palakkad local

കുത്തൊഴുക്കിനെ തോല്‍പ്പിച്ച സല്‍മാനുല്‍ ഫാരിസിന്റെ ധീരത മൂടിവച്ചത് ഒരുമാസം

പട്ടാമ്പി: കുത്തൊഴുക്കിനെതോല്‍പ്പിച്ചു രണ്ടു ജീവനനുകളെ കരക്കെത്തിച്ച സല്‍മാനുല്‍ ഫാരിസിന്റെ ധീരത കുട്ടികള്‍ മൂടിവച്ചത് ഒരുമാസം. വീട്ടിലറിഞ്ഞാല്‍ കുഴപ്പമായാലോ എന്ന് കരുതിയാണ് ഒരു മാസത്തോളം സംഭവം ആരോടും പറയാതെ മൂടിവച്ചത്. കഴിഞ്ഞ മെയ് 29 ന് നിളാ നദിയില്‍ കുളിച്ചു കൊണ്ടിരിക്കെ അബദ്ധത്തില്‍ ഒഴുക്കില്‍ പെട്ട് മുങ്ങിത്താഴ്ന്ന രണ്ടു ജീവനുകള്‍ക്ക് രക്ഷകനായത് സല്‍മാനുല്‍  ഫാരിസെന്ന 13കാരനാണ്.
അതി സാഹസികമായാണു സല്‍മാനുല്‍ ഫാരിസ് അവരെ രക്ഷപ്പെടുത്തിയത്. മഴപെയ്ത് അടിയൊഴുക്ക് വര്‍ദ്ധിച്ച പുഴയിലേക്ക് തനിച്ച് പോകരുതെന്ന വീട്ടുകാരുടെ വിലക്കു മറികടന്നു പുഴയിലേക്ക് കുളിക്കാന്‍ പോയതാണു കുട്ടികള്‍. അതുകൊണ്ടുതന്നെ കഴിഞ്ഞമാസം 29നു നടന്ന സംഭവം വീട്ടുകാരും നാട്ടുകാരും അറിയാന്‍ ഏറെ സമയമെടുത്തു.
സ്വന്തം സഹോദരി ആറാം ക്ലാസുകാരി സാദിയയും ബന്ധുവും അയല്‍വാസിയുമായ ഒമ്പതാം ക്ലാസ്സുകാരി അല്‍ഫ ജാസിയയുമാണു മരണത്തിന്റെ വക്കില്‍ നിന്നും ജീവിതത്തിന്റെ പച്ചപ്പിലേക്കു തിരികെ നീന്തിക്കയറിയത്. വീട്ടില്‍ അറിഞ്ഞാല്‍ ഉമ്മ വഴക്കു പറയുമെന്നു ഭയന്ന് മൂവരും വിവരം രഹസ്യമാക്കി വെച്ചു. തന്റെ ജീവന്‍ തിരികെ സമ്മാനിച്ച സല്‍മാനുല്‍ ഫാരിസിന്റെ ധീരതക്ക് എങ്ങിനെയെങ്കിലും നന്ദി പ്രകടിപ്പിക്കണമെന്ന് ഒമ്പതാം ക്ലാസ്സുകാരി അല്‍ഫ ജാസിയക്ക് തോന്നി. അവള്‍ കുറച്ചു ചോക്കളേറ്റ് വാങ്ങി സല്‍മാനു കൊണ്ടു കൊടുത്തപ്പോഴാണു വീട്ടുകാര്‍ വിവരമറിയുന്നതു പോലും. പിന്നീട് അല്‍ഫ തന്നെയാണു തന്റെ ക്ലാസ് ടീച്ചറോടു പറയുന്നത്. അങ്ങനെ സ്‌കൂളിലറിയുന്നതും.
തൃത്താല ഡോ.കെബിമേനോന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മൂവരും. സ്‌കൂള്‍ അധികൃതര്‍ വഴി പിടിഎയും, പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും സല്‍മാനുല്‍ ഫാരിസിന്റെ ധീരത അറിഞ്ഞു.
അവനെ വീട്ടിലെത്തി അനുമോദിച്ചു കൊണ്ടിരിക്കുകയാണു നാട്ടുകാര്‍. തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗം കെ വി ഹിളര്‍, തൃത്താല പഞ്ചായത്ത് പ്രസിഡന്റ് എ കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ അനുമോദിക്കാന്‍ വീട്ടിലെത്തി. തൃത്താല, കണ്ണന്നൂര്‍ പുളിച്ചാറം വീട്ടില്‍ അബ്ദുസലീമിന്റെയും ഫൗസിയയുടെയും മകനാണ് സല്‍മാനുല്‍ ഫാരിസ്.
തൃത്താല ഡോ. കെബിമേനോന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം തരം വിദ്യാര്‍ഥിയാണ്.
Next Story

RELATED STORIES

Share it