kozhikode local

കുണ്ടായിത്തോട് വന്‍തീപ്പിടിത്തം; രണ്ട് കടകള്‍ കത്തിനശിച്ചു

കോഴിക്കോട്: കുണ്ടായിത്തോട് കടകളില്‍ വന്‍ തീപ്പിടിത്തം. അബ്ദുള്‍ ഹഫ്‌സലിന്റെ ഉടമസ്ഥതയിലുളള ഹോട്ടല്‍ എരഞ്ഞിക്കല്‍, ജലീലിന്റെ ഉടമസ്ഥതയിലുളള ലൈറ്റ് ആന്റ് സൗണ്ട് കടയായ റാഹത്ത് എന്നിവയ്ക്കാണ് തീപിടിച്ചത്. ഹോട്ടലില്‍ നിന്ന് പടര്‍ന്ന തീ പിന്നീട് തൊട്ടടുത്ത കടകളിലേയ്ക്ക് പടരുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആളപായമില്ല. വന്‍ദുരന്തമുണ്ടാകാന്‍ സാധ്യതയുണ്ടായിരുന്നുവെന്നു മീഞ്ചന്ത ഫയര്‍ സര്‍വീസ് അധികൃതര്‍ പറഞ്ഞു. തീപിടിച്ച കടകളുടെ തൊട്ടടുത്ത് തന്നെ വന്‍ പടക്കകടയുണ്ട്. പടക്കത്തിന്റെ മൊത്തക്കച്ചവടം നടക്കുന്ന കടയാണിത്.
ഹോട്ടലില്‍ നിന്നുള്ള സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തൊട്ടടുത്ത ലൈറ്റ് ആന്റ് സൗണ്ട് കടയിലേയ്ക്ക് തീ പടരുകയായിരുന്നു. ഈ കടയ്ക്ക് സമീപമുള്ള പടക്ക ഗോഡൗണിലേക്ക് തീപടരുമോയെന്ന ആശങ്ക രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തിയിരുന്നു. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയര്‍ സര്‍വ്വീസ് അധികൃതര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ഹോട്ടലിനുളളിലെ ഒരു ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. എന്നാല്‍ ഇതിന് അഭിമുഖമായി ഷട്ടര്‍ അടഞ്ഞുകിടന്നതുകൊണ്ട് അപകടം ഒഴിവായി. 35 മീറ്റളോളം ഉയരത്തില്‍ തീ ഉയര്‍ന്നുപൊങ്ങിയതായി ഫയര്‍ സര്‍വ്വീസ് അധികൃതര്‍ പറഞ്ഞു. ദിവസങ്ങളായി അടഞ്ഞുകിടക്കുകയായിരുന്ന ഹോട്ടലിലെ മൂന്ന് ഗ്യാസ് സിലിണ്ടറുകളുണ്ടായിരുന്നു.റഫ്രിജറേറ്റര്‍ , ഫാനുകള്‍ തുടങ്ങിയവയും കത്തിനശിച്ചു. ലൈറ്റ് ആന്റ് സൗണ്ട്‌സില ജനറേറ്റര്‍, ആംപ്ലിഫയറുകള്‍, കാബിനുകള്‍, സൗണ്ട് സിസ്റ്റം, ട്യൂബ് ലൈറ്റുകള്‍, ഡിം ലൈറ്റ് തുടങ്ങിയവയും കത്തിനശിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ നാട്ടുകാരും ഫയര്‍സര്‍വീസ് അധികൃതരും രക്ഷപ്പെടുകയായിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മീഞ്ചന്ത ഫയര്‍ ഓഫിസര്‍ അരുണ്‍ ഭാസ്‌കര്‍, മീഞ്ചന്ത സ്‌റ്റേഷന്‍ ഓഫിസര്‍ പനോത്ത് അജിത്ത് കുമാര്‍, അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍മാരായ വി കെ ബിജു, പി കെ ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it