kannur local

കുത്തിവയ്‌പെടുക്കാന്‍ രക്ഷിതാക്കളെ ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപണം

കണ്ണൂര്‍: ആരോഗ്യ വകുപ്പ് അധികൃതര്‍ രക്ഷിതാക്കളെ ഭീഷണിപ്പെടുത്തി കുത്തിവയ്‌പെടുക്കാന്‍ നിര്‍ബന്ധിക്കുകയാണെന്നു ആരോഗ്യ അവകാശവേദി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാക്‌സിനേഷന്‍ എടുക്കേണ്ടതില്ലാത്ത കുട്ടികളുടെ രക്ഷിതാക്കള്‍ ജില്ലാ കലക്ടറെ കണ്ട് സമൂഹത്തില്‍ പടരുന്ന എല്ലാ രോഗങ്ങളുടെയും ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് എഴുതി നല്‍കണമെന്ന ആരോഗ്യ വകുപ്പിന്റെയും ജില്ലാ കലക്ടറുടെയും നടപടി ജനദ്രോഹപരവും ജനാധിപത്യത്തിന് അപമാനവും കോടതിയലക്ഷ്യവുമാണ്. ഡിഫ്തീരിയയ്ക്കു വാക്‌സിനെടുത്തവര്‍ക്ക് ജില്ലയിലും സംസ്ഥാനത്ത് പലയിടത്തും ഡിഫ്തീരിയ രോഗം പിടിപെട്ടതും മരണപ്പെടുകയും ചെയ്ത സംഭവം നിഷ്പക്ഷ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണം. വാക്‌സിനേഷനു പിന്നില്‍ ഫാര്‍മസിക്യൂട്ടിക്കല്‍ കമ്പനികളുടെ മരുന്നുപരീക്ഷണമാണെന്ന പരാതിയിലും അന്വേഷണം നടത്തണം. വാക്‌സിന്‍ ഫലപ്രദമാവാതെ അതേ രോഗം വന്നു മരിച്ചവര്‍ക്കും പാര്‍ശ്വഫലങ്ങള്‍ വന്നവര്‍ക്കും 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. എതിര്‍പ്പുള്ളവര്‍ സ്‌കൂള്‍ അധികൃതര്‍ക്കോ കുത്തിവയ്ക്കാന്‍ വരുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കോ എഴുതി നല്‍കുക എന്നതാണ് ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞത്. രക്ഷിതാക്കളുടെ സമ്മതപ്രകാരമേ വാക്‌സിനേഷന്‍ നടപ്പാക്കുകയുള്ളൂവെന്ന് കേരള സര്‍ക്കാരിനു വേണ്ടി അഡീഷനല്‍ ചീഫ് സെക്രട്ടറി അറിയിച്ചിട്ടുമുണ്ട്. എന്നാല്‍, സര്‍ക്കാര്‍ നയത്തിന്റെയും കോടതി ഉത്തരവിന്റെയും മനുഷ്യാവകാശത്തിന്റെയും ലംഘനമാണ് ഭീഷണിപ്പെടുത്തി വാക്‌സിന്‍ എടുപ്പിക്കുന്നതിലൂടെ നടപ്പാവുന്നത്. വാക്‌സിന്‍ എടുക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കുമുള്ള സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും ആരോഗ്യ അവകാശ വേദി ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എ പൗരന്‍, മുജീബ് കോക്കൂര്‍, കെ ഉസ്മാന്‍കുട്ടി, എം ജെറി, ജോസ് മണിമല സംബന്ധിച്ചു.
Next Story

RELATED STORIES

Share it