയായ ഓഫിസര്‍ക്ക് ഇങ്ങോട്ടു വരാന്‍ താല്‍പര്യമില്ലാത്തതിനാല്‍ അദ്ദേഹം സ്‌റ്റേ വാങ്ങി. പുതിയ നിയമനം നടന്നിട്ടില്ല. ലാബ് അസിസ്റ്റന്റിനെ നിയമിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ജോലിയില്‍ പ്രവേശിച്ചിട്ടില്ല. ക്ലര്‍ക്കിന്റെ തസ്തികയില്‍ ഇതുവരെയായിട്ടും നിയമനം നടന്നിട്ടില്ല.
ജില്ലയില്‍ വിപണനം നടത്തുന്ന വിവിധ തരം പാലും പാലുല്‍പന്നങ്ങളുടെയും പരിശോധന, ക്ഷീര സംഘങ്ങളില്‍ നിന്നും ശേഖരിക്കുന്ന സാമ്പിളുകള്‍ അന്തര്‍ സംസ്ഥാന മില്‍ക്ക് ടാങ്ക് ലോറികളില്‍ നിന്നും ശേഖരിക്കുന്ന സാമ്പിളുകള്‍, ക്ഷീരകര്‍ഷകരും പാല്‍ ഉപഭോക്താക്കളും കൊണ്ടുവരുന്ന സാമ്പിളുകള്‍ എന്നിവ പരിശോധിക്കുന്നതോടൊപ്പം ക്ഷീരവികസന വകുപ്പിന്റെ കാസര്‍കോട്ട് ഗുണനിലവാര നിയന്ത്രണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സാമ്പിള്‍ ശേഖരിക്കാന്‍ മൊബൈല്‍ ഡയറി ലാബും അനുവദിച്ചിരുന്നു.
60 ലക്ഷത്തോളം രൂപ ചെലവില്‍ അന്താരാഷ്ട്ര ഗുണനിലവാരമുള്ള പരിശോധന ഉപകരണങ്ങളും ഡിജിറ്റല്‍ സാങ്കേതിക വിദ്യകളും ഈ സ്ഥാപനത്തിന് വേണ്ടി ഏര്‍പ്പെടുത്തിയിരുന്നു. ക്ഷീരപരിശോധന കേന്ദ്രം ആരംഭിച്ചാല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ക്ഷീരസംഘം ജീവനക്കാര്‍, ക്ഷീര കര്‍ഷകര്‍, സംഘം ഭരണ സമിതി അംഗങ്ങള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍, സംരംഭകര്‍, പാല്‍ ഉപഭോക്താക്കള്‍, പാല്‍ വിപണനം നടത്തുന്ന സ്ഥാപനങ്ങള്‍, ഡയറി പ്ലാന്റിലെ ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് ക്ഷീര മേഖലയിലെ നൂതന പ്രവണതകള്‍, ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ എന്നിങ്ങനെ ചര്‍ച്ചാ ക്ലാസും പരിശീലന ക്ലാസും നടത്താന്‍ സാധിക്കുമായിരുന്നു. നിലവില്‍ ഇത്തരം സൗകര്യങ്ങള്‍ക്ക് കോഴിക്കോട് ബേപ്പൂരിനടത്തുള്ള ക്ഷീര പരിശീലനം ക്ഷീര പരിശീലന കേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്.
Next Story

RELATED STORIES

Share it