palakkad local

കുപ്രസിദ്ധ ദേവാലയ മോഷ്ടാവ് കുരിശ് ജലീല്‍ അറസ്റ്റില്‍

പാലക്കാട്: കുപ്രസിദ്ധ ദേവാലയ മോഷ്ടാവ് മൂവാറ്റുപുഴ പായിപ്ര സ്വദേശി ജലീല്‍ എന്ന വീരാന്‍കുഞ്ഞ് എന്ന കരുമന്‍ ജലീല്‍ എന്ന കുരിശ് ജലീല്‍ (60) നെ പാലക്കാട് കസബ പോലിസ് അറസ്റ്റ് ചെയ്തു. കഞ്ചിക്കോട് അസീസി സ്‌കൂളിലെ മോഷണവുമായി ബന്ധപ്പെട്ട് സിസിടിവിയില്‍ പതിഞ്ഞ ജലീലിനെ ജില്ലാ ക്രൈംസ്‌ക്വാഡാണ് പിടികൂടിയത്. വിശദമായ ചോദ്യംചെയ്യലില്‍ പാലക്കാട്, മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി നടന്നുവന്ന മുപ്പതോളം കേസുകള്‍ക്ക് തുമ്പായി.
പാലക്കാട് കഞ്ചിക്കോട് അസീസി സ്‌കൂള്‍, ചിറ്റൂര്‍ വിജയമാത കോണ്‍വെന്റ്, ആലത്തൂര്‍ ലിറ്റില്‍ ഫഌവര്‍ ചര്‍ച്ച്, കൊടുവായൂര്‍ ഗവ. ഹൈസ്‌കൂള്‍, വാണിയംപാറയിലെ ക്രിസ്ത്യന്‍ പള്ളി, മുണ്ടൂര്‍ പാല്‍ സൊസൈറ്റി ഓഫിസ്, പാലക്കാട് മിഷന്‍ സ്‌കൂള്‍ ഓഫിസ്, ബിഗ് ബസാര്‍ ഹൈസ്‌കൂള്‍, നൂറണി എല്‍പി സ്‌കൂള്‍, പുത്തൂര്‍ ഗവ. എല്‍പി സ്‌കൂള്‍, കല്ലേപ്പുള്ളി ക്രിസ്ത്യന്‍ പള്ളി, വടക്കഞ്ചേരി, മംഗലം ക്രിസ്ത്യന്‍പള്ളി, മണ്ണാര്‍ക്കാട് തച്ചമ്പാറ ഇസാഫ് ഹോസ്പിറ്റലിന് സമീപമുള്ള ചര്‍ച്ച്, തച്ചമ്പാറയിലെ കന്യാസ്ത്രീമഠം, മലപ്പുറം ജില്ലയിലെ അഞ്ചേരിയിലെ എഇഒ ഓഫിസ്, മഞ്ചേരി ബസ് സ്റ്റാന്റിന് അടുത്തുള്ള കന്യാസ്ത്രീ മഠം, മഞ്ചേരി മെഡിക്കല്‍ കോളജിന് അടുത്തുള്ള കന്യാസ്ത്രീ മഠം, കൈരളി തിയേറ്ററിന് അടുത്തുള്ള ക്രിസ്ത്യന്‍പള്ളി, നിലമ്പൂര്‍ വടപുറത്തുള്ള ക്രിസ്ത്യന്‍പള്ളി, തൃശൂര്‍ കൊക്കാല-ഇരിഞ്ഞാലക്കുട റോഡിലുള്ള ക്രിസ്ത്യന്‍പള്ളി, മണ്ണൂത്തി റോഡിലുള്ള കന്യാസ്ത്രീമഠം, കുന്നംകുളം-ചാവക്കാട് റോഡിലെ ക്രിസ്ത്യന്‍മഠം എന്നിവിടങ്ങളിലും എറണാകുളം ജില്ലയിലെ വിവിധ ക്രിസ്ത്യന്‍പള്ളികളിലും മോഷണം നടത്തിയതായി പ്രതി മൊഴി നല്‍കി.
പതിനെട്ടാം വയസില്‍ മോഷണം തുടങ്ങിയ ജലീല്‍ പാലക്കാട് ടൗണിലാണ് താമസിച്ചുവന്നത്. കുപ്രസിദ്ധ മോഷ്ടാവ് ഷബീര്‍ അലിയുടെ ഗുരുവാണ് ജലീല്‍. പാലക്കാട് ടൗണ്‍ നോര്‍ത്ത്, സൗത്ത്, കസബ, തൃശൂര്‍ ഈസ്റ്റ്, വെസ്റ്റ്, ഇരിങ്ങാലക്കുട, എറണാകുളം, ആലുവ, ചങ്ങനാശ്ശേരി എന്നീ പോലിസ് സ്‌റ്റേഷനുകളില്‍ ജലീലിനെതിരെ കേസുണ്ട്. വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍, ഇരിങ്ങാലക്കുട സബ് ജയില്‍, പാലക്കാട് സബ് ജയില്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍, ആലുവ സബ് ജയില്‍ എന്നിവിടങ്ങളില്‍ തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ജലീല്‍ സ്‌കൂള്‍ വിദ്യാഭ്യാസം നേടിയത് എറണാകുളം ജില്ലയിലെ ഒരു മഠത്തിലായിരുന്നു. അവിടെ നിന്നുണ്ടായ മോശമായ അനുഭവങ്ങളാണ് പ്രതിയെ കന്യാസ്ത്രീമഠങ്ങളും ക്രിസ്ത്യന്‍ സ്ഥാപനങ്ങളും തെരഞ്ഞെടുത്ത് മോഷണം നടത്തുന്നതിന് പ്രേരണയായതെന്ന് പോലിസ് പറഞ്ഞു. അവിവാഹിതനായ ജലീല്‍ മോഷണത്തിലൂടെ ലഭിക്കുന്ന പണം കഞ്ചാവിനാണ് മുഖ്യമായും ചെലവിട്ടത്. ദിവസേന 500 രൂപയുടെ കഞ്ചാവ് ഇയാള്‍ ഉപയോഗിച്ചിരുന്നതായി പോലിസ് പറഞ്ഞു. രാത്രികാലങ്ങളില്‍ മോഷണം നടത്തിയശേഷം പുലരുവോളം അവിടെതന്നെ കിടന്നുറങ്ങുന്നതും പതിവാണ്. പുലര്‍ച്ചെ പ്രഭാതസവാരിക്കാര്‍ക്കൊപ്പം നടന്ന് ബസ് പിടിച്ച് സ്ഥലം വിടുന്നതാണ് രീതി.
പാലക്കാട് ഡിവൈഎസ്പി സുള്‍ഫിക്കറിന്റെ നിര്‍ദേശപ്രകാരം കസബ സിഐ എം ഐ ഷാജി, എസ്‌ഐ പ്രശാന്ത്കുമാര്‍, ജില്ലാ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ ജലീല്‍, ജേക്കബ്, ജയകുമാര്‍, സുനില്‍കുമാര്‍, എം ബി അനൂപ്, നസീര്‍ അലി, റിനോയ്, സി എസ് സാജിദ്, കെ അഹമ്മദ് കബീര്‍, രജിത്ത്, ഷാജുഹാന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കേസ് അന്വേഷിക്കുന്നത്.
Next Story

RELATED STORIES

Share it