thrissur local

കുന്നംകുളം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ബഹളം, കൈയാങ്കളി

കുന്നംകുളം: നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ബഹളം കയ്യാങ്കളി. അജണ്ട പിടിച്ചുവാങ്ങിയ ബിജെപി അംഗത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കൗണ്‍സില്‍ അവസാനിപ്പിച്ചു. പിരിട്ടുവിട്ട കണ്ടിജന്റ് ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവാശ്യപെട്ട് കോണ്‍ഗ്രസ് വിമത കൗണ്‍സിലര്‍മാര്‍ നടുത്തളത്തിലിറങ്ങി. ഏഴ് കണ്ടിജന്റ് ജീവനക്കാരെ പിരിട്ടുവിട്ടതില്‍ അഞ്ചു പേരെ തിരിച്ചെടുക്കാമെന്ന് കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍മാന്‍ നല്‍കിയ ഉറപ്പുപാലിച്ചില്ലെന്നും ഇത് സംമ്പന്ധിച്ച് മറുപടി പറയണമെന്നും ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സുമ ഗംഗാധരന്‍ കൗണ്‍സില്‍ ആരംഭിച്ചയുടന്‍ സഭയിലവതരണംനടത്തി.
എന്നാല്‍ അധ്യക്ഷ ഇതിന് മറുപടി പറയാന്‍ തുനിഞ്ഞതോടെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുകൂടിയായ ബിജു സി ബേബി ബസ്സ്റ്റാന്റ് വിഷയത്തിലൂന്നി സംസാരിച്ചു തുടങ്ങിയതോടെയാണ് ബഹളമാരംഭിച്ചത്. കോണ്‍ഗ്രസ്സിലെ ബിജു ഉള്‍പടേയുള്ള നാലുപേര്‍ പുറത്താക്കപെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടിയായ ജീവനക്കാരെ തിരിച്ചെടുക്കാതിരിക്കുന്നതിന് സി പിഎമ്മിനൊപ്പം ചേര്‍ന്ന് സഭയില്‍ നാടകം കളിക്കുകയാണെന്നുമാരോപിച്ച് ഷാജി ആലിക്കലിന്റെ നേതൃത്വത്തില്‍ ഏഴു അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. എന്നാല്‍ ഇത് ഗൗനിക്കാതെ അജണ്ടവായിച്ചു തുടങ്ങിയെങ്കിലും ബിജെപിയിലെ ഗീതാ ശശി അജണ്ട പിടിച്ചുവാങ്ങി, വിഷയത്തില്‍ മറുപടി പറയാതെ അജണ്ടയിലേക്ക് കടക്കരുതെന്നായിരുന്നു ആവശ്യം, ഇതോടെ മറ്റു ബിജെപി പ്രവര്‍ത്തകരും ഡയസിനു മുന്നിലെത്തിയപ്പോള്‍ സിപിഎം അംഗങ്ങള്‍ ഡയസിനു ചുറ്റുമെത്തി ചെയര്‍പെഴ്‌സന് രക്ഷയായി നിലകൊണ്ടു. ഇതിനിടയിലാണ് ബിജെപി-സിപിഎം അംഗങ്ങള്‍ തമ്മില്‍ നേരിയ കയ്യാങ്കളിയുണ്ടായത്. എങ്കിലും ബഹളം വകവെക്കാതെ ചെയര്‍പഴ്‌സണ്‍ ബെല്ലടിച്ച് യോഗം പിരിച്ചുവിട്ടു. കൗണ്‍സിലില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തമ്മിലുള്ള തര്‍ക്കം പതിവുപോലെ തുടരുക തന്നെയാണ്. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ ബജറ്റിനെ എതിര്‍ത്ത് സംസാരിച്ചശേഷം വോട്ടെടുപ്പിനു നില്‍ക്കാതെ ബിജു സി ബേബിയുടെ നേതൃത്വത്തിലുള്ള നാലംഗ കൗണ്‍സിലര്‍മാര്‍ പുറത്തുപോയത് സിപിഎമ്മിനെ സഹായിക്കാനാണെന്നും കോണ്‍ഗ്രസ്സിന്റെ കുപ്പായമിട്ട് കൗണ്‍സിലില്‍ സിപിഎമ്മിനെ പിന്തുണക്കുകയാണിവരെന്നും ഷാജി ആരോപിച്ചു. പുറത്താക്കപെട്ട ജീവനക്കാര്‍ കോണ്‍ഗ്രസ് അനുഭാവികളാണ്. സിപിഎമ്മിന്റെ രാഷ്ട്രീയമായ ചേരിതിരിവുമൂലം തൊഴില്‍ നഷ്ടപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിനു പകരം സിപിഎമ്മിനെ പിന്തുണക്കാനാണ് പാര്‍ട്ടി താല്‍പര്യം പ്രകടിപ്പിക്കുന്നത്. ഇത് തിരഞ്ഞെടുത്തജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിമത പക്ഷം പറയുന്നു.
എന്നാല്‍ ഇവര്‍ ബിജെപിയുമായി കൂട്ടുകൂടി സമരം നടത്തുന്നതിനാലാണ് തങ്ങള്‍ പിന്തുണക്കാത്തതെന്നായിരുന്നു ബിജു സി ബേബിയുള്‍പ്പടേയുള്ളവര്‍ പറയുന്നത്. കണ്ടിജന്റ് ജീവനക്കാരെ തിരിച്ചെടുക്കാത്തതും, ഒപ്പം ബഡ്ജറ്റ് വോട്ടിനിട്ടില്ലെന്നുമാരോപിച്ചായിരുന്നു ബിജെപി അംഗങ്ങളുടെ പ്രതിഷേധം. കൗണ്‍സില്‍ പിരിച്ചുവിട്ടതോടെ കൗണ്‍സിലര്‍മാര്‍ ചെയര്‍പഴ്‌സന്റെ കാബിനിലെത്തി ചര്‍ച്ചനടത്തി. ബുധനാഴ്ച രാവിലെ 11 ന് കണ്ടിജന്റ് ജീവനക്കാരുമായി ബന്ധപെട്ട വിഷയം ചര്‍ച്ചചെയ്യാമെന്ന ഭരണ സമതി ഉറപ്പിനു ശേഷമാണ് ഇവര്‍ പിരിഞ്ഞു പോയത്.
ബജറ്റ് വോട്ടിനിടാന്‍ യോഗത്തില്‍ അംഗങ്ങളാരും ആവശ്യപെട്ടിരുന്നില്ലെന്നും ഭേതഗതികള്‍ ചര്‍ച്ചചെയ്യുകമാത്രമാണുണ്ടായതെന്നും ചെയര്‍പഴ്‌സണ്‍ സീതാരവീന്ദ്രന്‍ പറഞ്ഞു. യോഗത്തില്‍ ആവശ്യമുന്നയിക്കാതെ ബജറ്റ് പാസായതിനുശേഷം ഇത്തരത്തിലുള്ള ആരോപണങ്ങളുന്നയിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ വിഷയത്തില്‍ ആര്‍എംപി, കോണ്‍ഗ്രസ് ഔദ്യോഗിക പക്ഷവും മൗനം പാലിച്ചു. നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടന്നയോഗത്തില്‍ പി എം സുരേഷ്, കെ എ അസീസ്, കെ കെ മുരളി സംസാരിച്ചു.
Next Story

RELATED STORIES

Share it