kozhikode local

കുന്ദമംഗലത്ത് ആര്‍ദ്രം പദ്ധതി ആശങ്കയില്‍

കുന്ദമംഗലം: ആനപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫിസര്‍ക്ക് സ്ഥലമാറ്റം. ഇതോടെ കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ അനുവദിച്ച ആര്‍ദ്രം പദ്ധതിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തിന് തടസ്സം നേരിടുമോയെന്ന് ആശങ്ക. ഇവിടെ സേവനമനുഷ്ടിച്ചിരുന്ന ഡോക്ടര്‍ സന്ധ്യ കുറുപ്പിനെയാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലം മാറ്റിയത്. ആശുപത്രിയിലെ ഡോക്ടര്‍ ചിത്രയാണ് ഇപ്പോള്‍ മെഡിക്കല്‍ ഓഫീസറുടെ ചാര്‍ജ് വഹിക്കുന്നത്. മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ ഇവര്‍ക്കും ഇത്തവണ സ്ഥലമാറ്റം ഉണ്ടാവാന്‍ സാധ്യതയുണ്ട്.ഡോക്ടര്‍ സന്ധ്യ കുറുപ്പിന് പകരം ഇപ്പോള്‍ ചാര്‍ജ്ജെടുത്തത് ഡോക്ടര്‍ ആയിഷയാണ്.  അനധികൃതാവധിക്കു ശേഷം അച്ചടക്ക നടപടിക്ക് വിധേയമായിട്ടാണ് അസി. സര്‍ജനായി അവരെ ഇവിടെ   പുനര്‍ നിയമനം നടത്തിയത്.സര്‍ക്കാറിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കുന്ദമംഗലം നിയോജകമണ്ഡലത്തിലെ ഏക ആശുപത്രിയായ ആനപ്പാറ ആശുപത്രിയില്‍ അച്ചടക്ക നടപടിക്ക് വിധേയമായ ഒരാളെ നിയമിച്ചതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധമുണ്ട്. സ്ഥലം മാറ്റിയ ഡോക്ടര്‍ സന്ധ്യ കുറുപ്പിന് കഴിഞ്ഞ ഡിസംബറില്‍ തന്നെ സ്ഥാനകയറ്റം ലഭിച്ചിരുന്നെങ്കിലും പുതിയ ആള്‍ ചാര്‍ജെടുക്കാത്തത് കാരണം നിയമനം നീളുകയായിരുന്നു.ആനപ്പാറ ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഡോക്ടര്‍ സന്ധ്യയെ സ്ഥലമാറ്റാതിരിക്കാന്‍ രാഷ്ട്രീയ കക്ഷികളും  ജനപ്രതിനിധികളും ശ്രമം നടത്തുമ്പോഴാണ് അപ്രതീക്ഷിതമായി ഇവിടെ പുതിയ ഡോക്ടറെ നിയമിച്ച് കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്.സന്ധ്യ കുറുപ്പ് സ്ഥലം മാറി പോകുന്നതോടെ ഇവര്‍ തുടങ്ങി വെച്ച പദ്ധതികള്‍ പാതിവഴിയില്‍ നിന്നുപോകുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍. 2016 ഓഗസ്റ്റ് 8 നാണ് ഇവര്‍  ഇവിടെ ചാര്‍ജെടുത്തത്. അതിന് ശേഷം ആശുപത്രിയില്‍  ഒരുപാട് മാറ്റങ്ങള്‍കൊണ്ടു വരികയും കൂടുതല്‍ രോഗികള്‍ ആശുപത്രി ഉപയോഗപ്പെടുത്താനും തുടങ്ങിയിരുന്നു. ആര്‍ദ്രം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഇവിടെ വെച്ച് നടത്താന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചന നടന്നിരുന്നു. ഇതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുമ്പോഴാണ് ഡോക്ടറുടെ സ്ഥലമാറ്റം.ഡോക്ടര്‍ സന്ധ്യയെ പ്രത്യേക ഉത്തരവിലൂടെ ഇവിടെ തന്നെ പുനര്‍ നിയമനം നടത്തി ഇവര്‍ തുടങ്ങിവെച്ച പദ്ധതി പൂര്‍ത്തീകരിക്കാന്‍ അനുവദിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Next Story

RELATED STORIES

Share it