Idukki local

കുമളി-മൂന്നാര്‍ റോഡ് ടാറിങിന് പൊതുമരാമത്ത് നടപടിയില്ല



കുമളി: കുമളി-മൂന്നാര്‍ റോഡില്‍ കുഴികളടച്ച് മുഖം മിനുക്കാനുള്ള പൊതുമരാമത്ത് വകുപ്പിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. കുമളി-മൂന്നാര്‍ റോഡില്‍ കുമളി ടൗണ്‍ മുതല്‍ നാലാംമൈല്‍ വരെയുള്ള ഏഴ് കിലോമീറ്റര്‍ ഭാഗം കുഴി അടച്ച് അറ്റകുറ്റപ്പണികള്‍ നടത്താനാണ് അധികൃതര്‍ നീക്കം നടത്തുന്നത്. ശബരിമല മണ്ഡല മകരവിളക്ക് കാലത്തിനു മുമ്പ് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനായി തിരക്കിട്ടാണ് ജോലികള്‍ നടത്തുന്നത്. കുമളി മൂന്നാര്‍ റോഡില്‍ പൂപ്പാറ മുതല്‍ കുമളിക്ക് സമീപം നാലാംമൈല്‍ വരെയുള്ള ഭാഗത്ത് യന്ത്ര സഹായത്തോടെ പൂര്‍ണ്ണമായും ടാറിംഗ് നടത്താനുള്ള ജോലികളാണ് പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചിട്ടുള്ളത്. എന്നാല്‍ ഈ ഭാഗത്ത് ഏതാനും സ്ഥലം ഒഴിച്ചാല്‍ മറ്റ് ഭാഗങ്ങളിലെ റോഡ് സഞ്ചാരയോഗ്യമാണ്. അതേ സമയം കുമളി മുതല്‍ നാലാംമൈല്‍ വരെയുള്ള ഏഴ് കിലോമീറ്റര്‍ ഭാഗത്ത് റോഡ് തകര്‍ന്നിട്ട് മാസങ്ങള്‍ ഏറെയായി. ദിവസവും വിദേശ വിനോദ സഞ്ചാരികളും നാട്ടുകാരും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന പാതയാണിത്.  പൊട്ടിപൊളിഞ്ഞ നിലയിലുള്ള റോഡിന്റെ ഈ ഭാഗത്ത് രണ്ട് വര്‍ഷം മുമ്പ് അറ്റകുറ്റപ്പണി നടത്തിയിരുന്നു. അന്ന് ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോള്‍  അടുത്ത തവണ പൂര്‍ണ്ണമായും ടാര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. എന്നാല്‍ അന്ന് അറ്റകുറ്റപ്പണികള്‍ ചെയ്ത ഭാഗത്ത് ഇപ്പോള്‍ വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പ് പീരുമേട് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയറുടെ ഓഫീസിനുണ്ടായ വീഴ്ചയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പറയപ്പെടുന്നു. യഥാസമയം പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാതിരുന്നതിനാലാണ് പൂര്‍ണ്ണമായും നടത്തേണ്ട പണി അറ്റകുറ്റപണിയിലേക്ക് മാറാന്‍ ഇടയാക്കിയതെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി. മാത്രമല്ല ഇത്രയും ഭാഗത്തെ അറ്റകുറ്റപ്പണികള്‍ക്കായി ഇരുപത്തി അഞ്ച് ലക്ഷം രൂപ മാത്രമാണ് വകകൊള്ളിച്ചിട്ടുള്ളത്. ഇതില്‍ നിന്നുള്ള പണം ഉപയോഗിച്ച് വേണം ഒന്നാംമൈല്‍ ടൗണിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഐറിഷ് ഓട നിര്‍മ്മിക്കേണ്ടത്. എന്നാല്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് കടന്നു പോകുന്നതിനാല്‍ ഒന്നാംമൈല്‍ ടൗണില്‍ ഐറിഷ് ഓട നിര്‍മ്മിക്കാന്‍ കഴിയില്ലെന്നാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ പൈപ്പുകള്‍ക്ക് കേട് പാട് സംഭവിക്കാതിരിക്കാന്‍ മണ്ണ് അധികം താഴ്ത്താതെ ഓട നിര്‍മ്മിക്കുന്നതിന് തടസ്സമില്ലെന്ന് വാട്ടര്‍ അതോരിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും ഇവിടെ ഓട നിര്‍മ്മിക്കാതെ പണികള്‍ അവസാനിപ്പിക്കാനുള്ള നീക്കവും പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്. നാട്ടുകാര്‍ ഇക്കാര്യം അന്വേഷിച്ചെങ്കിലും വ്യക്തമായ മറുപടി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.  കുമളി ടൗണിന്റെ കവാട പാതയെന്ന നിലയില്‍ ഈ പ്രദേശത്തെ അറ്റകുറ്റപ്പണികള്‍ ഒഴിവാക്കി പൂര്‍ണ്ണമായും ടാറിംഗ് ചെയ്യണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Next Story

RELATED STORIES

Share it