kozhikode local

കുന്ദമംഗലം ഭരണനടത്തിപ്പില്‍ നിരവധി അപാകതകള്‍

കോഴിക്കോട്: കുന്ദമംഗലം ഗ്രാമപ്പഞ്ചായത്ത് ഭരണനടത്തിപ്പില്‍ നിരവധി അപാകതകളെന്നു ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപോര്‍ട്ട്. 2012-2013-2014 കാലയളവിലെ ധന പത്രികയാണ് ഓഡിറ്റ് ചെയ്തിരിക്കുന്നത്. ചെലവിനങ്ങളിലെ നഷ്ടം 221118 രൂപയും ഓഡിറ്റില്‍ അംഗീകരിക്കാത്ത തുക 11461770 രൂപയുമാണെന്നു 58 പേജുള്ള റിപോര്‍ട്ട് പറയുന്നു.
റസീറ്റ് ബുക്കിലെ രസീതികള്‍ കാണുന്നില്ല, പിരിവ് തുക സമയത്തിന് ബാങ്കില്‍ അടക്കുന്നില്ല, ഔട്ട്‌ഡോര്‍ കലക്ഷന്‍ യഥാസമയം ബാങ്കില്‍ അടക്കുന്നില്ല, പഞ്ചായത്ത് ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ വാടകക്കു നല്‍കിയതിന്റെ ഭാഗമായി കുടിശ്ശികക്കാരില്‍ നിന്ന് പലിശയടക്കം ലഭിക്കാനുള്ള 81583 രൂപ ഈടാക്കിയില്ല, പഴയബസ്റ്റാന്റ് കംഫര്‍ട്ട് സ്റ്റേഷന്‍, ബസ്സ്റ്റാന്റ് ഫീസ് പിരിവ് എന്നിവ ലേലം ചെയ്‌തെങ്കിലും കുടിശ്ശികയായ 360019 രൂപ ഈടാക്കിയില്ല. ഇത് പലിശയുള്‍പ്പെടെ സെക്ഷന്‍ ക്ലാര്‍ക്ക്, ജൂനിയര്‍ സൂപ്രണ്ട്, സെക്രട്ടറി എന്നിവരുടെ ബാധ്യതയാക്കണമെന്നു ഓഡിറ്റ് ആവശ്യപ്പെടുന്നു.
2003-2013 കാലയളവിലെ വസ്തു നികുതി കുടിശിഖയായ 1263275 രൂപ പിരിച്ചെടുക്കാനും ഓഡിറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയ ഷോപ്പിങ് കോംപ്ലക്‌സ് ലേലം ചെയ്യുന്നതിലെ അപാകതകളും കൈമാറുന്നതിലെ കാലതാമസവും മൂലം വാടകയിനത്തില്‍ പഞ്ചായത്തിന് 13.87 ലക്ഷം രൂപ നഷ്ടപ്പെട്ടു. ലേലം റദ്ദ് ചെയ്ത് നിരതദ്രവ്യം ഉള്‍പ്പെടെയുള്ള തുക തിരികെ നല്‍കിയതിനാല്‍ 100000 രൂപയുടെ നഷ്ടമുണ്ടായി. കാട് വെട്ടിയന്ത്രം നല്‍കിയതില്‍ സബ്‌സിഡി ചട്ടങ്ങള്‍ പാലിക്കാത്തതിനാല്‍ 16000 രൂപയുടെ നഷ്ടവും പഞ്ചായത്തിനുണ്ടായിട്ടുണ്ട്.
ഐസിഡിഎസ് സൂപ്പര്‍വൈസര്‍ നിര്‍വഹണോദ്യോഗസ്ഥനായി 2012-13, 2013-14 കാലയളവില്‍ മുച്ചക്രവാഹനം വിതരണം ചെയ്യുന്ന പദ്ധതി ഗുണം ചെയ്തില്ലെന്നു ഓഡിറ്റ് നിരീക്ഷിക്കുന്നു. ചെലവായ 1205418 രൂപ തടസത്തില്‍ വച്ചു.
സബ്‌സിഡി മാര്‍ഗരേഖക്കു വിരുദ്ധമായി കണ്ണട വിതരണം ചെയ്തതിനാലുണ്ടായ നഷ്ടമായ 18564 രൂപ പടനിലം ജിഎല്‍പിഎസ് ഹെഡ്മാസ്റ്ററില്‍ നിന്ന് ഈടാക്കണം. പ്രസിഡന്റിനും സെക്രട്ടറിക്കും വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും നല്‍കിയ മുന്‍കൂര്‍ യാത്രാബാത്ത 4000 രൂപ തിരികെ പിടിക്കണം. എസ്‌സി വിദ്യാര്‍ഥികള്‍ക്കു മേശയും കസേരയും നല്‍കാനും സ്‌കൂളിന് വാഹനം വാങ്ങാനും പടനിലം ജിഎല്‍പിഎസ് ഹെഡ്മാസ്റ്റര്‍ നടപ്പാക്കിയ പദ്ധതിയിലെ അപാകതകള്‍ മൂലം 679395 രൂപ തടസപ്പെടുത്തി.
ക്ഷീരഗ്രാമം പദ്ധതിയിലെ അപാകതകള്‍ മൂലം 1620000 രൂപയാണ് തടസപ്പെടുത്തിയിരിക്കുന്നത്. പോസ്‌റ്റേജ് സ്റ്റാമ്പ് വാങ്ങാന്‍ 10000 രൂപ പിന്‍വലിച്ചെങ്കിലും 9000 രൂപ മാത്രമാണ് ചെലവഴിച്ചത്.
ഫോട്ടോകോപ്പി മഷീന്‍ വാങ്ങിയതില്‍ അപാകതയുള്ളതിനാല്‍ 150000 രൂപ തടസപ്പെടുത്തി. 60 വയസായവാത്തവര്‍ക്കും കര്‍ഷക തൊഴിലാളി പെന്‍ഷന്‍ അനുവദിച്ചു. മുന്‍വര്‍ഷത്തെ മിച്ച ഫണ്ടിന്റെ 20 ശതമാനം വരെയും ഒരുലക്ഷം രൂപയില്‍ കവിയാതെയും അസാധാരണ ചെലവുകള്‍ ആകാമെന്നാണ് നിയമമെങ്കിലും 2012- 13ല്‍ അധികമായി ചെലവഴിച്ച 42960 രൂപയും 2013-14ല്‍ ചെലവഴിച്ച 129974 രൂപയും ഓഡിറ്റ് തടസപ്പെടുത്തി.
പദ്ധതികള്‍ ആരംഭിച്ചിട്ട് വിനിയോഗ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനാല്‍ 35 ലക്ഷത്തോളം രൂപയുടെ ചെലവും തടസപ്പെടുത്തിയിട്ടുണ്ട്. തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതില്‍ അപാകതയുണ്ടായതിനാല്‍ 69 ബള്‍ബുകളുടെ വിലയായ 104190 രൂപ ഉത്തരവാദിയില്‍ നിന്നും ഈടാക്കണമെന്നും ഓഡിറ്റ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it