malappuram local

കുണ്ട്‌ലാംപാടത്തെ വിദ്യാര്‍ഥികളുടെ ദുരിതയാത്രയ്ക്ക് ഇനിയും അറുതിയായില്ല

കാളികാവ്: കുണ്ട്‌ലാംപാടത്തെ വിദ്യാര്‍ഥികളുടെ ദുരിതയാത്രക്ക് ഇനിയും ശാശ്വത പരിഹാരമായില്ല. കാളികാവ് തുവ്വൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചെങ്കോട് തേക്കുംപൊട്ടിയില്‍ ഇതോടെ 17ാം തവണയും നാട്ടുകാര്‍ മരപ്പാലം നിര്‍മിച്ചു.
ചെങ്കോട് പുഴ എന്നറിയപ്പെടുന്ന കല്ലംപുഴയ്ക്ക് കുറുകെ ഒരുപാലം എന്ന ആവശ്യവുമായി ഒന്നരപ്പതിറ്റാണ്ടിലേറെ കുണ്ട്‌ലാംപാടത്തുകാര്‍ മരങ്ങള്‍ കൊണ്ട് തൂക്കുപാലം നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടുത്തുകാര്‍ കാളികാവ് ടൗണിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. കാളികാവിനോട് അടുത്ത് നില്‍ക്കുന്ന പ്രദേശമാണ് കുണ്ട്‌ലാംപാടം. എന്നാല്‍, ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്‍ കാരണം കാളികാവിലേക്ക് എത്തിപ്പെടാന്‍ ഏറെ ദൂരം ചുറ്റണം. തേക്കുംപൊട്ടിയില്‍ ഒരു പാലം വന്നുകഴിഞ്ഞാല്‍ ഏകദേശം ഒന്നരക്കിലോമീറ്റര്‍ കൊണ്ട് കാളികാവിലേക്ക് എത്താന്‍ കഴിയും. അതേസമയം, ഇപ്പോള്‍ ഏകദേശം എട്ടു കിലോമീറ്ററിലേറെ ചുറ്റി സഞ്ചരിച്ചാണ് കാളികാവിലേക്ക് കുണ്ട്‌ലാംപാടത്തുകാര്‍ എത്തുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷമായി തുവ്വൂര്‍ ഗ്രാമപ്പഞ്ചായത്ത് പതിനായിരം രൂപ ഫണ്ട് അനുവദിച്ച് സഹായിച്ചത് നാട്ടുകാര്‍ക്ക് ആശ്വാസമായിരിക്കുകയാണ്. കഴിഞ്ഞ 14 തവണയും ഇവിടെത്തെ നാട്ടുകാരും ക്ലബ് പ്രവര്‍ത്തകരും പണം പിരിച്ചെടുത്താണ് തൂക്കുപാലം നിര്‍മിക്കാറുള്ളത്.
ഓരോ വര്‍ഷവും പതിനയ്യായിരത്തിലധികം രൂപ ചിലവുവരുന്ന പാലം നിര്‍മിക്കുക എന്നത് നാട്ടുകാര്‍ക്ക് ബാധ്യതയാണ്. ഒരുപാലമെന്ന കാത്തിരിപ്പിന് മുന്നില്‍ ബന്ധപെട്ടവര്‍ കണ്ണുതുറക്കും എന്ന പ്രതീക്ഷയിലാണ് കുണ്ട്‌ലാംപാടം, നീലാഞ്ചേരി, പാറക്കടവ്, കൂരിമുണ്ട എന്നീ പ്രദേശത്തുകാര്‍.
Next Story

RELATED STORIES

Share it