kannur local

കുണ്ടൂര്‍മലയിലെ സിബിഎസ്ഇ സ്‌കൂള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

തലശ്ശേരി: കുണ്ടൂര്‍മലയില്‍ 23 വര്‍ഷത്തോളമായി മികച്ച നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ടി വി സുകുമാരന്‍ പബ്ലിക് സ്‌കൂള്‍ സിബിഎസ്ഇ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. സ്ഥാപനം സാമ്പത്തികമായി ലാഭകരമല്ലെന്ന വാദം ഉന്നയിച്ചാണ് മാനോജ്‌മെന്റ് അടച്ചുപൂട്ടാന്‍ നീക്കം നടത്തുന്നതെന്ന് പിടിഎ ഭാരവാഹികള്‍ ആരോപിച്ചു. 23 വര്‍ഷത്തോളമായി സിബിഎസ്ഇയില്‍ അഫിലിയേറ്റ് ചെയ്ത വിദ്യാലയത്തിലെ വിദ്യാര്‍ഥികളുടെ ഫലം പ്രസിദ്ധീകരിക്കേണ്ടത് കഴിഞ്ഞ ദിവസമാണെങ്കിലും ഇന്നലെ രക്ഷിതാക്കളും വിദ്യാര്‍ഥികളും ഫലം ശേഖരിക്കാന്‍ ഓഫിസിലെത്തിയപ്പോഴാണ് അടച്ചുപൂട്ടിയത് ശ്രദ്ധയില്‍പെട്ടത്.
സ്ഥാപനം അടച്ചുപൂട്ടണമെന്ന താല്‍പര്യത്തെ തുടര്‍ന്ന് സ്‌കൂള്‍ സാമ്പത്തികമായി നഷ്ടത്തിലാണെന്നും അതിനാല്‍ അഫിലിയേഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഎസ്ഇ അധികൃതര്‍ക്ക് കത്ത് നല്‍കുകയും ചെയ്തതായി പിടിഎ പറയുന്നു. ഇതേ തുടര്‍ന്നാണ് മാനേജ്‌മെന്റ് നീക്കത്തിനെതിരേ സ്‌കൂളിലെ അധ്യാപകരും രക്ഷിതാക്കളും ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ 26ന് ഹൈക്കോടതി റിട്ട് പരിഗണിക്കും. അതിനിടെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തലശ്ശേരി കോടതിയിലും അടച്ചുപൂട്ടലിനെതിരേ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
ടി വി സുകുമാരന്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ ജാനകി രണ്ടേക്കറില്‍ പരം സ്ഥലവും അതിനകത്ത് ഒരു കെട്ടിടവും സ്‌കൂള്‍ മാനേജ്‌മെന്റിന് കൈമാറിയിരുന്നു. ഇതിനായി രൂപീകരിച്ച ട്രസ്റ്റിന് കീഴിലാണ് നിലവില്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. നേരത്തേ 89 കുട്ടികള്‍ ഉണ്ടായിരുന്ന സ്ഥാപനത്തില്‍ നിലവില്‍ 131 കുട്ടികളായി ഉയര്‍ന്നിട്ടുണ്ട്.
നഷ്ടം നികത്താന്‍ രക്ഷാകര്‍ത്താക്കള്‍ സ്വയം സന്നദ്ധ പ്രകടിപ്പിച്ചിട്ടും മാനേജ്‌മെന്റ് അതിന് തയ്യാറാവാതെ സ്ഥാപനം അടച്ചുപൂട്ടാന്‍ താല്‍പര്യപ്പെടുന്നത് മറ്റു സാമ്പത്തിക താല്‍പര്യങ്ങള്‍ക്കായി നിലവിലുള്ള കെട്ടിടവും ഭൂമിയും ഉപയോഗിക്കുകയെന്ന ലക്ഷ്യമാണെന്നും രക്ഷിതാക്കള്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. നിലവിലുള്ള സ്‌കൂള്‍ കെട്ടിടത്തിന്റെ തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന നാലേക്കറോളം ഭൂമി ഇതിനകം തന്നെ നിലവിലുള്ള മാനേജ്‌മെന്റ് കൈവശപ്പെടുത്താനുള്ള ശ്രമം നടത്തിയിട്ടുണ്ടെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.
നിലവിലുള്ള സ്‌കൂള്‍ അടച്ചു പൂട്ടി ഹോസ്റ്റല്‍ സമുച്ഛയവും വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അനക്‌സും പണിയാന്‍ ശ്രമം നടത്തുന്നെണ്ടെന്നും രക്ഷിതാക്കള്‍ പരോക്ഷമായി സൂചിപ്പിച്ചിട്ടുണ്ട്. നിലവില്‍ അധ്യാപകരും മറ്റുമായി ഇരുപതോളം പേരാണ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത്.
Next Story

RELATED STORIES

Share it