കുപ്രസിദ്ധ മോഷ്ടാവ് കാക്ക രഞ്ജിത്തിന്റെ കൂട്ടാളി അറസ്റ്റില്‍

താമരശ്ശേരി: കുപ്രസിദ്ധ മോഷ്ടാവ് കാക്ക രഞ്ജിത്തിന്റെ കൂട്ടാളി 10 വര്‍ഷത്തിനുശേഷം പിടിയില്‍. ആലപ്പുഴ മുഹമ്മ ചാണിവിളയില്‍ രാജീവിനെയാണ് താമരശ്ശേരി ഡിവൈഎസ്പി ആര്‍ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡ് പിടികൂടിയത്. പുതുപ്പാടി അടിവാരത്ത് ബൈക്ക് യാത്രികനെ അടിച്ചുവീഴ്ത്തി മൂന്നര ലക്ഷം രൂപ കവര്‍ന്ന കേസിന്റെ അന്വേഷണത്തിലാണ് രാജീവ് പിടിയിലായത്. പ്രതി ആലപ്പുഴയിലുള്ളതായി കേസന്വേഷിക്കുന്ന സിഐ എം ഡി സുനിലിന് വിവരം ലഭിച്ചതാണ് അറസ്റ്റിലേക്കു നയിച്ചത്.
ഡിവൈഎസ്പി ആര്‍ ശ്രീകുമാറിന്റെ നിര്‍ദേശപ്രകാരം ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എഎസ്‌ഐ വി കെ സുരേഷ്, സീനിയര്‍ സിപിഒ ബിജു പൂക്കോട്ട്, സിപിഒമാരായ ടി അബ്ദുല്‍ റഷീദ്, ഷിബില്‍ ജോസഫ് എന്നിവര്‍ ആലപ്പുഴയിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഒരാള്‍ നേരത്തെ പിടിയിലായിരുന്നു. ഇവരുടെ കൂട്ടാളികള്‍ വലയിലായതായും സൂചനയുണ്ട്. 2007ല്‍ കോഴിക്കോട്ട് പെട്രോള്‍ പമ്പില്‍ മുളകുപൊടി വിതറി ഏഴര ലക്ഷം രൂപ കവര്‍ന്ന കേസില്‍ പിടിയിലായ കാക്ക രഞ്ജിത്തിന്റെ വലംകൈയാണ് പിടിയിലായ രാജീവ്. മെഡിക്കല്‍ കോളജ് പോലിസ് രജിസ്റ്റര്‍ ചെയ്ത കവര്‍ച്ചക്കേസില്‍ പോലിസ് വര്‍ഷങ്ങളായി അന്വേഷിച്ചു വരുന്നതിനിടെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിരവധി പിടിച്ചുപറികള്‍ക്കാണ് രാജീവ് നേതൃത്വം നല്‍കിയത്. ആലപ്പുഴയിലെ മുഹമ്മ, ആലപ്പുഴ നോര്‍ത്ത്, പാലാരിവട്ടം തുടങ്ങിയ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കവര്‍ച്ച, വധശ്രമം തുടങ്ങിയ കേസുകളില്‍ പ്രതിയാണെങ്കിലും പോലിസിന് പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.
Next Story

RELATED STORIES

Share it