kasaragod local

കുമാര്‍ പ്രസാദിനെ കൊലപ്പെടുത്തിയത് ആയുര്‍വേദത്തിന്റെ വര്‍ധിച്ച പ്രചാരം മൂലമെന്ന്

കാസര്‍കോട്: വെനസ്വേലയിലെ ചരചക്രയില്‍ ആയുര്‍വേദ മരുന്നു കമ്പനി നടത്തുന്ന പള്ളത്തടുക്ക സ്വദേശി കുമാര്‍പ്രസാദിനേയും (41), സഹപ്രവര്‍ത്തക വെനസ്വേല സ്വദേശിനി എറീക്ക മറിയ അരസ് ലാതിക്കി(45)നേയും വെടിവച്ചുകൊലപ്പെടുത്തിയത് ആയുര്‍വേദത്തിന്റെ വര്‍ധിച്ചുവരുന്ന പ്രചാരം മൂലമെന്ന് സൂചന. എന്നാല്‍ കൊലയാളികളെ കുറിച്ചുള്ള സൂചനയൊന്നും പോലിസിന് ലഭിച്ചില്ലെന്നാണറിയുന്നത്.
വെനിസ്വേലയില്‍ ആയുര്‍വേദ ചികില്‍സയില്‍ വന്‍പ്രചാരം ഉണ്ടാക്കിയ ഡോ.പള്ളത്തടുക്ക കേശവഭട്ടിന്റെ മകനായ കുമാര്‍ പ്രസാദ് പിതാവിന്റെ പാത പിന്തുടര്‍ന്ന് ഇവിടെ മരുന്നുകമ്പനി പ്രവര്‍ത്തിപ്പിക്കുകയായിരുന്നു.
കുമാര്‍ പ്രസാദിനേയും എറീക്കയേയും ഒരാഴ്ച മുമ്പാണ് കാണാതായത്. ഇതുസംബന്ധിച്ച് കുമാര്‍ പ്രസാദിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയില്‍ പാചക ജോലിചെയ്യുന്ന ബദിയടുക്ക നീര്‍ച്ചാല്‍ ചെറുവ സ്വദേശി വെങ്കിട കൃഷ്ണ പോലിസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടത്തുന്നതിനിടെയാണ് ചരചക്രയിലെ മരുന്ന് നിര്‍മാണ പ്ലാന്റിന് സമീപത്ത് ഇരുവരുടേയും മൃദേഹങ്ങള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. രണ്ടുപേരുടേയും മുഖത്ത് പ്ലാസ്റ്റിക് പൊതിഞ്ഞ നിലയിലായിരുന്നു മൃദേഹം.
കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്കുള്‍പ്പെടെ മരുന്നുനല്‍കുന്നു എന്നതിനാല്‍ കുമാര്‍ പ്രസാദിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം വെനസ്വേലയില്‍ പ്രസിദ്ധമായിരുന്നു. പ്രമുഖ സസ്യ ശാസ്ത്രജ്ഞനായ പിതാവ് ഡോ. കേശവഭട്ടാണ് ഇവിടെ ആയൂര്‍വേദ മരുന്ന് കമ്പനി തുടങ്ങുന്നതും മാരക രോഗങ്ങള്‍ക്കുള്ള മരുന്ന് കണ്ടെത്തുന്നതും. സ്ഥാപനം പ്രസിദ്ധമായതോടെ പ്രമുഖരടക്കം ഒട്ടേറെ പേര്‍ ഇവിടെ ചികില്‍സക്കെത്തിയിരുന്നു.
സേവനങ്ങള്‍ മുന്‍നിറുത്തി പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്നത്തെ വെനസ്വേലന്‍ പ്രസിഡന്റായിരുന്ന ഹ്യൂഗോ ഷാവേസ് ഡോ. കേശവ ഭട്ടിനെ പ്രത്യേക പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. 2010ല്‍ കേശവഭട്ട് മരിച്ചതോടെ കമ്പനി കുമാര്‍ പ്രസാദ് നടത്തിവരികയായിരുന്നു. കുമാര്‍ പ്രസാദിന്റെ മരുന്ന് കമ്പനി പുരോഗതി കൈവരിക്കുന്നതില്‍ അസൂയപൂണ്ട മറ്റേതെങ്കിലും കമ്പനിക്കാരാകാം കൊലക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്.
Next Story

RELATED STORIES

Share it