Idukki local

കുമളി പോസ്‌റ്റോഫിസ് നവീകരിച്ച കെട്ടിടത്തിലേക്കു മാറ്റിയില്ല

കുമളി: നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അടച്ച കുമളി പോസ്‌റ്റോഫിസിന്റെ സേവനം വേണ്ടത്ര ലഭിക്കുന്നില്ല. ഇക്കാരണത്താല്‍ വിവിധ ആവശ്യങ്ങള്‍ക്കായി പോസ്‌റ്റോഫിസ് തേടിയെത്തുന്ന വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടയുള്ളവര്‍ വലയുകയാണ്. നവീകരിക്കുന്നതിനു താല്‍ക്കാലികമായി ഒരു കുടുസ്സുമുറിയിലേക്കു മാറ്റിയിരുന്നു. എന്നാല്‍ നവീകരണം കഴിഞ്ഞിട്ടും പഴയ ഓഫിസ് കെട്ടിടത്തിലേക്കു മാറ്റാത്തതിനെ തുടര്‍ന്നാണ് പരാതി ഉയരുന്നത്.
മൂന്നു മാസത്തിനുള്ളില്‍ നവീകരണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുമെന്നാണ് കരാറുകാരന്‍ പോസ്‌റ്റോഫിസ് അധികൃതര്‍ക്ക് ഉറപ്പു നല്‍കിയിരുന്നത്. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നീണ്ടുപോവുകയാണ്. നവീകരണം പൂര്‍ത്തിയായെങ്കിലും ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ശീതസമരമാണ് കുമളി പോസ്‌റ്റോഫിസിന്റെ അധോഗതിക്ക് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഒരു വര്‍ഷം മുമ്പാണ് കുമളി ടൗണില്‍ ദേശീയപാതയ്ക്ക് അഭിമുഖമായി പ്രവര്‍ത്തിച്ചിരുന്ന കുമളി പോസ്‌റ്റോഫിസ് നവീകരണത്തിനായി മാറ്റിയത്. നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന കെട്ടിടത്തിന്റെ പിന്നില്‍ ഉപയോഗ ശൂന്യമായ കെട്ടിടത്തിലേക്കാണ് പോസ്‌റ്റോഫിസ് മാറ്റിയത്. പോസ്‌റ്റോഫിസിനു പിന്നിലെ സംരക്ഷണ ഭിത്തി പൊളിച്ച് ആരും പെട്ടെന്ന് കണ്ടെത്താന്‍ കഴിയാത്ത സ്ഥലത്താണ് ഇവിടേയ്ക്കുള്ള വഴി നിര്‍മിച്ചിട്ടുള്ളത്.
മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്ന കെട്ടിടമാണ് ഇത്. പോസ്റ്റല്‍ ബാങ്കിങ്, എടിഎം എന്നീ സംവിധാനങ്ങളോടെ നവീകരിക്കുന്നതിനാണ് പദ്ധതിയിട്ടത്. നവീകരിക്കുന്നതിന്റെ ഭാഗമായി ഫര്‍ണിച്ചറുകളും ഇവിടെ എത്തിച്ചിട്ടുമുണ്ട്. ഇപ്പോള്‍ പോസ്‌റ്റോഫിസ് വഴി മെഡിക്കല്‍ എന്‍ട്രന്‍സിന്റെ അപേക്ഷകള്‍ വിതരണം ചെയ്യുന്ന സമയമാണ്.
വിവിധ ആവശ്യങ്ങള്‍ക്കും അപേക്ഷകള്‍ വാങ്ങാനെത്തുന്ന കുട്ടികളും അടച്ചിട്ടിരിക്കുന്ന പോസ്‌റ്റോഫിസാണ് കാണുന്നത്. ഇതുമൂലം സമീപത്തുള്ള ഓട്ടോ സ്റ്റാന്റിലും വ്യാപാര സ്ഥാപനങ്ങളിലും അനേഷിച്ചാണ് പോസ്‌റ്റോഫീസ് കണ്ടെത്തുന്നത്. ജില്ലയില്‍ കുമളി, പീരുമേട്, കട്ടപ്പന, നെടുങ്കണ്ടം, മൂന്നാര്‍, തൊടുപുഴ എന്നിവിടങ്ങളിലെ പോസ്‌റ്റോഫിസുകള്‍ വഴിയേ എന്‍ട്രന്‍സിന്റെ അപേക്ഷകള്‍ ലഭ്യമാവുകയുള്ളു. മുന്‍ വര്‍ഷങ്ങളില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ വിതരണം ചെയ്തത് കുമളി പോസ്‌റ്റോഫിസിലൂടെയാണ്. ഇപ്പോള്‍ അപേക്ഷകള്‍ വാങ്ങാന്‍ കുട്ടികള്‍ എത്തുന്നുണ്ടെങ്കിലും പോസ്‌റ്റോഫിസിലേക്കുള്ള വഴി കണ്ടെത്താന്‍ കഴിയാതെ ഇവര്‍ കുഴങ്ങുകയാണ്. മാത്രമല്ല അന്താരാഷ്ട്ര വിനോദ സഞ്ചാരകേന്ദ്രമായി തേക്കടിയില്‍ എത്തുന്ന വിദേശികള്‍ക്ക് ഈ പോസ്‌റ്റോഫിസില്‍ നിന്നു നിരവധി സേവനങ്ങളാണ് ലഭിച്ചിരുന്നത്.
ഇവര്‍ കുമളിയില്‍ നിന്നു നിരവധി പാഴ്‌സലുകളാണ് വിദേശങ്ങളിലേക്ക് അയച്ചിരുന്നത്.അന്യനാടുകളില്‍ നിന്നെത്തുന്ന ഇവര്‍ ഇപ്പോള്‍ സ്വകാര്യ കൊറിയര്‍ സ്ഥാപനങ്ങളെ ആശ്രയിക്കുകയാണ് ചെയ്യുന്നത്. കൂടാതെ സ്റ്റാമ്പ്, റെയില്‍വേ ടിക്കറ്റ് എന്നിവയ്ക്കും വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടയുള്ള ആളുകള്‍ കൂടുതലായും ആശ്രയിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമെന്ന നിലയില്‍ പോസ്‌റ്റോഫിസിനെയാണ്. എന്നാല്‍ കാര്യം അറിയാത്ത ആളുകള്‍ പോസ്‌റ്റോഫിസ് പൂട്ടിയെന്ന ധാരണയില്‍ നിരാശരായി മടങ്ങുകയാണ്. ഓഫിസ് പിന്നിലേക്ക് മാറ്റിയതോടെ വന്‍ വരുമാന നഷ്ടമാണ് കുമളി പോസ്‌റ്റോഫിസിനുണ്ടാവുന്നത്.
Next Story

RELATED STORIES

Share it