Kollam Local

കുന്നിക്കോട് ടൗണിലെ ഇ-ടോയ്‌ലറ്റ്പ്രവര്‍ത്തന രഹിതം

കുന്നിക്കോട്:പത്തനാപുരം താലൂക്കിലെ ആദ്യ ഇ-ടോയ്‌ലറ്റ് പ്രവര്‍ത്തനം നിലച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. ഒരു മാസത്തെ ഉപയോഗത്തെ തുടര്‍ന്ന് ചെറിയ തകരാര്‍ നേരിട്ട ശൗചാലയം അറ്റകുറ്റപണികള്‍ നടത്താതെ അധികൃതര്‍  ഉപേക്ഷിക്കുകയായിരുന്നു. വിളക്കുടി ഗ്രാമപ്പഞ്ചായത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍. ടോയ്‌ലറ്റ് ഉപയോഗത്തിന് ആവശ്യമായ വെള്ളം സംഭരിക്കാനുള്ള ടാങ്ക് സ്ഥാപിക്കാത്തതിനെ തുടര്‍ന്നാണ് ശൗചാലയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ പ്രധാനകാരണം. ടോയ്‌ലറ്റ് ഉപയോഗത്തിന് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനില്‍നിന്ന് നേരിട്ട് വെള്ളമെടുത്തത് കാരണം ഉന്നത മര്‍ദ്ദത്തില്‍ കടന്ന് വന്ന വെള്ളം ഇ-ടോയ്‌ലറ്റിന്റെ ജലസേചന സംവിധാനം തകരാറിലാക്കുകയായിരുന്നു. നിര്‍മ്മല്‍ പുരസ്‌ക്കാരത്തുകയായി പഞ്ചായത്തിന് ലഭിച്ച അഞ്ച് ലക്ഷത്തോളം രൂപ വിനിയോഗിച്ച് 2012 നവംബര്‍ ആദ്യമാണ് വിളക്കുടി ഗ്രാമപ്പഞ്ചായത്ത് ടോയ്‌ലറ്റ് സ്ഥാപിച്ചത്. പത്തനാപുരം,പുനലൂര്‍ താലൂക്ക് പരിധിയില്‍ ആദ്യമായി വന്ന് ഇ-ടോയ്‌ലറ്റ് സംവിധാനമായിരുന്നു കുന്നിക്കോട് ഉള്ളത്. ഒരു രൂപ നാണയമുണ്ടെങ്കില്‍ ആര്‍ക്കും ലളിതമായി ഉപയോഗിക്കാവുന്ന തരത്തിലുള്ളതായിരുന്നു ഇ-ടോയ്‌ലറ്റ്. കുന്നിക്കോട് ടൗണില്‍ ദേശീയ പാതയോട് ചേര്‍ന്ന് ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് മുന്നിലായിരുന്നു ഇത്. തിരക്കേറിയ ടൗണിന് നടുവില്‍ പാതയോരത്തായി ടോയ്‌ലറ്റ് സ്ഥാപിക്കുന്നത് ഏറെ ഒച്ചപ്പാടുകള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ച് സഥാപിച്ച ടോയ്‌ലറ്റ് ഒരുമാസം പോലും പ്രവര്‍ത്തിച്ചതുമില്ല. കെല്‍ട്രോണിനായിരുന്നു നിര്‍മാണ ചുമതലയും അറ്റകുറ്റപണിക്കുള്ള ഉത്തരവാദിത്വവും. എന്നാല്‍ ടൗണിന് നടുവില്‍ത്തന്നെ ടോയ്‌ലറ്റ് സ്ഥാപിച്ചതിലുള്ള എതിര്‍പ്പിനെ തുടര്‍ന്ന് പിന്നീട് പഞ്ചായത്ത് സമിതി ഇത് നന്നാക്കാനോ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാനോ കൂട്ടാക്കിയില്ല. ഇപ്പോള്‍ പോസ്റ്ററുകള്‍ ഒട്ടിച്ചും വഴിയോര കച്ചവടക്കാര്‍ കൈയേറിയും ടോയ്‌ലെറ്റ് നാശവസ്ഥയിലായി.
Next Story

RELATED STORIES

Share it