Flash News

കുതിരക്കച്ചവടത്തിന് തടയിട്ട് സുപ്രിംകോടതി

സിദ്ദീഖ് കാപ്പന്‍
ന്യൂഡല്‍ഹി: ഭീഷണിയിലൂടെയും പ്രലോഭനങ്ങളിലൂടെയും കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ അടര്‍ത്തിയെടുത്ത് ഭൂരിപക്ഷം നേടിയെടുക്കാനുള്ള ബിജെപി ശ്രമത്തിന് തടയിട്ട് സുപ്രിംകോടതി. കര്‍ണാടകയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ബി എസ് യെദ്യൂരപ്പ ഇന്ന് നാലു മണിക്ക് ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ എ കെ സിക്രി, എസ് എ ബോബ്‌ഡെ, അശോക് ഭൂഷന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം. കുതിരക്കച്ചവടത്തിന് സമയം നല്‍കാതിരിക്കുകയാണ് കോടതി ഇതിലൂടെ ലക്ഷ്യമിട്ടത്.
കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ക്ഷണിച്ച ഗവര്‍ണര്‍ വാജുഭായ് വാലയുടെ നടപടിക്കെതിരേ കോണ്‍ഗ്രസും ജെഡിഎസും നല്‍കിയ ഹരജിയിലാണ് ഉത്തരവ്. വിശ്വാസ വോട്ടെടുപ്പിന് കൂടുതല്‍ സമയം അനുവദിക്കണം, രഹസ്യ ബാലറ്റ് വേണം തുടങ്ങിയ ബിജെപിയുടെ ആവശ്യങ്ങള്‍ കോടതി അംഗീകരിച്ചില്ല.
സര്‍ക്കാരിയ കമ്മീഷന്‍ റിപോര്‍ട്ട് അനുസരിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുന്നതില്‍ തെറ്റില്ലെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞദിവസം അര്‍ധരാത്രിക്കുശേഷം കോണ്‍ഗ്രസും ജെഡിഎസും നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കവെ, യെദ്യൂരപ്പ ഗവര്‍ണര്‍ക്കു നല്‍കിയ കത്തുകള്‍ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് മുകുള്‍ രോഹ്തഗി ഹാജരാക്കിയ കത്തില്‍ എംഎല്‍എമാരുടെ പേരുകള്‍ പരാമര്‍ശിച്ചിട്ടില്ല. പേരുകള്‍ വെളിപ്പെടുത്തേണ്ടതില്ലെന്നായിരുന്നു രോഹ്തഗിയുടെ വാദം. സര്‍ക്കാരിയ കമ്മീഷന്‍ റിപോര്‍ട്ടില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാമെന്നു പറയുന്നുണ്ട്. എന്നാല്‍, തിരഞ്ഞെടുപ്പിനു മുമ്പ് സഖ്യം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിനു കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതുണ്ട്. പക്ഷേ, തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യമാണെങ്കില്‍ അത് ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ താഴെ മാത്രമേ വരൂ. കര്‍ണാടകയിലെ സാഹചര്യം പരിശോധിക്കുമ്പോള്‍ എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തുകയാണ് വേണ്ടതെന്നും ബെഞ്ച് പറഞ്ഞു.
Next Story

RELATED STORIES

Share it