കുന്ദമംഗലം വിട്ടുനല്‍കി ബാലുശ്ശേരി മുസ്‌ലിംലീഗ് ഏറ്റെടുക്കും

തിരുവനന്തപുരം: യുഡിഎഫില്‍ കോണ്‍ഗ്രസ്സും മുസ്‌ലിംലീഗും തമ്മിലുള്ള സീറ്റ് ധാരണ അന്തിമഘട്ടത്തിലേക്ക്. ലീഗിന്റെ കൈവശമുള്ള 24 സീറ്റില്‍ വച്ചുമാറാന്‍ തീരുമാനിച്ച നാല് സീറ്റിലാണ് ഏകദേശ ധാരണയായത്. 20 സിറ്റിങ് സീറ്റുകളില്‍ ഇതിനോടകം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച മുസ്‌ലിംലീഗ് ശേഷിക്കുന്ന നാല് സീറ്റുകളില്‍ രണ്ടുദിവസത്തിനകം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. കഴിഞ്ഞതവണ മുസ്‌ലിംലീഗ് പരാജയപ്പെട്ട കുന്ദമംഗലം സീറ്റ് കോണ്‍ഗ്രസ്സിന് വിട്ടുനല്‍കി പകരം സംവരണമണ്ഡലമായ ബാലുശ്ശേരി ഏറ്റെടുക്കാന്‍ ധാരണയായിട്ടുണ്ട്. ബാലുശ്ശേരിയില്‍ യു സി രാമനെ മല്‍സരിപ്പിക്കാനാണ് ലീഗിലെ പൊതു അഭിപ്രായം.
സമാനമായ രീതിയില്‍ കുറ്റിയാടി, നാദാപുരം സീറ്റുകള്‍ പരസ്പരം വച്ചുമാറാന്‍ ആലോചന നടന്നെങ്കിലും സമവായ സാധ്യതയില്ലാതെവന്നതോടെ അക്കാര്യം ഉപേക്ഷിച്ചതായാണു സൂചന. കുറ്റിയാടിയില്‍ ഇത്തവണയും ലീഗ് സ്ഥാനാര്‍ഥിതന്നെ മല്‍സരിച്ചേക്കും. കോണ്‍ഗ്രസ്സിന് ലഭിക്കുന്ന കുന്ദമംഗലം സീറ്റില്‍ ടി സിദ്ദീഖോ, കെ സി അബുവോ സ്ഥാനാര്‍ഥിയാവാനാണു സാധ്യത. ഗുരുവായൂരിലും മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിതന്നെ മല്‍സരിക്കും. തെക്കന്‍ കേരളത്തില്‍ ലീഗ് മല്‍സരിച്ചുവന്ന കൊല്ലം ജില്ലയിലെ ഇരവിപുരം മണ്ഡലം ആര്‍എസ്പിയുടെ സിറ്റിങ് സീറ്റായതിനാല്‍ പകരം ചടയമംഗലം കോണ്‍ഗ്രസ് വിട്ടുനല്‍കും. മുസ്‌ലിംലീഗിലെത്തിയ മുന്‍ ഡിവൈഎഫ്‌ഐ നേതാവ് ശ്യാംസുന്ദറാവും ഇവിടെ സ്ഥാനാര്‍ഥി. സീറ്റുകളുടെ കാര്യത്തില്‍ ഇനി കൂടിക്കാഴ്ചയുടെ ആവശ്യമില്ലെന്നും ഫോണില്‍ സംസാരിക്കേണ്ട വിഷയമേ ബാക്കിയുള്ളൂവെന്നും ഇന്നലെ രാവിലെ നടന്ന ചര്‍ച്ചയ്ക്കുശേഷം പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം, 15 സീറ്റിന് പുറമെ ഒരു സീറ്റുപോലും അധികം നല്‍കാനാവില്ലെന്നു കേരളാ കോണ്‍ഗ്രസ് എമ്മിനെ കോണ്‍ഗ്രസ് അറിയിച്ചു. മൂന്ന് സീറ്റുകള്‍ അധികമായി വേണമെന്നാണു കേരളാ കോണ്‍ഗ്രസ് എം ആവശ്യപ്പെട്ടിരുന്നത്. നേമത്തു മല്‍സരിക്കാനാവില്ലെന്ന് ജെഡിയു കോണ്‍ഗ്രസ്സിനെ അറിയിച്ചിട്ടുണ്ട്. അമ്പലപ്പുഴ സീറ്റ് ജെഡിയുവിന് നല്‍കുന്നതു കോണ്‍ഗ്രസ്സിന്റെ പരിഗണനയിലാണ്. അങ്കമാലി സീറ്റ് നല്‍കാനാവില്ലെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തെ കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരുന്നു. ജോണി നെല്ലൂരിനു പകരം സീറ്റോ സ്ഥാനമോ നല്‍കാമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം, അങ്കമാലി ലഭിക്കില്ലെന്ന് ഉറപ്പായതോടെ ജോണി നെല്ലൂര്‍ കടുത്ത നിലപാടിലേക്കു നീങ്ങുമെന്നാണു സൂചന.
Next Story

RELATED STORIES

Share it