ernakulam local

കുമ്പളം ടോള്‍ പ്ലാസയിലെ സെപ്റ്റിക് ടാങ്ക് മാലിന്യമുള്‍പ്പെടെയുള്ളവ കാനയിലേക്ക്



മരട്: ഇടപ്പള്ളി-അരൂര്‍ ദേശീയപാതയില്‍ കുമ്പളം ടോള്‍ പ്ലാസയിലെ സെപ്റ്റിക് ടാങ്ക് മാലിന്യമുള്‍പ്പെടെയുള്ളവ സമീപ കാനയിലേക്കും പരിസര പ്രദേശങ്ങളിലേക്കും ഒഴുക്കുന്നു. പൊതുകാനകളിലേക്കാണ് ദേശീയപാത അതോറിട്ടിയുടെ നേതൃത്വത്തിലുള്ള ടോള്‍ പ്ലാസയിലെ കക്കൂസ് മാലിന്യമുള്‍പ്പെടെയുള്ളവ തള്ളുന്നത്. ഇത് പരിസര പ്രദേശങ്ങളില്‍ ദുര്‍ഗന്ധം പരത്തുന്നതിനും പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാവുന്നതായും പ്രദേശവാസികള്‍ പറയുന്നു. ദേശീയപാതയുടെ കാനകളില്‍ രാത്രി കാലങ്ങളില്‍ വാഹനങ്ങളിലും മറ്റും കൊണ്ടുവന്നു തള്ളുന്ന കക്കൂസ് മാലിന്യമുള്‍പ്പെടെയുള്ളവ നീക്കം ചെയ്യുകയും അതിനെതിരേ നടപടി എടുക്കുകയും ചെയ്യുന്ന ടോള്‍ പ്ലാസ അധികൃതരാണ് ഇത്തരത്തില്‍ സാമൂഹിക വിരുദ്ധ നടപടികള്‍ മറുവശത്തുകൂടി കൈകൊള്ളുന്നത്. ഈ കാനകളിലൂടെ തന്നെയാണ് പരിസര പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ വീടുകളിലേക്ക് കുടിവെള്ളമെത്തിക്കുന്ന പൈപ്പുകള്‍ കടന്ന് പോവുന്നത്. കഴിഞ്ഞ ദിവസം കാന ക്ലീന്‍ ചെയ്യുന്നതിന്റെ ഭാഗമായി ജെസിബി ഉപയോഗിച്ചപ്പോള്‍ കുടിവെള്ള പൈപ്പ് പൊട്ടുകയും ചെയ്തു. ഇതുമൂലം പ്രദേശത്തേക്കുള്ള ശുദ്ധജല വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. നാല് ദിവസത്തോളമായി കുടിവെള്ളം കിട്ടാതെ പ്രദേശവാസികള്‍ ദുരിതത്തിലായിരിക്കുകയാണ്. അറ്റകുറ്റപണികളുടെ ചെലവ് തങ്ങള്‍ വഹിക്കാമെന്ന് ടോള്‍ പ്ലാസ അധികൃതര്‍ വാട്ടര്‍ അതോറിട്ടിയെ അറിയിച്ചിരുന്നതായും പറയുന്നു. എന്നാല്‍ പൈപ്പ് പൊട്ടി ദിവസങ്ങള്‍ കഴിഞ്ഞിട്ടും അറ്റകുറ്റപണികള്‍ ഇതുവരെ ആരംഭിക്കാത്തത് പ്രദേശവാസികളില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ദിനംപ്രതി പൊട്ടിയ പൈപ്പിലൂടെ ലിറ്റര്‍കണക്കിന് ശുദ്ധജലമാണ് പാഴാകുന്നത്. ഒരുമ റസിഡന്‍സ് അസോസിയേഷന്‍ ടോള്‍ ജീവനക്കാരോടും വാട്ടര്‍ അതോറിട്ടിയെയും വിളിച്ച് പരാതിപ്പെട്ടു.
Next Story

RELATED STORIES

Share it