palakkad local

കുന്തിപ്പുഴയിലെ അപകടം: മൃതദേഹങ്ങള്‍ അഞ്ചുമണിക്കൂര്‍ സംഭവസ്ഥലത്ത് കിടന്നു

മണ്ണാര്‍ക്കാട്: കുന്തിപ്പുഴയിലെ അപകടത്തില്‍പ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങള്‍ അഞ്ചുമണിക്കൂറോളം സംഭവ സ്ഥലത്ത് കിടന്നു. ഇന്‍ക്വസ്റ്റ് നടത്താന്‍ പോലിസ് എത്താന്‍ വൈകിയതാണ് കാരണം.
രാവിലെ അഞ്ചു മണിയോടെ നടന്ന അപകടത്തില്‍പെട്ട് മരിച്ച ചത്തീസ്ഗഡ് സ്വദേശി മാന്‍കുവിന്റെ മകന്‍ സുരേഷ് ഗൗഡ (15), ചത്തീസ്ഗഡ് പരാലി ബല്ലിഷോരി (18) എന്നിവരുടെ മൃതദേഹങ്ങള്‍ പത്തുമണിയോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. താലൂക്ക് ആശുപത്രിയിലെത്തിച്ച മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പാലക്കാട്ടേക്ക് അയച്ച് താലൂക്ക് ആശുപത്രി അധികൃതര്‍ കയ്യൊഴിഞ്ഞു. താലൂക്ക് ആശുപത്രിയില്‍ നടത്താമെന്ന് പോലിസ് നിര്‍ദേശിച്ചെങ്കിലും ഡോക്ടര്‍മാര്‍ വഴങ്ങിയില്ല. ഇതരസംസ്ഥാന തൊഴിലാളികളായതിനാല്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകുമോ എന്ന ആശങ്കയാണ് ഡോക്ടര്‍മാര്‍ പങ്കുവച്ചത്. ഇതേതുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഏത് വാഹനം തട്ടിയാണ് അപകടം ഉണ്ടായതെന്ന് പോലിസ് വ്യക്തമാക്കാത്തതിനാല്‍ പോലിസ് സര്‍ജന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതാണ് ഉചിതമെന്ന് കരുതിയാണ് മൃതദേഹങ്ങള്‍ പാലക്കാട്ടേക്ക് അയച്ചതെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ഈ സംശയം അസ്ഥാനത്താണെന്ന് പോലിസ് പറഞ്ഞു. അപകട വിവരം അറിഞ്ഞയുടന്‍ തന്നെ നടപടികള്‍ സ്വീകരിച്ചു. തൊഴില്‍ ഉടമയെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് എഫ്‌ഐആര്‍ ചെയ്യുന്നതുള്‍പ്പടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള കാലതമാസം മാത്രമെ വന്നിട്ടുള്ളൂവെന്ന് എസ്‌ഐ വിപിന്‍ കെ വേണുഗോപാല്‍ പറഞ്ഞു.
Next Story

RELATED STORIES

Share it