thrissur local

കുന്നംകുളം നഗരസഭാ ട്രാഫിക് ക്രമീകരണ സമിതിയോഗം തീരുമാനങ്ങളില്ലാതെ പിരിഞ്ഞു

കുന്നംകുളം: കുന്നംകുളം നഗരസഭാ ട്രാഫിക് ക്രമീകരണ സമിതി യോഗം തീരുമാനങ്ങളില്ലാതെ പിരിഞ്ഞു. ഗതാഗതവുമായി ബന്ധപ്പെടുന്ന മുഴുവന്‍ സംഘടനകളുമായി പ്രത്യേകം യോഗം ചേര്‍ന്ന ശേഷം ക്രമീകരണ സമിതി വീണ്ടും യോഗം ചേരും. നഗരത്തിലെ ഗതാഗത കുരുക്കും മറ്റും പരിഹരിക്കുന്നതിനാവശ്യമായ തീരുമാനങ്ങളെടുക്കാന്‍ ചേര്‍ന്ന യോഗമാണ് നഗരസഭാ അധികൃതരുടെ പിടിപ്പുകേട് മൂലം അലസിയത്. നഗരത്തിലെ ബസ്, ഓട്ടോ എന്നിവ മൂലമുണ്ടാകുന്ന ഗതാഗത കുരുക്ക് ഇല്ലാതാകാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നഗരസഭാ മുന്നോട്ട് വെച്ചെങ്കിലും അവയിലെ പാകപ്പിഴകള്‍ ബസ്, ഓട്ടോ സംഘടന ഭാരവാഹികള്‍ ചോദ്യം ചെയ്തതോടെ പുതിയ തീരുമാനങ്ങള്‍ യോഗത്തിലെടുക്കാനായില്ല. എഴുനൂറോളം ഓട്ടോറിക്ഷകളും 28 ഓട്ടോ പാര്‍ക്കുകളും ഉള്ള നഗരത്തില്‍ അവയുടെ കാര്യക്ഷമമായ നിയന്ത്രണം കുരുക്ക് കുറയ്ക്കുന്നതില്‍ പ്രധാനമാണെന്നും അതിനാല്‍ ഒരേസമയം പാര്‍ക്കില്‍ നിര്‍ത്താവുന്ന ഓട്ടോറിക്ഷകളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും നഗരസഭ നിലപാടെടുത്തു. എന്നാല്‍ വരുമാനത്തെ കാര്യമായി ബാധിക്കുന്ന നിര്‍ദേശത്തിനെതിരെ വലിയ പ്രതിരോധമാണ് സംഘടന ഭാരവാഹികള്‍ നടത്തിയത്. ഗുരുവായൂര്‍ റോഡിലെ ഗതാഗത കുരുക്ക് കുറക്കാന്‍ മുന്‍പത്തെ പോലെ ബസ്സുകള്‍ നഗരസഭക്ക് സമീപത്തുകൂടിയുള്ള  വഴി ഒഴിവാക്കി എംഒ റോഡ് വഴി പോകണമെന്ന നിര്‍ദ്ദേശവും അംഗീകരിക്കപ്പെട്ടില്ല. തീരുമാനം നടപ്പിലാക്കിയാല്‍ സമരത്തിലേക്ക് പോകുമെന്ന ബസ് സംഘടനകളുടെ നിലപാടിനു മുന്‍പില്‍ അധികൃതര്‍ തീരുമാനം പിന്‍വലിക്കുകയായിരുന്നു. ഓണ സമയത്ത് നഗരത്തില്‍ നടപ്പിലാക്കിയ താല്‍ക്കാലിക ഗതാഗത പരിഷ്‌കാരങ്ങള്‍ വീണ്ടും കൊണ്ടുവരാനുള്ള നീക്കവും ഫലം കാണാതായതോടെ സംഘടനകളുമായി പ്രത്യേകം യോഗം ചേര്‍ന്ന ശേഷം വീണ്ടും ക്രമീകരണ സമിതി യോഗം ചേരാമെന്ന ധാരണയില്‍ പിരിയുകയായിരുന്നു.
Next Story

RELATED STORIES

Share it