കുമാരസ്വാമിയും ജി പരമേശ്വരയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി എച്ച് ഡി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി കോണ്‍ഗ്രസ്സിന്റെ ജി പരമേശ്വരയും ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈകീട്ട് 4.30ന് കര്‍ണാടക വിധാന്‍ സൗധയിലാകും ചടങ്ങ്. നേരത്തേ ഇത് ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി മാറ്റുകയായിരുന്നു. സത്യപ്രതിജ്ഞ ചെയ്ത് 24 മണിക്കൂറിനുള്ളില്‍ വിശ്വാസവോട്ട് നേടുമെന്ന് കുമാരസ്വാമി പറഞ്ഞു.
മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ച് കോണ്‍ഗ്രസും ജെഡിഎസും നടത്തിയ ചര്‍ച്ചകള്‍ക്കു പിന്നാലെ കുമാരസ്വാമി തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കു മുന്നോടിയായി കുമാരസ്വാമി ശൃംഗേരി, ധര്‍മസ്ഥല മഠങ്ങള്‍ സന്ദര്‍ശിച്ച് അനുഗ്രഹം തേടും. പുതിയ സഖ്യസര്‍ക്കാരിലെ 34 മന്ത്രിമാരില്‍ 22 പേര്‍ കോണ്‍ഗ്രസ്സില്‍ നിന്നും 12 പേര്‍ ജെഡിഎസില്‍ നിന്നും ആയിരിക്കുമെന്ന് കോണ്‍ഗ്രസ് കര്‍ണാടക ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. മന്ത്രിമാരെ 24ന് തീരുമാനിക്കും. സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും 25ന് തിരഞ്ഞെടുക്കും. കോണ്‍ഗ്രസ്സിലെ കെ ആര്‍ രമേഷ്‌കുമാര്‍ സ്പീക്കറാവുമെന്നാണ് കരുതുന്നത്.
അതേസമയം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ക്കില്ലെന്ന് ജെഡിഎസ് പരമോന്നത നേതാവ് എച്ച് ഡി ദേവഗൗഡ വ്യക്തമാക്കി.
എന്നാല്‍, നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം കെ സ്റ്റാലിന്‍ എന്നിവര്‍ അറിയിച്ചു. തൂത്തുക്കുടിയിലെ വെടിവയ്പിന്റെ പശ്ചാത്തലത്തിലാണ് സ്റ്റാലിന്‍ യാത്ര റദ്ദാക്കിയത്.
രാഹുല്‍ഗാന്ധി, ഗുലാംനബി ആസാദ്, മായാവതി, മമതാ ബാനര്‍ജി, അഖിലേഷ് യാദവ്, ചന്ദ്രബാബു നായിഡു, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ് സൂപ്പര്‍സ്റ്റാറും മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവുമായ കമല്‍ ഹാസന്‍ തുടങ്ങിയ പ്രമുഖര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിക്കും.
Next Story

RELATED STORIES

Share it