Malappuram

കുത്തിവയ്പ് അടിച്ചേല്‍പ്പിക്കില്ലെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി

മലപ്പുറം: കുത്തിവയ്പ്പ് നിര്‍ബന്ധമായി അടിച്ചേല്‍പ്പിക്കില്ലെന്നും ആവശ്യമായ ബോധവല്‍ക്കരണം നടത്തിയതിന് ശേഷം മാത്രമേ കുത്തിവയ്പ്പ് നല്‍കുകയുളളുവെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി കെ ഇളങ്കോവന്‍. ജില്ലയില്‍ രണ്ട് ഡിഫ്ത്തീരിയ മരണം റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലാപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പ്, സാമൂഹിക നീതി വകുപ്പ് എന്നിവയുടെ സഹായം തേടും.

ജില്ലയില്‍ 10 ദിവസത്തിനകം ഏഴ് വയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും പ്രതിരോധകുത്തിവയ്പ്പ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ 47,638 പേരാണ് ഏഴ് വയസ്സിന് താഴെയുള്ളവര്‍. ഇതില്‍ 20 ശതമാനം പേര്‍ ഭാഗികമായി കുത്തിവയ്പ്പ് എടുത്തവരാണ്. കുത്തിവയ്പ്പ് നല്‍കുന്നതിനായി മൂന്ന് ലക്ഷം ടി.ഡി. വാക്‌സിനുകള്‍ ദിവസങ്ങള്‍ക്കകം ലഭിക്കും. ഒന്നാംഘട്ടം പൂര്‍ത്തിയായി 20 ദിവസങ്ങള്‍ക്കകം രണ്ടാംഘട്ടം ആരംഭിക്കും. കുത്തിവയ്പ്പ് എടുക്കാത്ത 10 മുതല്‍ 17 വയസ്സുവരെയുളളവര്‍ക്കാണ് രണ്ടാംഘട്ടത്തില്‍ നല്‍കുക. ഇവരുടെ കണക്ക് എടുക്കുന്ന നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സ്‌കൂള്‍ പ്രവേശത്തിനായി പ്രതിരോധകുത്തിവയ്പ്പ് എടുത്തിട്ടുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കില്ല.

എന്നാല്‍, പ്രവേശത്തിന്റെ സമയത്ത് കുത്തിവയ്പ്പ് എടുത്തിട്ടുണ്ടോയെന്ന് പരിശോധിക്കുകയും ഇല്ലാത്തവര്‍ക്ക് നല്‍കുന്നതിനുളള നടപടികളും സ്വീകരിക്കും. പോളിയോ മുക്തമാക്കുന്നതിന് നേരത്തെ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി ബോധവല്‍ക്കരണം നടത്തിയ മാതൃകയില്‍ ഡിഫ്ത്തീരിയക്കെതിരെയും നടത്തും. ബ്‌ളോക്ക് തലത്തിലുള്ള ഡോക്ടര്‍മാര്‍ക്ക് ഫീല്‍ഡ് പ്രവര്‍ത്തനത്തനം സജീവമാക്കാനും യോഗത്തില്‍ നിര്‍ദേശം നല്‍കിയതായി ഇളങ്കോവന്‍ പറഞ്ഞു.

ഇവരുടെ കീഴിലുള്ളവരുടെ പ്രവര്‍ത്തനം വിലയിരുത്തി ആഴ്ച്ചയില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് റിപോര്‍ട്ട് നല്‍കും. റിപോര്‍ട്ട് ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസിനും(ഡി.എച്ച്.എസ്) കൈമാറും. പ്രതിരോധ കുത്തിവയ്പ്പിനെതിരായ നെഗറ്റീവ് പ്രചാരണത്തെ ശക്തമായി നേരിടും. ഇത്തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ക്ക് യാതൊരു വിധ ഉത്തരവാദിത്വവുമില്ല. ഒരു ലക്ഷം പേര്‍ക്ക് കുത്തിവയ്പ്പ് നല്‍കുമ്പോള്‍ ഒരാള്‍ക്ക് അപകടം സംഭവിച്ചേക്കാം.

ഓരോരുത്തരുടെയും പ്രതിരോധ ശേഷി വ്യത്യസ്തമാണ്. കുത്തിവയ്പ്പുമായി ബന്ധപ്പെട്ട് സംശയമുള്ളവര്‍ക്ക് അത് തെളിയിക്കാനാവണമെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി കെ ഇളങ്കോവന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കുടുംബക്ഷേമ അഡീഷനല്‍ ഡയറക്ടര്‍ ഡോ. ഉഷാകുമാരി, ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജി സുനില്‍ കുമാര്‍, സ്‌റ്റേറ്റ് മാസ് മീഡിയാ ഓഫിസര്‍ ടി രാജുകുമാര്‍, ബി.സി.സി. കണ്‍വീനര്‍ ഡോ. ജി സന്തോഷ്‌കുമാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it