Flash News

കുപ്പിവെള്ള അഴിമതി; സിബിഐ റെയ്ഡില്‍ 20 കോടി പിടിച്ചെടുത്തു

ന്യൂഡല്‍ഹി: ട്രെയിനുകളില്‍ ഗുണനിലവാരമില്ലാത്ത കുടിവെള്ളം വിതരണം ചെയ്ത സ്വകാര്യ കാറ്ററിങ് കമ്പനികളുടെ കൊള്ളയ്ക്കു കൂട്ടുനിന്ന രണ്ട് ഉന്നത ഉദ്യോഗസ്ഥരെ റെയില്‍വേ സസ്‌പെന്‍ഡ് ചെയ്തു. നോര്‍തേണ്‍ റെയില്‍വേയിലെ കാറ്ററിങ് ചുമതലയുള്ള ചീഫ് കമേഴ്‌സ്യല്‍ മാനേജര്‍മാരായ എം എസ് ചാലിയ, സന്ദീപ് സിലാസ് എന്നിവര്‍ക്കെതിരേ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് രണ്ട് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തതായി റെയില്‍വേ അറിയിച്ചത്. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍മാരിലൊരാളായ സന്ദീപ് സിലാസ് ഒരു കേന്ദ്രമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.

നോര്‍തേണ്‍ റെയില്‍വേയിലെ പുറത്തായ രണ്ട് ഉദ്യോഗസ്ഥരുടെയും വസതികളിലും ഏഴു സ്വകാര്യ സ്ഥാപനങ്ങളിലും ഉള്‍പ്പെടെ ഡല്‍ഹിയിലും നോയിഡയിലുമായി 13 സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ സിബിഐ 20 കോടി രൂപ കണ്ടെടുത്തു. ഇവരുടെ വസതികളില്‍ നിന്നു നിരവധി രേഖകളും കണ്ടെടുത്തതായി സിബിഐ വക്താവ് ദേവപ്രീത് സിങ് പറഞ്ഞു. ആര്‍കെ അസോസിയേറ്റ്‌സ്, സത്യം കാറ്ററേഴ്‌സ്, അംബുജ് ഹോട്ടല്‍ ആന്റ് റിയല്‍ എസ്‌റ്റേറ്റ്, പികെ അസോസിയേറ്റ്‌സ്, സണ്‍ഷൈന്‍, വൃന്ദാവന്‍ ഫുഡ് പ്രൊഡക്റ്റ്‌സ് എന്നീ കമ്പനികളിലാണ് റെയ്ഡ് നടത്തിയത്. ട്രെയിനുകളില്‍ വിതരണം ചെയ്യേണ്ട അംഗീകൃത കുപ്പിവെള്ളത്തിനു പകരം റെയില്‍വേ ഉദ്യോഗസ്ഥരുടെ പിന്തുണയോടെ ഗുണനിലവാരമില്ലാത്ത കുടിവെള്ളം വിതരണം ചെയ്തതായാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. രാജധാനി, ശതാബ്ദി എക്‌സ്പ്രസ് ട്രെയിനുകളില്‍ റെയില്‍വേയുടെ സ്വന്തം ബ്രാന്‍ഡായ റെയില്‍നീര്‍ കുടിവെള്ളം മാത്രമേ വിതരണം ചെയ്യാന്‍ പാടുള്ളൂവെന്നു കര്‍ശന നിര്‍ദേശമുണ്ട്. എന്നാല്‍, ഈ ട്രെയിനുകളില്‍ ഉള്‍പ്പെടെ പുറത്തുനിന്നു ഗുണനിലവാരമില്ലാത്ത കുപ്പിവെള്ളം കുറഞ്ഞ നിരക്കില്‍ വാങ്ങി യാത്രക്കാര്‍ക്ക് നല്‍കുകയായിരുന്നു. 10.50 രൂപ നിരക്കില്‍ വാങ്ങുന്ന റെയില്‍നീര്‍ കുപ്പിവെള്ളം 15 രൂപയ്ക്ക് വില്‍ക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, പുറത്തുനിന്ന് 6 രൂപയ്ക്ക് കിട്ടുന്ന ഗുണനിലവാരമില്ലാത്ത കുപ്പിവെള്ളം വാങ്ങി 15 രൂപയ്ക്കു വ്യാജ ബ്രാന്‍ഡുകളില്‍ കരാറുകാര്‍ ട്രെയിനുകളില്‍ വില്‍ക്കുകയായിരുന്നു. നിശ്ചയിച്ചിരിക്കുന്ന ക്വാട്ട കരാറുകാര്‍ എടുക്കുന്നില്ലെന്ന ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പറേഷന്‍ (ഐആര്‍സിടിസി)യുടെ പരാതിയെത്തുടര്‍ന്നാണ് കേസ് സിബിഐയുടെ പക്കലെത്തിയത്. ഇതേത്തുടര്‍ന്ന് നടന്ന പരിശോധനയിലാണ് അഴിമതി പുറത്താവുന്നതും ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ കുടുങ്ങുന്നതും.
Next Story

RELATED STORIES

Share it