malappuram local

കുനിയില്‍ ഇരട്ടക്കൊലക്കേസ് വിചാരണ ആരംഭിച്ചു

മഞ്ചേരി: കുനിയില്‍ ഇരട്ടക്കൊലപാതക കേസിലെ വിചാരണ മഞ്ചേരി മൂന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചു. ആദ്യ ദിവസം ഒന്‍പത് സാക്ഷികളെയാണ് വിസ്തരിച്ചത്. നോട്ടീസ് നല്‍കിയിരുന്ന 116 മുതല്‍ 127 വരെയുള്ള സാക്ഷികളില്‍ വിദേശത്തുള്ള രണ്ടു പേര്‍ വിചാരണയ്ക്കു ഹാജരായില്ല. കേസില്‍ 138 മുതല്‍ 149 വരെയുള്ള സാക്ഷികളെ ഈ മാസം 24ന് വിസ്തരിക്കും.
പോലിസിന്റെ കനത്ത സുരക്ഷാ വലയത്തിലായിരുന്നു കോടതി നടപടികള്‍. കോടതിക്കു പുറത്ത് പോലിസ് പ്രത്യേക നിരീക്ഷണ സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. കൊലപാതകികളുടെ സംഘം സഞ്ചരിച്ചെന്നു പറയുന്ന വാഹനം മുന്‍ ഉടമയായ ഒന്നാം സാക്ഷി കോഴിക്കോട് സ്വദേശി അലിമോന്‍ തിരിച്ചറിഞ്ഞു. വാഹനം കേസിനു മുമ്പ് നിരവധി തവണ കൈമാറ്റം ചെയ്തതാണ്. ഇതേ വാഹനം വാങ്ങി കൈമാറ്റം ചെയ്ത മുഹമ്മദ് സുനി, കേസിലെ ഒന്നാം പ്രതി മുക്താറിന്റെ ഭാര്യ മാതാവ് മറിയുമ്മ, കേസിനാസ്പദമായ സംഭവത്തിനു മുമ്പ് കൊല്ലപ്പെട്ട അത്തീഖ് റഹ്മാന്റെ ഭാര്യ റുബീന, ഇവരുടെ ബന്ധുക്കള്‍, അയല്‍വാസികള്‍ തുടങ്ങി ഒമ്പതു പേരാണ് കോടതിയില്‍ ഹാജരായത്. പ്രതിഭാഗം അഭിഭാഷകരായ അഡ്വ. എം പി ലത്തീഫ് മഞ്ചേരി, അഡ്വ. യു എ ലത്തീഫ്, അഡ്വ. കെ രാജേന്ദ്രന്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.
2012 ജനുവരി അഞ്ചിന് അത്തീഖ് റഹ്മാന്‍ എന്ന യുവാവിനെ കുനിയില്‍ അങ്ങാടിയില്‍വച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിനു പ്രതികാരമായി കേസിലെ പ്രതികളായ കൊളക്കാടന്‍ അബ്ദുല്‍ കലാം ആസാദ്, കൊളക്കാടന്‍ അബൂബക്കര്‍ എന്ന ബാപ്പുട്ടി എന്നിവരെ കൊലപ്പെടുത്തി എന്നാണ് കേസ്. 12 ജൂണ്‍ 10ന് രാത്രി 7.30ന് കുനിയില്‍ ന്യൂ ബസാറിലാണ് കേസിനാസ്പദമായ സംഭവം. 21 പ്രതികളുള്ള കേസില്‍ 365 സാക്ഷികളുണ്ട്.

Next Story

RELATED STORIES

Share it