Flash News

കുപ്രചരണങ്ങള്‍ക്കെതിരേ എസ്ഡിപിഐ ഡിജിപിക്ക് പരാതി നല്‍കി

കുപ്രചരണങ്ങള്‍ക്കെതിരേ എസ്ഡിപിഐ ഡിജിപിക്ക് പരാതി നല്‍കി
X
പത്തനംതിട്ട: സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യക്കെതിരേ ജില്ലയില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ വന്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് എസ്ഡിപിഐ. ആയുധശേഖരം അടക്കമുള്ള തെറ്റായ പ്രചാരണങ്ങള്‍ക്കെതിരേ ഡിജിപി ലോക്‌നാഥ് ബഹ്‌റക്ക് പരാതി നല്‍കിയതായും ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


പാര്‍ട്ടിക്കെതിരായ കുപ്രചാരണങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അടൂരില്‍ പാര്‍ട്ടിപ്രവര്‍ത്തകന്റെ വീട്ടില്‍ വന്‍ ആയുധശേഖരം പിടികൂടിയെന്ന വാര്‍ത്തയ്ക്ക് പിന്നില്‍. കഴിഞ്ഞദിവസം പിടികൂടിയ ഷഫീഖ് എന്ന യുവാവിന് എസ്ഡിപിഐയുമായി യാതൊരു ബന്ധവുമില്ല. ഇദ്ദേഹത്തിന്റെ അനുജന്‍ റഫീഖ് പാര്‍ട്ടി പ്രവര്‍ത്തകനാണ്. ഇവര്‍ രണ്ടും രണ്ട് വീടുകളിലാണ് താമസിക്കുന്നത്. ഇതിന്റെ യാഥാര്‍ത്ഥ്യം എസ്പി, അടൂര്‍ ഡിവൈഎസ്പി ആര്‍ ജോസ് എന്നിവരെ ബോധ്യപ്പെടുത്തിയതാണ്. എന്നിട്ടും പാര്‍ട്ടിയെ മനപ്പൂര്‍വ്വം അടൂര്‍ ഡിവൈഎസ്പി വലിച്ചിഴച്ചു. പ്രതി എസ്ഡിപിഐ പ്രവര്‍ത്തകനാണന്ന് രാവിലെ പറഞ്ഞ പോലിസ് വൈകീട്ടായപ്പോഴേക്കും അനുഭാവിയാണന്ന് തിരുത്തേണ്ടി വന്നു. യാഥാര്‍ഥ്യം പുറത്താവുന്നതോടെ അനുഭാവിയും അല്ലെന്ന് ബോധ്യമാവുമെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ച്ചയായി ജില്ലയില്‍ പാര്‍ട്ടിക്കെതിരേ വ്യാജ ആരോപണങ്ങള്‍ പോലിസിലെ ഒരുവിഭാഗത്തെ കൂട്ടുപിടിച്ച് സിപിഎം നേതൃത്വം നടത്തുകയാണ്. പത്തനംതിട്ടയില്‍ എസ്എഫ്‌ഐ ജില്ലാനേതാവ് ഉണ്ണിരവിയെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ വെട്ടിവീഴ്ത്തിയെന്ന വ്യാജപ്രചരണം നടത്തി. അന്ന് രാത്രിതന്നെ പത്തനംതിട്ട ടൗണില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചും പാര്‍ട്ടിയുടെ പ്രചരണബോര്‍ഡുകള്‍ നശിപ്പിച്ചും കലാപത്തിന് ശ്രമം നടത്തി. പിറ്റേദിവസം ജില്ലയില്‍ വിദ്യാഭ്യാസബന്ദും ജില്ലയിലുടനീളം പ്രകടനങ്ങള്‍ നടത്തി പാര്‍ട്ടിയെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍, ദുരൂഹത നിലനില്‍ക്കുന്ന ഈ സംഭവത്തിലെ പ്രതികള്‍ എസ്ഡിപിഐയുടെ പ്രവര്‍ത്തകര്‍ അല്ലെന്നറിഞ്ഞതോടെ പ്രചരണം നടത്തിയ മാധ്യമങ്ങളും പോലിസും ജനങ്ങളുടെ മുന്നില്‍ ഇളിഭ്യരായി മാറി. റാന്നി മണ്ഡലത്തിലെ കോട്ടാങ്ങലും ആറന്മുള മണ്ഡലത്തിലെ കാട്ടൂരും അടൂര്‍ മണ്ഡലത്തിലെ പഴകുളം, പന്തളം തുടങ്ങി വ്യാജ പ്രചരണങ്ങളുടെ ഇരയായ നിരവധി പ്രദേശങ്ങളാണ് ജില്ലയിലുള്ളത്. തെറ്റായ വാര്‍ത്തകള്‍ക്കും ആരോപണങ്ങള്‍ക്കും യാതൊരു അടിസ്ഥാനവുമില്ലെന്ന് ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്. സംസ്ഥാനതലത്തില്‍ എസ്ഡിപിഐയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ നടത്തുന്ന ആരോപണങ്ങള്‍ സത്യമല്ലെന്ന് അടൂര്‍ സംഭവത്തിലൂടെ ബോധ്യപ്പെട്ടിരിക്കുകയാണ്. വാര്‍ത്തകള്‍ സൃഷ്ടിച്ച് ആഘോഷമാക്കുന്ന പ്രവണതയാണ് ഇന്ന് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി എസ് മുഹമ്മദ് അനീഷ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it