palakkad local

കുതിരാന്‍ തുരങ്കം: പരാതി പറയാനെത്തിയ നാട്ടുകാരെ ഉദ്യോഗസ്ഥര്‍ അവഗണിച്ചു

വടക്കഞ്ചേരി: നിര്‍മാണ പ്രവൃത്തി നടക്കുന്ന കുതിരാന്‍ തുരങ്കം ദേശീയ പാത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കുമെന്ന വിവരത്തെ തുടര്‍ന്ന് പരാതിയുമായെത്തിയ നാട്ടുകാരെ ഉദ്യോഗസ്ഥര്‍ അവഗണിച്ചു. മണിക്കൂറുകളോളം കാത്തുനിന്ന ശേഷമാണ് ദേശീയ പാത അധികൃതര്‍ സ്ഥലത്തെത്തിയത്.
എന്നാല്‍, ചുരുങ്ങിയ സമയം കൊണ്ട് സന്ദര്‍ശനം പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥര്‍ മടങ്ങുകയും ചെയ്തു. രോക്ഷാകുലരായ നാട്ടുകാര്‍ കരാര്‍കമ്പനിയുടെ ജീവനക്കാരനോട് തട്ടി കയറി. നേതാക്കന്മാരുടെ സമയോചിത ഇടപെടല്‍ കാരണമാണ് സംഘര്‍ഷം ഒഴിവായത്. ദേശീയ പാത അതോറിറ്റി  റീജ്യനല്‍ ഓഫിസര്‍ രാജ് പുരോഹിതിന്റെ നേതൃത്വത്തില്‍ അധികൃതര്‍ തുരങ്കം സന്ദര്‍ശിക്കുമെന്ന അറിയിപ്പിനെ തുടര്‍ന്നാണ് നാട്ടുകാര്‍ രാവിലെ തന്നെ ഇവിടെയെത്തിയത്.
സമാന്തര പാത നിലനിര്‍ത്തണമെന്നും തുരങ്ക മുഖത്തിന് സമീപം ബസ് സ്റ്റോപ്പ് അനുവദിക്കണമെന്നും ആവിശ്യപെട്ട് നാട്ടുകാര്‍ കഴിഞ്ഞ അഞ്ചുദിവസമായി നിര്‍മാണം തടസപ്പെടുത്തി പ്രതിഷേധിക്കുകയാണ്. ആവിശ്യം ദേശീയ പാത അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താനായിരുന്നു നാട്ടുകാര്‍ കാത്തിരുന്നത്.
ഉച്ച രണ്ടുമണിക്കെത്തി ദേശീയ പാത അധികൃതര്‍ സന്ദര്‍ശനം നടത്തിയതാവട്ടെ വഴിക്കുമ്പാറ ദിശയിലുള്ള തുരങ്ക മുഖത്തും. ഇതോടെ നാട്ടുകാര്‍ അങ്ങോട്ടേക്ക് കുതിച്ചെങ്കിലും ഇവരെ കണ്ടതോടെ ദേശീയ പാത അധികൃതര്‍ സ്ഥലം വിട്ടു. ഇതോടെയാണ് നാട്ടുകാരുടെ രോഷം അണപൊട്ടിയത്. കമ്പനി പ്രിതിനിധിയോട് തട്ടിക്കയറിയ നാട്ടുകാര്‍ ജനങ്ങളുടെ ആശങ്ക പരിഹരിച്ച ശേഷമേ തുരങ്ക നിര്‍മാണം പുനരാരംഭിക്കാന്‍ അനുവദിക്കൂ എന്ന് വ്യക്തമാക്കി.
Next Story

RELATED STORIES

Share it