കുപ്പിവെള്ള വിപണിയില്‍ വ്യാജന്മാര്‍ വിലസുന്നു; നിയമങ്ങള്‍ പാലിക്കാത്തതിന് രണ്ടു മാസത്തിനിടെ പൂട്ടിയത് 14 യൂനിറ്റുകള്‍

കുപ്പിവെള്ള വിപണിയില്‍ വ്യാജന്മാര്‍ വിലസുന്നു; നിയമങ്ങള്‍ പാലിക്കാത്തതിന് രണ്ടു മാസത്തിനിടെ പൂട്ടിയത് 14 യൂനിറ്റുകള്‍
X
water-final

പി പി ഷിയാസ്

തിരുവനന്തപുരം: വേനല്‍ കടുത്തതോടെ സംസ്ഥാനത്ത് കുപ്പിവെള്ള വിപണിയില്‍ വ്യാജന്മാര്‍ വിലസുന്നു. ചൂടുകാലത്ത് കുപ്പിവെള്ളത്തെ ആശ്രയിക്കുന്ന മലയാളികളുടെ എണ്ണം വര്‍ധിച്ചതാണ് വ്യാജന്മാര്‍ മുതലാക്കുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് എല്ലാ ജില്ലയിലും പരിശോധന കര്‍ശനമാക്കി.

ജില്ലാ ഫുഡ് സേഫ്റ്റി ഓഫിസര്‍മാരുടെ നേതൃത്വത്തിലാണു പരിശോധന. രണ്ടുമാസത്തിനിടെ മാനദണ്ഡങ്ങള്‍ പാലിക്കാതെ കുടിവെള്ളം വിപണിയിലെത്തിച്ച 14 യൂനിറ്റുകളാണ് വകുപ്പിന്റെ നിര്‍ദേശപ്രകാരം പൂട്ടിയത്. നിയമങ്ങള്‍ പാലിക്കാതെ നിരവധി ബ്രാന്‍ഡ് കുപ്പിവെള്ളം പുറത്തിറങ്ങുന്നുണ്ടെന്നും ഇത് സുരക്ഷിതമല്ലെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസം കോട്ടയത്ത് രണ്ട് യൂനിറ്റുകള്‍ പരിശോധന നടത്തി പൂട്ടിയതായി ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഓഫ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ജി ഗോപകുമാര്‍ പറഞ്ഞു.
പല യൂനിറ്റുകളും പ്രവര്‍ത്തിക്കുന്നത് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേഡ്‌സ് നല്‍കുന്ന ഐഎസ്‌ഐ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ്. മാത്രമല്ല വെള്ളം ശേഖരിക്കുന്ന സ്രോതസ്സുകള്‍ പലതും മോശവുമാണ്. പുഴ, തോട്, അണക്കെട്ട്, കുഴല്‍ക്കിണര്‍ തുടങ്ങിയ ഇടങ്ങളില്‍നിന്നൊക്കെയാണ് പല യൂനിറ്റുകളും വെള്ളം ശേഖരിക്കുന്നത്.
ഇങ്ങനെ ശേഖരിക്കുന്ന വെള്ളത്തില്‍ രാസപദാര്‍ഥങ്ങളുടെ അംശം, ബാക്ടീരിയ തുടങ്ങിയവ ഉണ്ടാവും. ഇതൊക്കെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കാണു കാരണമാവുക. കഴിഞ്ഞദിവസങ്ങളില്‍ പരിശോധന നടത്തിയ പല യൂനിറ്റുകളില്‍ നിന്നും ശേഖരിച്ച വെള്ളത്തിന്റെ സാംപിള്‍ ലാബുകളില്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് ജി ഗോപകുമാര്‍ പറഞ്ഞു.
മൈക്രോബയോളജി ലാബ് ടെസ്റ്റില്‍ വെള്ളം ശുദ്ധമല്ലെന്നു തെളിഞ്ഞാല്‍ യൂനിറ്റുകള്‍ അടച്ചുപൂട്ടല്‍, നഷ്ടപരിഹാരം ഈടാക്കല്‍, തടവും പിഴയും അടക്കമുള്ള നടപടികള്‍ ഉണ്ടാവും. വെള്ളത്തില്‍ ബാക്ടീരിയ കണ്ടെത്തിയാല്‍ 10 വര്‍ഷം തടവും 10 ലക്ഷം പിഴയുമാണു ശിക്ഷ.
അസിഡിറ്റി കൂടുതല്‍, പിഎച്ച് മൂല്യം കുറവ്, നൈട്രേറ്റ്, ബാക്ടീരിയ എന്നീ പ്രശ്‌നങ്ങളാണ് വ്യാജന്മാരുടെ വെള്ളത്തില്‍ പൊതുവെ ഉണ്ടാവുന്നതെന്ന് അധികൃതര്‍ പറയുന്നു. നിലവില്‍ കുപ്പിവെള്ള ഉല്‍പാദന മേഖലയില്‍ സംസ്ഥാനത്ത് 13 ജില്ലകളിലായി 156 അംഗീകൃത കമ്പനികളാണ് ഉള്ളത്. ഇതില്‍ ഏറ്റവും കൂടുതലുള്ളത് എറണാകുളം ജില്ലയിലാണ്- 53. വയനാട് മാത്രമാണ് വെള്ളം ശുദ്ധീകരിച്ചു കുപ്പിയിലാക്കുന്ന കമ്പനിയില്ലാത്ത ഏക ജില്ല. മറ്റു ജില്ലകളില്‍ നിന്നാണ് ഇവിടെ കുപ്പിവെള്ളം എത്തുന്നത്.
തിരുവനന്തപുരം-14, കൊല്ലം-9, ആലപ്പുഴ-4, കോട്ടയം-6, പത്തനംതിട്ട-15, ഇടുക്കി-4, തൃശൂര്‍-18, പാലക്കാട്-12, കോഴിക്കോട്-6, മലപ്പുറം-4, കണ്ണൂര്‍-8, കാസര്‍കോട്-3 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ അംഗീകൃത കുപ്പിവെള്ള കമ്പനികളുടെ എണ്ണം. പ്രധാനമായും അര ലിറ്റര്‍, ഒരു ലിറ്റര്‍, രണ്ടു ലിറ്റര്‍ എന്നിങ്ങനെയാണ് വില്‍പന. കൂടാതെ ഓഫിസുകളില്‍ 20 ലിറ്ററിന്റെ ജാറിലും വെള്ളമെത്തിക്കുന്നു. ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് ഏഴു രൂപയോളമാണ് ശരാശരി നിര്‍മാണച്ചെലവ്. എട്ടോ ഒമ്പതോ രൂപയ്ക്ക് വിതരണക്കാരനു നല്‍കുന്നു. വിതരണക്കാരന്‍ ഗതാഗതച്ചെലവും കയറ്റിറക്കും തൊഴില്‍ച്ചെലവുമെല്ലാം കഴിഞ്ഞ് രണ്ടോ മൂന്നോ രൂപ ലാഭമെടുത്തേക്കും. ഇത് റീട്ടെയില്‍ കടയിലെത്തുമ്പോള്‍ 20 രൂപയാണു വില. ഇങ്ങനെ വന്‍ലാഭമാണ് റീട്ടെയില്‍ കടക്കാര്‍ ഈടാക്കുന്നത്.
റയില്‍വേ മാത്രമാണ് 15 രൂപയ്ക്ക് കുപ്പിവെള്ളം വില്‍ക്കുന്നത്. രോഗങ്ങളില്‍ നിന്നു മുക്തിനേടാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണമെന്ന ആരോഗ്യവകുപ്പിന്റെ നിര്‍ദേശം അവഗണിച്ച് മലയാളികള്‍ കുപ്പിവെള്ളത്തിനു പുറകെ പോവുമ്പോള്‍ രോഗാണു സംക്രമണത്തിനുള്ള സാധ്യതയും കൂടുകയാണ്.
Next Story

RELATED STORIES

Share it