Idukki local

കുത്തകപ്പാട്ടഭൂമി ഏറ്റെടുത്തത് ഒരു മാസത്തേക്ക് ഹൈക്കോടതി സ്‌റ്റേ ചെയ്തു



മൂന്നാര്‍: കുത്തകപ്പാട്ട ഭൂമിയിലാണെന്ന് ആരോപിച്ച് കെട്ടിടവും ഭൂമിയും ഏറ്റെടുത്ത സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ പോലീസ് സ്‌റ്റേഷന് സമീപത്തുള്ള ലൗ ഡേല്‍ കോട്ടേജിനാണ് ഹൈക്കോടതി ഒരു മാസത്തെ സ്‌റ്റേ അനുവദിച്ചത്. കാലവധി കഴിഞ്ഞ കുത്തകപ്പാട്ട ഭൂമികള്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നിര്‍ദ്ദേശപ്രകാരം റവന്യുവകുപ്പ് നടപടികള്‍ സ്വീകരിച്ചത്. മണര്‍കാട് വീട്ടില്‍ തോമസ് മൈക്കിളിന് സര്‍ക്കാര്‍ കുത്തകപ്പാട്ട വ്യവസ്ഥയില്‍ 22 സെന്റ് ഭൂമി  അനുവദിച്ചിരുന്നു. മൂന്നുവര്‍ഷത്തെ കാലവധിക്കാണ്  ഭൂമി നല്‍കിയത്. കാലവധി കഴിഞ്ഞതോടെ ഭൂമി വിട്ടുനല്‍കാന്‍ തോമസ് മൈക്കിളിനോട് റവന്യുവകുപ്പ് ആവശ്യപ്പെടുകയും ഇയാള്‍ ഭൂമി സര്‍ക്കാരിന് കൈമാറുകയും ചെയ്തു. എന്നാല്‍ 2005ല്‍ തോമസ് മൈക്കിളില്‍ നിന്നും ഭൂമി വിലകൊടുത്ത് വാങ്ങിയതാണെന്നും  പതിനഞ്ചുവര്‍ഷമായി കോട്ടേജ് വ്യവസായം നടത്തുകയാണെന്ന അവകാശവാദവുമായി ജോര്‍ജ്ജെന്ന വ്യാപാരി രംഗത്തുവന്നു. സംഭവത്തില്‍ വാദംകേട്ട ദേവികുളം സബ് കളക്ടര്‍ ജോര്‍ജ്ജിന്റെ അപ്പീല്‍ തള്ളുകയും കെട്ടിടം ഏറ്റെടുക്കാന്‍ റവന്യുവകുപ്പിനോട് ആവശ്യപ്പെടുകയുമായിരുന്നു. ദേവികുളം തഹസില്‍ദ്ദാരുടെ നേത്യത്വത്തിലെത്തിയ റവന്യുസംഘം 48 മണിക്കൂറിനുള്ളില്‍ കൈയ്യേറ്റക്കാരനോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് കെട്ടിടത്തില്‍ നോട്ടീസ് പതിക്കുകയും ചെയ്തു. എന്നാല്‍ സമയപരിധി അവസാനിച്ചിട്ടും കെട്ടിടത്തില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ വ്യാപാരി തയ്യറാകാതെ വന്നതോടെ പോലീസിന്റെ സഹായത്തോടെ കെട്ടിടവും ഭൂമിയും റവന്യുവകുപ്പ് ഏറ്റെടുത്തിരുന്നു. മൂന്നുദിവസമായി കെട്ടിടം പോലീസിന്റെ കഷ്ടടിയിലാണ്. ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജോര്‍ജ് ജില്ലാ കലക്ടര്‍ക്ക് കഴിഞ്ഞ ദിവസം അപ്പീല്‍ നല്‍കിയെങ്കിലും കലക്ടര്‍ നിരസിച്ചിരുന്നു. തുടര്‍ന്നാണ് ഹരജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.
Next Story

RELATED STORIES

Share it