Idukki local

കുമളി-മൂന്നാര്‍ സംസ്ഥാന പാതയോരം കാടുമൂടി



നെടുങ്കണ്ടം: കുമളി - മൂന്നാര്‍ സംസ്ഥാന പാതയോരങ്ങളാണ് കാട് മൂടി കാഴ്ച മറയ്ക്കുന്നത്. പുളിയന്‍മല മുതല്‍ ഉടുമ്പന്‍ചോല വരെ റോഡിന്റെ ഇരുവശങ്ങളും കാട് വളര്‍ന്ന് റോഡിലേക്ക് കിടക്കുകയാണ്. ഇതുമൂലം വാഹനങ്ങള്‍ പരസ്പരം കാണുന്നതിന് സാധിക്കാതെ നിരന്തരം അപകടത്തില്‍ പെടുന്നത് പതിവായിട്ടുണ്ട്. പാമ്പാടുംപാറ മുതല്‍ പുളിയന്‍മല വരെയുള്ള ഭാഗങ്ങളാണ് കുടുതലായും കാട് വളര്‍ന്ന് നില്‍ക്കുന്നത്. വളവുകള്‍ കൂടുതലുള്ള ഈ പ്രദേശത്ത് റോഡിന്റെ പകുതിയോളം കാട് മൂടിയ നിലയിലാണ്. അമ്പതില്‍ പരം ബസുകളും സ്വകാര്യ വാഹനങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളായ തേക്കടിയിലേക്കും മൂന്നാറിലേക്കുമുള്ള നൂറുകണക്കിന് ടൂറിസ്റ്റ് വാഹനങ്ങളും സ്‌കൂള്‍ വാഹനങ്ങളും ഇടതടവില്ലാതെ കടന്നുപോകുന്ന റോഡാണ് ഇത്. വളവുകളില്‍ എതിരെ വരുന്ന വാഹനങ്ങള്‍ കാണാനാകാതെ അപകടത്തില്‍ പെടുന്നത് നിത്യസംഭവമാണ്. എതിരെ വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോള്‍ വാഹനങ്ങള്‍ മറിയുന്നത് അടക്കം ഇത്തരത്തില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. മഴക്കാലം ആരംഭിച്ചതോടെ കോടമഞ്ഞ് നിറയുന്ന മേഖലയില്‍ റോഡിലേക്ക് വളര്‍ന്നുകിടക്കുന്ന കാടുകള്‍ അപകടങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. പ്രദേശവാസികളും ഡ്രൈവര്‍മാരും പലതവണ കാട് വെട്ടി മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
Next Story

RELATED STORIES

Share it