malappuram local

കുനിയില്‍ ഇരട്ടക്കൊല: പ്രതികളുടെ പേരുവിവരങ്ങളില്‍ അപാകതയെന്ന് പ്രോസിക്യുഷന്‍

മഞ്ചേരി: കുനിയില്‍ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ പേരു വിവരങ്ങളില്‍ അപാകതയുണ്ടെന്ന് പ്രോസിക്യുഷന്‍ കോടതിയെ അറിയിച്ചു. അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്)യില്‍ നടന്ന കേസ് വിചാരണയ്ക്കിടെയാണ് പബ്ലിക് പ്രോസിക്യുട്ടര്‍ പി ജി മാത്യു ഇപ്രകാരം ഉന്നയിച്ചത്.
കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത് കോടതി ഭാഷയിലല്ലെന്നും ഇത് ഭേദഗതി വരുത്തണമെന്നും അല്ലാത്ത പക്ഷം കേസ് പ്രതികള്‍ക്കനുകൂലമാവാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യുഷന്‍ കോടതിയെ ബോധിപ്പിച്ചു. എന്നാല്‍, ഒരിക്കല്‍ വായിച്ച കുറ്റപത്രം വീണ്ടും തിരുത്തണമെങ്കില്‍ അപ്പീല്‍ നല്‍കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ യു എ ലത്തീഫ് വാദിച്ചു. പേരുകളിലോ വിലാസത്തിലോ തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഇതില്‍ പ്രതികളുടെ വാദം കേട്ട ശേഷം തീരുമാനിക്കുമെന്ന് ഇരുവിഭാഗങ്ങളേയും കോടതിയെ അറിയിച്ചു. അത്തീഖ് റഹ്മാന്‍ കൊല്ലപ്പെട്ട ഒന്നാം കേസിന്റെ വാദം ആരംഭിക്കണമെന്നും ഇവര്‍ ഉന്നയിച്ചു. എന്നാല്‍, രണ്ടു കേസുകളും വ്യത്യസ്ഥങ്ങളാണെന്നും ഇതിനുള്ള സമന്‍സ് അയച്ചുതുടങ്ങിയതായും കോടതി വ്യക്തമാക്കി.
ഇരട്ടക്കൊലക്ക് ഒന്നാം കൊലക്കേസ് കാരണമായിട്ടുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടല്ലൊയെന്നും പ്രതി ഭാഗം കോടതിയെ ഓര്‍മപ്പെടുത്തി. 21 പ്രതികളുള്ള കേസില്‍ ഇന്നലെ 15ാം പ്രതി ഹാജരായില്ല. പ്രതികള്‍ക്കെതിരില്‍ ഐപിസി 120, 143,147, 148,149,302,109, 201,118, ആംഡ് ആക്ട് 27(7) എന്നീ വകുപ്പുകളിലാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. 2012 ജൂണ്‍ 10നാണ് കൊളക്കാടന്‍ ആസാദും(38), അബുബക്കര്‍ എന്ന കുഞ്ഞാപ്പു(42)വും കൊല്ലപ്പെട്ട ഇരട്ടക്കൊല നടന്നത്. 2012 ജനുവരി 6ന്കുറുവങ്ങാടന്‍ അത്തീഖ് റഹ്മാന്‍(32) വധിക്കപ്പെട്ട ഒന്നാം കുനിയില്‍ കൊലക്കേസിലെ പ്രതികളാണ് ആസാദും അബുബക്കറും. കേസിന്റെ അടുത്ത വാദം നാലിന് തുടരും.
Next Story

RELATED STORIES

Share it