Flash News

കുമാരസ്വാമി വിശ്വാസം നേടി: 117 അംഗങ്ങളുടെ പിന്തുണ; ബിജെപി ബഹിഷ്‌കരിച്ചു

ബംഗളൂരു: എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് മൂന്നാം ദിവസം കര്‍ണാടക നിയമസഭയില്‍ വിശ്വാസം തെളിയിച്ചു. പ്രതിപക്ഷനേതാവ് ബി എസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി എംഎല്‍എമാര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയതിന് പിന്നാലെയായിരുന്നു വോട്ടെടുപ്പ്. പ്രോടെം സ്പീക്കര്‍ കെ ജി ബൊപ്പയ്യക്ക് പകരം കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥിയും മുന്‍ സ്പീക്കറുമായ രമേഷ് കുമാര്‍ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് സഭാനടപടികള്‍ ആരംഭിച്ചത്.
വിശ്വാസപ്രമേയ വോട്ടെടുപ്പില്‍ പങ്കെടുത്ത് യെദ്യൂരപ്പ പ്രസംഗിച്ചതിനു പിന്നാലെ ബിജെപി സഭ ബഹിഷ്‌കരിക്കുകയായിരുന്നു. വോട്ടെടുപ്പില്‍ വിജയിക്കാനാവില്ലെന്ന് ഉറപ്പായതോടെയായിരുന്നു ബിജെപിയുടെ പിന്മാറ്റം.
222 അംഗ നിയമസഭയില്‍ 112 പേരുടെ പിന്തുണയാണ് ഭൂരിപക്ഷം തെളിയിക്കാന്‍ സര്‍ക്കാരിന് വേണ്ടിയിരുന്നത്. 117 എംഎല്‍എമാര്‍ അനുകൂലമായി വോട്ട് ചെയ്തു. കോണ്‍ഗ്രസ്- 78, ജെഡിഎസ്- 36, ബിഎസ്പി- 1, കെപിജെപി- 1, സ്വതന്ത്രന്‍- 1 എന്നിവരുടെ പിന്തുണയാണ് സര്‍ക്കാരിന് ലഭിച്ചത്. ബിജെപിക്ക് 104 അംഗങ്ങളാണുള്ളത്.
മുമ്പ് ബിജെപിയുമായി സഖ്യമുണ്ടാക്കിയത് തന്റെ രാഷ്ട്രീയജീവിതത്തിലെ കറുത്ത ഏടാണെന്ന് വിശ്വാസപ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു. ബിജെപിയുമായി സഖ്യമുണ്ടാക്കിയതിന് കുമാരസ്വാമി പിതാവ് എച്ച് ഡി ദേവഗൗഡയോട് മാപ്പു പറഞ്ഞു. പിതാവിനെപ്പോലെ മതേതര നിലപാടുകളുമായി മുന്നോട്ടുപോവാനാണ് ആഗ്രഹിക്കുന്നതെന്നും കുമാരസ്വാമി വ്യക്തമാക്കി.  കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കിയതില്‍ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനു ഖേദിക്കേണ്ടിവരുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് യെദ്യൂരപ്പ പറഞ്ഞു. കുമാരസ്വാമി വിശ്വസിക്കാന്‍ കൊള്ളാത്തവനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഭയില്‍ എത്തുന്നതിന് മുമ്പ് കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. കുതിരക്കച്ചവടം തടയുന്നതിന് ഹോട്ടലില്‍ താമസിപ്പിച്ചിരുന്ന എംഎല്‍എമാരെ ഉച്ചയോടെ പ്രത്യേക ബസ്സിലാണ് നിയമസഭയായ വിദാന്‍ സൗധയില്‍ എത്തിച്ചത്.
ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ വിശ്വാസ വോട്ടെടുപ്പിനാണ് കര്‍ണാടക നിയമസഭ സാക്ഷ്യംവഹിച്ചത്. കഴിഞ്ഞദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബി എസ് യെദ്യൂരപ്പ വിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുമ്പ് രാജി പ്രഖ്യാപിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it