കുത്തകകള്‍ക്ക് സുവര്‍ണ കാലം: കേന്ദ്രം എഴുതിത്തള്ളുന്നത് അഞ്ചരലക്ഷം കോടി രൂപ

കുത്തകകള്‍ക്ക് സുവര്‍ണ കാലം: കേന്ദ്രം എഴുതിത്തള്ളുന്നത്  അഞ്ചരലക്ഷം കോടി രൂപ
X
modi_ambani_tata_20121231

ന്യൂഡല്‍ഹി: ഇന്ത്യയിലെ വാണിജ്യ വ്യവസായ കുത്തകകള്‍ക്ക് ഇത് സുവര്‍ണ കാലം. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റില്‍ നികുതിയിനത്തില്‍ കോര്‍പറേറ്റുകള്‍ക്കു നല്‍കിയ ഇളവ് അഞ്ചരലക്ഷം കോടി രൂപ കവിയും. കഴിഞ്ഞവര്‍ഷം നല്‍കിയ ഇളവിനേക്കാള്‍ അരലക്ഷം കോടി അധികമാണിത്.
2005-06നു ശേഷമുള്ള ദശാബ്ദത്തില്‍ യുപിഎ-എന്‍ഡിഎ മുന്നണികള്‍ നല്‍കിയ നികുതിയിളവ് 42 ലക്ഷം കോടി രൂപയിലധികമാണ്. വ്യാവസായിക വളര്‍ച്ചയ്ക്കു നല്‍കുന്ന ഇളവുകള്‍ എന്ന ഓമനപ്പേരില്‍ സബ്‌സിഡി നല്‍കികൊണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന സൂത്രം ധനമന്ത്രി ഈ വര്‍ഷം കുറെക്കൂടി കുറ്റമറ്റതാക്കി. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വന്‍തുക- 3801 കോടി രൂപ- മാറ്റിവയ്ക്കുന്നുവെന്ന് പ്രത്യേകം എടുത്തുപറഞ്ഞ ജെയ്റ്റ്‌ലി നേരിട്ടുള്ള ആദായനികുതിയിളവ് 68,711 കോടി രൂപയാണെന്ന കാര്യം ഊന്നിപ്പറഞ്ഞില്ല. കൃഷിക്കും കര്‍ഷകര്‍ക്കും നല്‍കുന്ന സഹായത്തിന്റെ ഇരട്ടിയാണിത്. കര്‍ഷകരുടെ ബജറ്റെന്ന് ചാനല്‍ ആങ്കര്‍മാര്‍ കൊട്ടിഘോഷിക്കുന്നതിനിടയിലായിരുന്നു ഈ കോര്‍പറേറ്റ് കൊള്ള.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇന്ത്യയിലെ ഡോളര്‍ ശതകോടീശ്വരന്‍മാരുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ധനയുണ്ടായി. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ അവരുടെ മൊത്തം ആസ്തി 30,800 കോടി ഡോളറായി വര്‍ധിച്ചെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ചെയ്യുന്നതുപോലെ 25 ശതമാനം വര്‍ധനവിനു മാത്രം 30 ശതമാനം നികുതി ചുമത്തിയിരുന്നെങ്കില്‍ ഖജനാവിലേക്ക് 1,22,744 കോടി രൂപയുടെ അധികവരവ് ഉണ്ടാവുമായിരുന്നു.
ആഡംബര വസ്തുക്കളുടെ മേലുള്ള നികുതിയിളവു കൊണ്ടുമാത്രം ഒരു ദശാബ്ദത്തിനുള്ളില്‍ 4,60,000 കോടി രൂപയുടെ നഷ്ടമുണ്ടായി. ഇത് കാര്‍ഷിക മേഖലയ്ക്ക് ഈ വര്‍ഷം നല്‍കിയ തുകയുടെ 13 ഇരട്ടിയാണ്. ഇതിനെയൊന്നും സബ്‌സിഡിയെന്നു വിളിക്കാത്തതുകൊണ്ട് നീതി ആയോഗിലെ ധനശാസ്ത്ര വിദഗ്ധര്‍ വിമര്‍ശനവുമായി രംഗത്തുവന്നിട്ടില്ല. 2005-06 തൊട്ട് കോര്‍പറേറ്റ് മേഖലയ്ക്കു നല്‍കിയ സൗജന്യങ്ങള്‍കൊണ്ടു മാത്രം തൊഴിലുറപ്പ് പദ്ധതി ഒരു നൂറ്റാണ്ട് തുടര്‍ച്ചയായി നടത്താന്‍ കഴിയുമെന്നു കണക്കാക്കപ്പെടുന്നു.
Next Story

RELATED STORIES

Share it