കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണി അറസ്റ്റില്‍

പാലക്കാട്: വര്‍ഷങ്ങളായി ഒളിവിലായിരുന്ന കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണി അറസ്റ്റില്‍. ചെക്‌പോസ്റ്റിനു സമീപമുള്ള ഗോപാലപുരം കരുമാണ്ട കൗണ്ടനൂരിലെ ഭാര്യവീട്ടില്‍ മകനെ കാണാനെത്തിയ ആന്റണിയെ രാവിലെ എട്ടോടെയാണ് ജില്ലാ ക്രൈംസ്‌ക്വാഡും സ്‌പെഷ്യല്‍ ബ്രാഞ്ചും ചേര്‍ന്നു പിടികൂടിയത്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. സുനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കൊല്ലത്ത് പോലിസുകാരനെ കൊന്ന കേസിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമാണ് ആന്റണി. ജില്ലാ പോലിസ് മേധാവി എന്‍ വിജയകുമാറിന്റെ നേതൃത്വത്തില്‍ പ്രതിയെ വിശദമായി ചോദ്യംചെയ്തു. ആന്റണി വര്‍ഗീസ് എന്നാണ് യഥാര്‍ഥ പേര്.

2012 ജൂണ്‍ 25ന് കൊല്ലം പാരിപ്പള്ളിയില്‍ കുളമട ജവഹര്‍ ജങ്ഷനില്‍ വാഹനപരിശോധനയ്ക്കിടെ മാരകായുധങ്ങളുമായി വന്ന ആട് ആന്റണിയെ കസ്റ്റഡിയിലെടുത്ത് ജീപ്പില്‍ കയറ്റുന്നതിനിടയില്‍ എ.എസ്.ഐ. ജോയി, ഡ്രൈവര്‍ മണിയന്‍ പിള്ള എന്നിവരെ കുത്തി രക്ഷപ്പെടുകയായിരുന്നു. മണിയന്‍ പിള്ളയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഈ കേസില്‍ ആന്റണിയെ മൂന്നുവര്‍ഷമായി പോലിസ് അന്വേഷിച്ചുവരുകയാണ്. ഒരുമാസത്തെ നിരീക്ഷണത്തിനുശേഷം ആട് ആന്റണി തന്നെയെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. തുടര്‍ന്ന് ചിറ്റൂര്‍ പോലിസ് സ്‌റ്റേഷനിലും പാലക്കാട് ജില്ലാ പോലിസ് മേധാവിയുടെ ഓഫിസിലും എത്തിച്ചു. വൈകീട്ടോടെ ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കിയശേഷം പരവൂര്‍ സി.ഐ. വി എസ് ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം കൊല്ലത്തേക്കു കൊണ്ടുപോയി.

കൊലപാതകം നടക്കുമ്പോള്‍ കൊല്ലം പോലിസ് എസ്.പിയായിരുന്ന ദേബേഷ്‌കുമാര്‍ ബെഹ്‌റ പ്രതിയെ പാലക്കാട്ടെത്തി ചോദ്യംചെയ്തു. 200ഓളം മോഷണക്കേസില്‍ പ്രതിയാണ് ആട് ആന്റണി. ഷൊര്‍ണൂരിലും ഇയാള്‍ക്കെതിരേ കേസുണ്ടെന്ന് എസ്.പി. വിജയകുമാര്‍ പറഞ്ഞു. രണ്ടു മക്കളുള്ള ബിന്ദു എന്ന സ്ത്രീയെ ഒരുവര്‍ഷം മുമ്പ് കല്യാണം കഴിച്ചശേഷം അവരോടൊപ്പം പാലക്കാട്ടും തമിഴ്‌നാട് തിരുപ്പൂരിനടുത്തും ധാരാപുരത്തുമായി കഴിയുകയായിരുന്നു ആന്റണി. കണ്ണൂര്‍ സ്വദേശിയായ ശെല്‍വരാജ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവതിയെ കല്യാണം കഴിച്ചത്. തുണിയും ഇലക്‌ട്രോണിക് സാധനങ്ങളും കച്ചവടം ചെയ്യുകയാണ് ജോലിയെന്നായിരുന്നു ധരിപ്പിച്ചത്. ആട് ആന്റണി വേഷം മാറി ഗോപാലപുരത്ത് എത്താറുണ്ടെന്ന് പോലിസിനു വിവരം ലഭിച്ചിരുന്നു.

പിന്നീട് വനിതാ പോലിസ്, ബിന്ദുവുമായി സൗഹൃദം സ്ഥാപിച്ച് ആട് ആന്റണിയാണെന്ന് ഉറപ്പിക്കുകയും തിങ്കളാഴ്ച ബിന്ദുവിന്റെ സുഹൃത്തെന്ന നിലയില്‍ വീട്ടില്‍ താമസിക്കുകയും ചെയ്തു. പോലിസുകാരനെ കൊലപ്പെടുത്തിയശേഷം നീപ്പാള്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഒളിവില്‍ താമസിച്ചതായും പിന്നീട് കോയമ്പത്തൂരിലെത്തി ധാരാപുരത്ത് താമസമാക്കിയതായും ചോദ്യംചെയ്യലില്‍ ആന്റണി സമ്മതിച്ചു. മോഷണം മുഖ്യ തൊഴിലാക്കിയ ഇയാളുടെ വീട്ടില്‍നിന്ന് പോലിസ് നിരവധി ഇലക്‌ട്രോണിക് സാധനങ്ങള്‍ കണ്ടെത്തി.
Next Story

RELATED STORIES

Share it