thrissur local

കുന്നത്ത്കാട് കുടുംബക്ഷേമ കേന്ദ്രത്തിന് ശാപമോക്ഷമാവുന്നു

മാള: ഏറെ കാലമായി അറ്റകുറ്റപ്പണിയോ നവീകരണമോ ഇല്ലാതെ ശോച്യാവസ്ഥയിലായിരുന്ന മാള  ഗ്രാമപ്പഞ്ചായത്തിലെ പതിനേഴാം വാര്‍ഡില്‍  വടമ കുന്നത്ത്കാടുള്ള കുടുംബക്ഷേമ കേന്ദ്രത്തിന് ശാപമോക്ഷമാകുന്നു. പഞ്ചായത്തിന്റെ പ്ലാന്‍  ഫണ്ടില്‍ നിന്ന് അനുവദിച്ച പത്ത് ലക്ഷം രൂപ   ഉപയോഗിച്ചാണ് ശോച്യാവസ്ഥയിലായ  കുടുംബക്ഷേമ കേന്ദ്രം നവീകരിക്കുന്നത്.
കെട്ടിടത്തിന്റെ മുന്നിലുള്ള തുരുമ്പെടുത്ത് നശിച്ച് ചോര്‍ന്നൊലിക്കുന്ന ഷീറ്റുകള്‍ മാറ്റി പുതിയ  ഷീറ്റുകള്‍ പിടിപ്പിച്ച് ചോര്‍ച്ച പരിഹരിച്ചു. തകര്‍ന്ന ചുറ്റുമതിലിന്റെ പുനര്‍നിര്‍മാണം  പൂര്‍ത്തീകരിച്ചു. മുറ്റത്ത് ടൈറ്റസ് പാകി ഭംഗിയാക്കി. കിണറിന്റെ ആള്‍മറ നവീകരിച്ചു. കിണറിലെ വെള്ളം ക്ലോറിനൈസ് ചെയ്ത് ശുദ്ധീകരിച്ച് ഉപയോഗ  പ്രദമാക്കും. കെട്ടിടവും ചുറ്റുമതിലും പെയിന്റ് ചെയ്ത് മോടികൂട്ടിയിട്ടുണ്ട്. മാള സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ സബ് സെന്ററായ ഇവിടെ നിന്ന് ലഭിച്ചിരുന്ന സേവനങ്ങള്‍ ഏറെ കാലമായി  നിലച്ചമട്ടാണ്്്. അതിനാല്‍  ഈ പ്രദേശത്തെ ആളുകള്‍ ചെറിയ  രോഗങ്ങള്‍ക്ക് പോലും ചികില്‍സ തേടി ആറ് കിലോമീറ്റര്‍ അകലെയുള്ള മാള സാമൂഹികാരോഗ്യ  കേന്ദ്രത്തില്‍ പോകേണ്ട ദുരവസ്ഥയാണ് ഇപ്പോഴുമുള്ളത്. ഇവിടെ രോഗികളെ പരിശോധിക്കുന്നതിനുള്ള മുറിയും  നഴ്‌സിന് താമസിക്കുന്നതിനുള്ള  ക്വാര്‍ട്ടേഴ്‌സുമുണ്ടെങ്കിലും ഏറെ കാലമായി ഡോക്ടറുടെയോ നഴ്‌സിന്റേയോ സേവനങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതിയാണ് നാട്ടുകാര്‍ക്കുള്ളത്. ഇവിടെ  താമസിക്കാന്‍ സന്നദ്ധരായ നഴ്‌സുമാരെ കിട്ടാത്ത സാഹചര്യമാണുള്ളതെന്നാണ് വാര്‍ഡംഗം പറയുന്നത്.
കൂടാതെ മാള സാമൂഹികാരോഗ്യ  കേന്ദ്രത്തില്‍ നിന്നും ഇങ്ങോട് ഡോക്ടറെ അയക്കണമെന്ന ആവശ്യവും അധികൃതര്‍ അംഗീകരിക്കുന്നില്ല. കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍, ഗര്‍ഭിണികഗള്‍ക്കും അമ്മമാര്‍ക്കുമുള്ള മരുന്നുവിതരണം, പ്രഥമ ശുശ്രൂഷ നല്‍കല്‍, ജീവിത ശൈലി രോഗ പരിശോധന, മരുന്ന് വിതരണം തുടങ്ങിയ സേവനങ്ങള്‍ മുന്‍പ് ഇവിടെ നിന്ന് ലഭിച്ചിരുന്നു. ഏറെ നാളായുള്ള കെട്ടിടത്തിന്റെ ശോച്യാവസ്ഥക്ക് പരിഹാരമായതോടെ മുന്‍പ് ലഭിച്ചിരുന്ന സേവനങ്ങള്‍  പുനസ്ഥാപിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ്  നാട്ടുകാര്‍.
Next Story

RELATED STORIES

Share it