Idukki local

കുമളി ചെക്‌പോസ്റ്റില്‍ പരിശോധന കര്‍ശനമാക്കി: എക്‌സൈസിന്റെ പിടിയിലായത് 16 പേര്‍; രജിസ്റ്റര്‍ ചെയ്തത് 16 കേസുകള്‍

വണ്ടിപ്പെരിയാര്‍: കുമളി ചെക്ക്‌പോസ്റ്റില്‍ എക്‌സൈസ് പരിശോധന ശക്തമാക്കി.രണ്ട് മാസത്തിനുള്ളില്‍ 13 കേസുകളിലായി 16 പേരെയാണ് പിടികൂടിയത്.ഇവരില്‍ നിന്നും 5.5 കിലോ കഞ്ചാവും എക്‌സൈസ് പിടിച്ചെടുത്തു.
വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലാണ് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കിയത്.പിടിയിലായവരില്‍ ഭൂരിപക്ഷവും കോളജ് വിദ്യാര്‍ഥികളാണ്.തമിഴ്‌നാട്ടിലെ കമ്പത്തു നിന്നുമാണ് കഞ്ചാവ് ലഭിക്കുന്നതെന്നാണ് പിടിയിലായവര്‍ പറയുന്നത്. ഇരുചക്രവാഹനങ്ങളും കാറുകളും ഉപയോഗിച്ച് കഞ്ചാവ് കടത്തിയിരുന്നവര്‍ എക്‌സൈസ് പരിശോധന കര്‍ശനമാക്കിയതിനെ തുടര്‍ന്നു ബസ്സിലാണ് കഞ്ചാവ് കടത്താ ന്‍ ശ്രമിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ ഒരു ബൈക്ക് മാത്രമാണ് കഞ്ചാവ് കടത്തിനായി ഉപയോഗിച്ചതിനു എക്‌സൈസ് പിടികൂടിയത്. ബസ്സില്‍ യാത്ര ചെയ്യുന്ന മുഴുവന്‍ പേരെയും പരിശോധിക്കാന്‍ കഴിയില്ല എന്നതിനാലാണ് ഈ മാര്‍ഗം കഞ്ചാവ് കടത്തുകാര്‍ ഉപയോഗിക്കുന്നത്. പിടിയിലാവുന്ന യുവാക്കളില്‍ അധികവും കഞ്ചാവ് വില്‍പ്പനയ്ക്ക് വേണ്ടിയല്ല കഞ്ചാവ് കടത്തുന്നത്.
കോളജുകളിലും, സ്‌കൂളുകളിലും കൂട്ടുകാരോടൊപ്പം ഉപയോഗിക്കാന്‍ വേണ്ടിയാണ് കഞ്ചാവ് കടത്തുന്നതെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എക്‌സൈസ് പരിശോധന കര്‍ശനമാക്കിയതിനു ശേഷം അതിര്‍ത്തി കടന്നുള്ള കഞ്ചാവ് കടത്തല്‍ കുറഞ്ഞതായാണ് എക്‌സൈസ് വിലയിരുത്തുന്നത്.
രണ്ടു മാസത്തിനിടയില്‍ ഒരു ദിവസം മാത്രമാണ് രണ്ടു കേസുകളിലായി 3.900 കഞ്ചാവ് പിടികൂടിയത്. തമിഴ്‌നാട് പോലിസുമായി സഹകരിച്ചുള്ള പരിശോധന ആയതിനാല്‍ ഒരു പരിധിവരെ തമിഴ്‌നാട്ടില്‍ വച്ചു തന്നെ കഞ്ചാവ് പിടികൂടാന്‍ കഴിയുന്നുണ്ടെന്നും എക്‌സൈസ് പറയുന്നു.
2015ല്‍ സംസ്ഥാനത്തെ തന്നെ ഏറ്റവും കൂടുതല്‍ കഞ്ചാവ് പിടികൂടിയ എക്‌സൈസ് ഓഫിസാണ് വണ്ടിപ്പെരിയാറിലേത് .ഈ കാലയളവില്‍ 81 കേസുകളാണ് ഇവിടെ പിടികൂടിയത്.
Next Story

RELATED STORIES

Share it