kannur local

കുപ്പിവെള്ള കമ്പനികളില്‍ കര്‍ശന പരിശോധന

കണ്ണൂര്‍:  ജില്ലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കെ കുപ്പിവെള്ള കമ്പനികളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കി. ഇതിനായി രൂപീകരിച്ച സ്‌പെഷ്യല്‍ സ്‌ക്വാഡ് ആറു കമ്പനികളിലും വിതരണ കേന്ദ്രങ്ങളിലും പരിശോധന നടത്തി സാംപിളുകള്‍ ശേഖരിച്ചു. സാംപിളുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കൂടാതെ പഞ്ചായത്ത്തല പരിപാടിയുടെ ഭാഗമായി ജില്ലയിലെ പൊതുകിണറുകളിലും ജലവിതരണ കേന്ദ്രങ്ങളിലും പരിശോധന നടത്തി 100 സാംപിളുകള്‍ ശേഖരിച്ചു. എക്‌സൈസ് വകുപ്പിന്റെ സഹകരണത്തോടെ ബാറുകളിലും കള്ളുഷാപ്പുകളിലും പരിശോധന നടത്തുകയും നോട്ടീസ് നല്‍കുകയും ചെയ്തു. ലെസ്സി ഷോപ്പുകളിലും റെയ്ഡുണ്ടായി. ഏറ്റവും കൂടുതല്‍ മായം കണ്ടെത്തുന്നത് വെളിച്ചെണ്ണയിലാണെന്നും പാലക്കാട്, മലപ്പുറം, തൃശൂര്‍ ഭാഗങ്ങളില്‍നിന്ന് മായം ചേര്‍ത്ത നിരവധി ബ്രാന്‍ഡുകളിലുള്ള വെളിച്ചെണ്ണകള്‍ ജില്ലയില്‍ എത്തുന്നതായും ഫുഡ്‌സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.
ഈ കമ്പനികള്‍ക്കെതിരേ കേസെടുക്കുമ്പോള്‍ ബ്രാന്‍ഡും കമ്പനിയുടെ പേരും മാറ്റി പുതിയ ബ്രാന്‍ഡില്‍ ഇതേ ഉല്‍പന്നം വിപണിയിലെത്തിക്കുകയാണു പതിവ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ വിവിധ മേഖലകളില്‍ നടത്തിയ പരിശോധനയില്‍ 15,36,000 രൂപ പിഴയീടാക്കി. ഇതുമായി ബന്ധപ്പെട്ട് തലശ്ശേരി സബ് കലക്ടര്‍ മുമ്പാകെ 150 കേസുകളും, വിവിധ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതികളിലായി 27 കേസുകളും നിലവിലുണ്ട്്. കോളജുകളിലെയും സ്‌കൂളുകളിലെയും കാന്റീനുകളില്‍ പരിശോധന നടത്തി നോട്ടീസ് നല്‍കുകയും പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. പരാതികളില്‍ അതിവേഗം സ്ഥലത്തെത്തി അന്വേഷിക്കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്വിക്ക് റെസ്‌പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനവും സജീവമാണ്. സമ്പൂര്‍ണ ഭക്ഷ്യസുരക്ഷ നടപ്പാക്കിയ ജില്ലയില്‍ തിരഞ്ഞെടുത്ത 14 പഞ്ചായത്തുകളില്‍ കുടിവെള്ള പരിശോധന നടത്തി. കഴിഞ്ഞ വര്‍ഷം ചിറക്കല്‍, കടമ്പൂര്‍, ചെറുകുന്ന്, പാട്യം പഞ്ചായത്തുകളിലും ഈ വര്‍ഷം മുഴപ്പിലങ്ങാട്, എരഞ്ഞോളി, കോട്ടയം മലബാര്‍, ചിറ്റാരിപറമ്പ്, കോളയാട്, മുണ്ടേരി, ഏഴോം, എമരം കുറ്റൂര്‍, കുറുമാത്തൂര്‍, ചെങ്ങളായി പഞ്ചായത്തുകളിലുമാണ് പദ്ധതി നടപ്പാക്കിയത്.
പ്രധാന മല്‍സ്യബന്ധന-വിപണന കേന്ദ്രങ്ങളായ തലശ്ശേരി, ആയിക്കര, പഴയങ്ങാടി എന്നിവിടങ്ങളില്‍ ഫിഷറീസ് വകുപ്പുമായി സഹകരിച്ച് വ്യാപാരികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി. മീന്‍മാര്‍ക്കറ്റുകളിലും ഐസ് ഉല്‍പാദന കമ്പനികളിലും പരിശോധനയുണ്ടായി.
Next Story

RELATED STORIES

Share it